2014-03-12 19:11:06

ആധുനിക യുഗത്തിലേയ്ക്ക്
സഭയെ നയിച്ച പാപ്പാമാര്‍


12 മാര്‍ച്ച് 2014, റോം
ആധുനിക യുഗത്തില്‍ സഭയെ നയിച്ചവരാണ് വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാമാരെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.
സഭാ പഠനങ്ങള്‍ ആധുനിക ലോകത്തിന് പ്രസക്തമാക്കുകയായിരുന്നു ജോണ്‍ 23-ാമന്‍ പാപ്പായുടെ ലക്ഷൃമെന്നും, അതിനായി അദ്ദേഹത്തിന്‍റെ മനസ്സില്‍ പരിശുദ്ധാത്മാവ് വിരിയിച്ച പദ്ധതിയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസെന്നും ഏപ്രില്‍ 22-ന് നടക്കുവാന്‍ പോകുന്ന നാമകരണ നടപടികള്‍ക്ക് ആമുഖമായി
വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറള്‍, പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സാധാരണ ജനങ്ങളുമായി വത്സല്യത്തോടെ ഇടപെട്ടുകൊണ്ടും, ഭരണത്തിന്‍റെ ഹ്രസ്വമായി കാലയളവില്‍ത്തന്നെ നിരവധി ഇടവകകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ചുകൊണ്ട്, പത്രോസിന്‍റെ പരാമാധികാരത്തിന്‍റെ അജപാലനസ്വഭാവം ഏറെ പ്രകടമാക്കിയ പുണ്യാത്മാവായിരുന്നു പാപ്പാ റങ്കോളിയെന്നും വത്തിക്കാന്‍ റേഡിയോയുടെ പഠനം സമര്‍ത്ഥിച്ചു.

നീണ്ട 26 വര്‍ഷത്തെ അജപാന ശുശ്രൂഷകൊണ്ട് ക്രിസ്തു സ്നേഹത്തിന്‍റെ വിശ്വതീര്‍ത്ഥാടകനായ പാപ്പായാണ് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെന്നും, ആധുനികയുഗത്തില്‍ സഭയെ നയിക്കാന്‍ അകലെനിന്നും വന്ന ആദ്യത്തെ ഇറ്റലിക്കാരനല്ലാത്ത പത്രോസിന്‍റെ പിന്‍ഗാമിയും ജോണ്‍ പോള്‍ രണ്ടാമനായിരുന്നെന്നും വത്തിക്കാന്‍ റോഡിയോയുടെ വാര്‍ത്താബ്യൂറോ പുറത്തിറക്കിയ ഫാദര്‍ ലൊമ്പാര്‍ഡിയുടെ പ്രസ്താവന വെളിപ്പെടുത്തി.

കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ സ്ഥാപിക്കുന്ന സ്വാധികാര പ്രബോധനം ‘familia a Deo instituta’ 1981 മെയ് 13-ാം തിയതി പ്രസിദ്ധീകരിക്കുകയും, കുടുംബത്തെയും വൈവാഹിക ജീവിതത്തെയും കുറിച്ചു പഠിക്കുവാനും പഠിപ്പിക്കുവാനുമായി പൊന്തിഫിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് ആരംഭിക്കുകയും ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ നടത്തവേയാണ് പാപ്പാ വെടിയേറ്റു വീണതെന്നും, ലോകത്തോടും സമൂഹത്തിന് അടിസ്ഥാനമായ കുടുംബങ്ങളോടുമുള്ള സഭയുടെ അജപാലനസ്നേഹം തന്‍റെ രക്തത്താലാണ് അന്നാളില്‍ പാപ്പാ വോയ്ത്തീവ മുദ്രണംചെയ്തതെന്നും ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു.








All the contents on this site are copyrighted ©.