2014-03-10 18:49:40

‘ദൈവപുത്രന്‍’
വെള്ളിത്തിരയിലെ വിസ്മയമായി


11 മാര്‍ച്ച് 2014, ന്യൂയോര്‍ക്ക്
വെള്ളിത്തിരയിലെ വിസ്മയമായി വീണ്ടും ക്രിസ്തുവിന്‍റെ സിനിമ ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. ഡ്യോഗോ മൊര്‍ദാഗോ എന്ന പോര്‍ച്ചുഗീസ് നടന്‍ ക്രിസ്തുവിന്‍റെ വേഷമിടുന്ന ഹോളിവൂഡ് ചിത്രം - Son of God ദൈവപുത്രനാണ് ദൃശ്യവിസ്മയമായിരിക്കുന്നത്.

ഫെബ്രുവരി 28-ാം തിയതി അമേരിക്കയില്‍ പ്രദര്‍ശനമാരംഭിച്ച സിനിമ കന്നിപ്രദര്‍ശനത്തില്‍തന്നെ കോടികള്‍ വാരിക്കൊണ്ട് box office hit ചിത്രമായി മാറിക്കഴിഞ്ഞു. എല്ലാവര്‍ക്കും അറിയാവുന്ന കഥ, അഭിനയപാടവംകൊണ്ടും, അവതരണ ശൈലികൊണ്ടും, സംവിധായകന്‍റെ മികവുകൊണ്ടും, നവസാങ്കേതികതകൊണ്ടും മികവുറ്റതാണെന്ന് ബ്രോഡുവേയിലെ പ്രഥമപ്രദര്‍ശനത്തില്‍ ചിത്രം കണ്ട, കലാകാരനും നിരൂപകനുമായ ഫാദര്‍ തദേവൂസ് അരവിന്ദത്ത് ടെലിഫോണ്‍ അഭിമുഖത്തിലൂടെ വത്തിക്കാന്‍ റോഡിയോയെ അറിയിച്ചു.
ക്രിസ്റ്റഫര്‍ സ്പെന്‍സര്‍ സംവിധാനംചെയ്ത സിനിമയുടെ നിര്‍മ്മാതാക്കള്‍ മാര്‍ക്ക് ബേര്‍നെറ്റും, റോമാ ഡൗനിയുമാണ്. പാവ്ളോ പസ്സൊളീന്, ഫ്രാങ്കോ സെഫിറേല്ല്, മെല്‍ഗിബ്സണ്‍ എന്നിവരുടെ പ്രശസ്തമായ ക്രിസ്തുചരിതത്തിനു ശേഷം വെള്ളിത്തിരയില്‍ തെളിയുന്ന ക്രിസ്തുവിന്‍റെ ഐതിഹാസിക ചിത്രമായി Son God-നെ വിലയിരുത്താമെന്നും ഫാദര്‍ അരവിന്ദത്ത് അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

ക്രിസ്തുവായ വേഷമിട്ടിട്ടുള്ള വിവിധ കലാകാരന്മാരെ പഠിച്ചും, അവസാനം ക്രിസ്തു ജീവിച്ച മണ്ണില്‍ ജീവിച്ചും പ്രാര്‍ത്ഥിച്ചും പഠിച്ചുമാണ് താന്‍ മുഖ്യകഥാപാത്രത്തോട് വിശ്വസ്തത പുലര്‍ത്താന്‍ ശ്രമിച്ചതെന്നും, മാത്രമല്ല ക്രിസ്തു തിന്‍റെ ജീവിതത്തെ മാറ്റി മറിച്ചിണ്ടെന്നും, ചുറ്റുമുള്ള ലോകത്തോടട് പ്രതികരിക്കുന്ന തന്‍റെ ജീവിതക്രമത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ ക്രിസ്തുവെന്ന കഥാപാത്രം സൃഷ്ടിച്ചുവെന്നും ഡ്യോഗോ മെര്‍ദാഗോ ലിസ്ബണില്‍ മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

അമേരിക്കയിലെ പ്രശസ്തമായ History Channel നിര്‍മ്മിച്ച ക്രിസ്തുവിന്‍റെ വിസ്തരിച്ചുള്ള ജീവിചരിത്രമാണ് 138 മിനിറ്റായി ക്രിസ്റ്റഫര്‍ സ്പെന്‍സര്‍ എഡിറ്റ് ചെയ്ത് പ്രേക്ഷകസഹസ്രങ്ങള്‍ക്ക് ഈ തപസ്സുകാലത്ത് എത്തിച്ചിരിക്കുന്നത്.
______________________________
Report : Nellikal, Vatican Radio








All the contents on this site are copyrighted ©.