2014-03-11 17:44:25

'കുടുംബത്തിന്‍റെ സുവിശേഷം': കർദിനാൾ കാസ്പറുടെ വിചിന്തനം


11 മാർച്ച് 2014, റോം
കർദിനാൾമാരുടെ യോഗത്തിൽ ‘കുടുംബം’ എന്ന വിഷയത്തെ സംബന്ധിച്ച് കർദിനാൾ വാൾട്ടർ കാസ്പർ പങ്കുവയ്ച്ച ധ്യാന ചിന്തകൾ പുസ്തക രൂപത്തിൽ പുറത്തിറങ്ങുന്നു. ഒക്ടോബർ മാസത്തിൽ നടക്കുന്ന അസാധാരണ സിനഡു സമ്മേളനത്തിനു മുന്നോടിയായി, ഫെബ്രുവരി മാസത്തിൽ വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗം ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. സഭൈക്യ കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ മുൻ അദ്ധ്യക്ഷൻ കർദിനാൾ കാസ്പറാണ് യോഗത്തിൽ വിഷയാവതരണം നടത്തിയത്. യോഗത്തിൽ കർദിനാൾ കാസ്പർ പങ്കുവയ്ച്ച വിചിന്തനം ‘കുടുംബ സുവിശേഷം’ (The Gospel of the Family) എന്ന ശീർഷകത്തിൽ ഇറ്റാലിയൻ , ജർമ്മൻ ഭാഷകളിലാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്. ഈയാഴ്ച്ച അവസാനത്തോടെ പുസ്തകം വിതരണത്തിനെത്തും.

വിവാഹ മോചനം നേടിയവരേയും പുനർവിവാഹിതരേയും സഹായിക്കാൻ സഭ സന്നദ്ധമായിരിക്കണമെന്ന് കർദിനാൾ കാസ്പർ കർദിനാൾമാരുടെ യോഗത്തിൽ പറഞ്ഞത് അന്തർദേശീയ മാധ്യമങ്ങൾ വൻപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം, വിവാഹ മോചനത്തേയും പുനർവിവാഹത്തേയും കുറിച്ചു സംസാരിക്കുകയായിരുന്നില്ല തന്‍റെ ഉദേശമെന്ന് കർദിനാൾ കാസ്പർ വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പ്രസ്താവിച്ചു. കുടുംബത്തിന്‍റെ സുവിശേഷത്തെക്കുറിച്ച് സംസാരിക്കാനാണ് ആഗ്രഹിച്ചത്.
കുടുംബജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചുള്ള ദൈവശാസ്ത്ര ദർശനം അവതരിപ്പിക്കുകയായിരുന്നു തന്‍റെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹത്തിന്‍റെ അലംഘനീയതയെ സംബന്ധിച്ച പരമ്പരാഗത സഭാ പ്രബോധനങ്ങളോട് വിശ്വസ്തമായി നിലകൊള്ളുന്നതോടൊപ്പം കുടുംബ ജീവിതത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ ‘സഹായിക്കാനും, പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും’ സഭയ്ക്ക് സാധിക്കണമെന്ന് കർദിനാൾ കാസ്പർ അഭിപ്രായപ്പെട്ടു. അടിയന്തര പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് തുറന്ന സംവാദമാണ് കർദിനാൾമാരുടെ യോഗത്തിൽ പാപ്പ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ യുവജനങ്ങളിൽ ബഹുഭൂരിഭാഗവും സുസ്ഥിരമായ ബന്ധങ്ങളും സുരക്ഷിതമായ കുടുംബ ജീവിതവും ആഗ്രഹിക്കുന്നവരാണ്. അവരെ സഹായിക്കാൻ സഭയ്ക്ക് കടമയുണ്ട്. കുടുംബ ജീവിതത്തെ സംബന്ധിച്ച കൂടുതൽ ആഴമേറിയതും നൂതനവുമായ ദൈവശാസ്ത്ര ദർശനം അവതരിപ്പിക്കുകയായിരുന്നു തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.