2014-03-11 17:44:18

ഫിലാഡെൽഫിയ ആഗോള കുടുംബ സംഗമത്തിന് ഒരുക്കമാരംഭിച്ചു


11 മാർച്ച് 2014, ഫിലാഡെൽഫിയ
ആഗോള കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ ഫിലാഡെൽഫിയയിൽ ആരംഭിച്ചു. 2015 സെപ്തംബർ 22 മുതൽ 27 വരെയാണ് ലോക കുടുംബ സംഗമം ഫിലാഡെൽഫിയയിൽ നടക്കുക. ആഗോളതലത്തില്‍ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എട്ടാമതു ലോക കുടുംബസംഗമത്തില്‍ വേദിയൊരുക്കാന്‍ ഫിലാഡല്‍ഫിയ നഗരവും അതിരൂപതയും തയാറെടുത്തുകൊണ്ടിരിക്കുകയാണ്. കുടുംബ സംഗമത്തിന്‍റെ സംഘാടനത്തെ സംബന്ധിച്ച ചർച്ചകൾക്കായി, അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് ചാള്‍സ് ഷപ്യുവിന്‍റെ നേതൃത്വത്തിൽ രൂപതാതല ആസൂത്രണ സമിതി മാർച്ച് 24 -26 വരെ റോം സന്ദർശിക്കുമെന്ന് ഫിലാഡെൽഫിയാ രൂപത ഒരു വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആഗോള കുടുംബസംഗമത്തിന്‍റെ നടത്തിപ്പുകളെക്കുറിച്ച് വിവിധ വത്തിക്കാൻ കാര്യാലയങ്ങളുമായി ചർച്ച ചെയ്യുന്ന പ്രതിനിധി സംഘത്തിന് ഫ്രാൻസിസ് പാപ്പ ഒരു പ്രത്യേക കൂടിക്കാഴ്ച്ച അനുവദിച്ചിട്ടുണ്ട്. ആഗോള കുടുംബ സംഗമത്തിന് നേതൃത്വം നൽകാൻ മാർപാപ്പയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അതിരൂപതാവൃത്തങ്ങൾ വെളിപ്പെടുത്തി.

150 രാഷ്ട്രങ്ങളില്‍നിന്നായി പതിനായിരക്കണക്കിന് വിശ്വാസികള്‍ ഫിലാഡല്‍ഫിയ കുടുംബസംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2012 ജൂണില്‍ ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ നടന്ന ഏഴാമത് കുടുംബസംഗമത്തിന്‍റെ സമാപനദിവസം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായാണ് അടുത്ത സംഗമ വേദി വടക്കെ അമേരിക്കയിലെ ഫിലാഡെൽഫിയ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ലോക കുടുംബ സംഗമത്തിന്‍റെ വിശദാംശങ്ങൾ www.worldmeeting2015.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.