2014-03-07 13:33:35

പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കുന്ന
തപസ്സുകാല ചിന്തകള്‍


7 മാര്‍ച്ച് 2014, വത്തിക്കാന്‍
വിഭൂതിത്തിരുനാളില്‍ റോമിലെ അവന്തൈന്‍ കുന്നിലുള്ള വിശുദ്ധ സബീനയുടെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പാ നല്കിയ സുവിശേഷ പരിചിന്തനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

1. ആമുഖം
“നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്.” (ജോയേല്‍ 2, 13).
ഉള്‍ക്കാഴ്ചയുള്ള പ്രവാചക വചനത്തിലൂടെ കൃപയുടെ ഇക്കാലയളവിലെ സവിശേഷത ഹൃദയ പരിവര്‍ത്തനമാണെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് ആരാധനക്രമം നമ്മെ തപസ്സുകാലത്തേയ്ക്കു ക്ഷണിക്കുന്നത്. ഈ പ്രവാചകാഹ്വാനം നമുക്കേവര്‍ക്കുമുള്ള വെല്ലുവിളിയാണ്. മാനസാന്തരത്തെ ബാഹ്യവും ഉപരിപ്ലവുമായ നിര്‍ദ്ദേശങ്ങളോ നിയോഗങ്ങളോ മാത്രമായി ചുരുക്കാതെ, അത് വ്യക്തിയുടെ കേന്ദ്രബിന്ദുവായ മനസ്സാക്ഷിയുമായി ബന്ധപ്പെടുത്തിക്കൊണ്ട്, നമ്മുടെ അസ്തിത്വത്തെ പരിവര്‍ത്തനംചെയ്യുവാനും നവീകരിക്കുവാനുമാണ് തപസ്സുകാലത്ത് പരിശ്രമിക്കേണ്ടത്. പതിവുകള്‍ക്കപ്പുറം, നമ്മുടെ കണ്ണുംകാതും തുറന്നും, സര്‍വ്വോപരി ഹൃദയം തുറന്നും ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേയ്ക്ക് എത്തിനോക്കാനുള്ള ക്ഷണമാണ് തപസ്സുകാലം. ദൈവത്തിനും സഹോദരങ്ങള്‍ക്കുമായി ഹൃദയങ്ങള്‍ തുറക്കാം. കാരണം, ജീവിതവ്യഗ്രതയുടെയും ഉപഭോഗസംസ്ക്കാരത്തിന്‍റെയും കൃത്രിമമായ ലോകത്തു ജീവിക്കുന്നതുകൊണ്ട്, അറിയാതെതന്നെ നമ്മുടെ ജീവിത ചക്രവാളത്തില്‍നിന്നും ദൈവം മങ്ങിമായാന്‍ ഇടയുണ്ട്. ‍ആദൃം ഭാഗികമായും, പിന്നെ പൂര്‍ണ്ണമായും ദൈവികഭാവം അസ്തമിച്ചൊടുങ്ങാനും സാദ്ധ്യതയുണ്ട്. ഈ തപസ്സ് ജീവിത നവീകരണത്തിനുള്ള ഉണര്‍ത്തുവിളിയാണ്.

മനുഷ്യന്‍ സൃഷ്ടിയാണ് സ്രഷ്ടാവല്ല, എന്നാണ് വിശുദ്ധമായ നോമ്പുകാലം നമ്മെ അനുസ്മരിപ്പിക്കുന്നത്. അനുദിന ജീവിതചറ്റുപാടുകളില്‍ ഈ സ്ഥാനഭ്രംശം, വളരെ അധികം പ്രകടമായി വരുന്നുണ്ട്. നാം സൃഷ്ടികളാണെന്ന സത്യംമറന്ന് സ്രഷ്ടാക്കളായി ചമയുകയും, നമ്മുടെ സഹോദരങ്ങള്‍നിന്നും അയല്‍ക്കാരില്‍നിന്നും അകന്നു ജീവിക്കുകയും ചെയ്യുന്നു. ജീവിത പ്രതിസന്ധികളും യാതനകളും നമ്മെ വെല്ലുവിളിക്കുമ്പോള്‍ മാത്രമാണ് മാനസാന്തരത്തിലേക്കുള്ള വഴി തേടുന്നത്. പിന്നെ അത് ക്ലേശങ്ങളുടെയും ത്യാഗങ്ങളുടെയും കുരിശിന്‍റെവഴിയായി മാറുന്നു. ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ദാനധര്‍മ്മത്തിന്‍റെയും ഘടകങ്ങളുളള ആത്മീയയാത്രയുടെ പാതയാണ് ജീവിത നവീകരണത്തിനുള്ള മാര്‍ഗ്ഗമായി ഇന്നത്തെ സുവിശേഷം കാണിച്ചുതരുന്നത് (മത്തായി 6, 1-6, 16-18). ഈ ലോകത്തിന്‍റെ ബാഹ്യമായ പ്രേരണകള്‍ക്ക് നാം കീഴ്പ്പെട്ടുപോകരുതെന്നാണ് തപസ്സാചരണത്തിന് സഹായിക്കുന്ന മൂന്നു ഘടകങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ബാഹ്യമോടിക്ക് അര്‍ത്ഥമില്ലെന്നും മറ്റുള്ളവരുടെ അംഗീകരാത്തിലോ, പ്രശംസയിലോ, താല്ക്കാലിക വിജയത്തിലോ അല്ല ജീവിതമൂല്യം അടങ്ങിയിരിക്കുന്നതെന്നും, മറിച്ച് മനുഷ്യന്‍റെ ആന്തിരികതയിലും ആത്മീയതയിലുമാണതെന്നും അവ നമ്മെ പഠിപ്പിക്കുന്നു.

2. തപസ്സിന് ഉപകരിക്കുന്ന ആദ്യ ഘടകം - പ്രാര്‍ത്ഥന
ക്രൈസ്തവന്‍റെയും ഓരോ വിശ്വാസിയുടെയും ആത്മീയ വളര്‍ച്ചയുടെ ശക്തിയും ഓജസ്സുമാണ് പ്രാര്‍ത്ഥന. ജീവിതത്തിന്‍റെ ബലഹീന നിമിഷങ്ങളിലും മുറിപ്പെടുത്തുന്ന പ്രതിസന്ധികളിലും ഹൃദയത്തെ ബലപ്പെടുത്തി, മക്കള്‍ക്കടുത്ത ആത്മവിശ്വാസത്തോടെ നമുക്ക് ദൈവത്തിങ്കലേയ്ക്കു തിരിയുകയും അനുരഞ്ജനപ്പെടുകയും ചെയ്യാം. ജീവിതത്തിന് നവോത്മേഷവും ഊര്‍ജ്ജവും പകരുന്ന ദൈവത്തിന്‍റെ വിശാലമായ സ്നേഹസാഗരമായ പ്രാര്‍ത്ഥനയിലേയ്ക്ക് തപസുകാലം നമ്മെ ക്ഷണിക്കുന്നു. ആകയാല്‍ ഇത് പ്രാര്‍ത്ഥനയുടെ സമയമായിരിക്കട്ടെ. മാനുഷികവും വിശുദ്ധമായ നമ്മുടെ നിരവധി ആവശ്യങ്ങള്‍ ദൈവം ശ്രവിക്കുന്ന പ്രാര്‍ത്ഥനയുടെ കൂടുതല്‍ തീവ്രവും തീക്ഷ്ണവുമായ യാമമാണിത്. ഇന്ന് ലോകത്തു നാം കാണുന്ന വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യത്തിന്‍റെയും പീഡനങ്ങളുടെയും ആവശ്യങ്ങള്‍ക്കുവേണ്ടിയും യോഗങ്ങള്‍ക്കുവേണ്ടിയും ഇക്കാലയളവില്‍ പ്രത്യേകമായി നമുക്ക് പ്രാര്‍ത്ഥിക്കാം.

3. ഉപവാസമാണ് തപസ്സുകാലത്തെ അര്‍ത്ഥസമ്പൂര്‍ണ്ണമാക്കുന്ന രണ്ടാമത്തെ ഘടകം
ഉപവാസജീവിതത്തെ തപസ്സുകാലത്തിന്‍റെ ഔപചാരികമായ പെരുമാറ്റരീതിയായോ, ചട്ടപ്പടിയായോ മാറ്റരുത്. ഉപവസിക്കുന്നതുകൊണ്ട് എനിക്കൊരു സുഖം തോന്നുന്നു അല്ലെങ്കില്‍ സംതൃപ്തി ലഭിക്കുന്നു. അതുകൊണ്ട് ഞാനങ്ങനെ ചെയ്യുന്നു എന്ന വ്യക്തിനിയോഗത്തിനും വാദത്തിനും വേണ്ടിയാവരുത് ഉപവാസം. നമ്മുടെ സമൃദ്ധിയുടെയും സമ്പത്തിന്‍റെയും സുരക്ഷിതത്വത്തെ സ്പര്‍ശിക്കുന്ന, അല്പമെങ്കിലും ബാധിക്കുന്ന അതിന്‍റെ ആനുകൂല്യം അപരന് അല്ലെങ്കില്‍ അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കുന്ന വിധത്തില്‍ ഞാന്‍ ജീവിക്കുന്നതും എന്‍റെ ജീവിതത്തെ ക്രമപ്പെടുത്തുന്നതുമാണ് യഥാര്‍ത്ഥ ഉപവാസം. സഹോദരന്‍റെ ആവശ്യത്തില്‍ ഓടിയെത്തി അവനെ പരിചരിക്കുന്ന ‘നല്ല സമരിയക്കാര’ന്‍റെ അരൂപിയില്‍ അത് നമ്മെ എത്തിക്കുമെങ്കില്‍ ഉപവാസം അര്‍ത്ഥവത്താണ്.

വലിച്ചെറിയുകയോ ധൂര്‍ത്തടിക്കുയോ ചെയ്യാത്ത രീതിയില്‍ ജീവിതത്തില്‍ മിതത്വം പാലിക്കുവാനും ഉപവാസം നമ്മെ സഹായിക്കും. അങ്ങനെയെങ്കില്‍ അടിസ്ഥാനപരമായി അത് നമ്മെ പങ്കുവ്യ്ക്കലിലേയ്ക്ക് നയിക്കും. പ്രത്യേകിച്ച് പാവങ്ങളോടും ദുര്‍ബലരോടുമുള്ള അനീതിയുടെയും ചൂഷണത്തിന്‍റെയും ഇന്നിന്‍റെ സാമൂഹ്യപരിസരങ്ങളില്‍ അവബോധത്തിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും അനുഭവമായി മാറും വ്യക്തിഗതമായ ഉപവാസം; ഒപ്പം അത് ദൈവത്തിലും അവിടുത്തെ പരിപാലനയിലുമുള്ള വിശ്വാസത്തിന്‍റെയും ആശ്രയബോധത്തിന്‍റെയും പ്രതീകമായി പരിണമിക്കും.

4. ദാനധര്‍മ്മമാണ് തപസ്സിന്‍റെ മൂന്നാം ഘടകം
ദാനധര്‍മ്മം ഔദാര്യമാണ്, ഉദാരതയാണ്. കാരണം ദാനം ചെയ്യുമ്പോള്‍ നാം ഒന്നും തിരികെ പ്രതീക്ഷിക്കുന്നില്ല. ദൈവത്തില്‍നിന്നും നാം എല്ലാം ദാനമായി സ്വീകരിച്ചതാണ് എന്ന അവബോധമുള്ള ക്രിസ്തീയ മനോഭാവവും സ്വഭാവവുമായിരിക്കണം നമ്മെ ദാനധര്‍മ്മത്തിന് പ്രേരിപ്പിക്കേണ്ടത്. നാം അര്‍ഹിക്കാത്തത് പലതും ഔദാര്യത്തോടെ ദൈവം നല്കിയിരിക്കുന്നതിനാല്‍ അവ പങ്കുവയ്ക്കുവാനും സഹോദരങ്ങള്‍ക്ക് കലവറയില്ലാതെ കൊടുക്കുവാനും നാം തയ്യാറാവണം. എല്ലാം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന, അല്ലെങ്കില്‍ ലാഭേച്ഛയുള്ള ക്രയവിക്രയത്തിന്‍റെ ശൈലിയല്ല ദാനം അല്ലെങ്കില്‍ ഔദാര്യം. കച്ചവടമനഃസ്ഥിതിയില്‍ അളന്നു തിട്ടപ്പെടുത്തിയാണ് പൊതുവെ ഇന്നു സമൂഹത്തില്‍ എല്ലാക്കാര്യങ്ങളും നടക്കുന്നത്. ഇവിടെ എല്ലാം എനിക്ക് വാരിക്കൂട്ടണമെന്നും നേടണമെന്നുമുള്ള മനോഭാവമാണ്. ഈ ആര്‍ത്തിയില്‍നിന്നുമുള്ള വിടുതലാണ് ദാനം, ദാനധര്‍മ്മം. എനിക്കുള്ളത് നഷ്ടപ്പെടുമോ എന്ന ഭീതിയില്‍നിന്നുള്ള മോചനവും, പങ്കുവച്ചാല്‍ എന്‍റെ സൗഭാഗ്യം കുറഞ്ഞുപോകുമല്ലോ എന്നുള്ള വിഷാദാത്മകമായ ചിന്തയില്‍ നിന്നുമുള്ള മുക്തിയാണ് ദാനധര്‍മ്മത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ജീവിതത്തിന് നമ്മെ പ്രചോദിപ്പിക്കുന്നത്.

5. ഉപസംഹാരം
ജീവിതത്തിലെ ആത്മീയ മന്ദതയുടെ സടകുടഞ്ഞെഴുന്നേറ്റ് പ്രസരിപ്പോടെ മുന്നേറുവാനുള്ള മാനസാന്തരത്തിന്‍റെ വിളിയാവട്ടെ ഈ തപസ്സുകാലം. “പൂര്‍ണ്ണഹൃദയത്തോടെ എന്നിലേയ്ക്കു തിരിയുക,” (ജോയേല്‍ 2, 12) എന്ന പ്രവാചകാഹ്വാനം നമുക്ക് ഓരോരുത്തര്‍ക്കുമായി ദൈവം ഇക്കാലയളവില്‍ നല്കുന്ന ശക്തവും വ്യക്തവുമായ മാനസാന്തരത്തിന്‍റെ സന്ദേശമാണ്. എന്തുകൊണ്ടാണു നാം ദൈവത്തിങ്കലേയ്ക്കു തിരിയേണ്ടത്? നമ്മുടെ വ്യക്തിജീവിതത്തിലും, സമൂഹത്തിലും, സഭയിലും കുറവുകളുണ്ട്, തെറ്റുകളുണ്ട്. ഇവിടെല്ലാം മാറ്റമുണ്ടാകണം, മാറ്റത്തിന് നാം വിധേയരാകണം. നാം അനുതപിക്കണം, നവജീവന്‍ പ്രാപിക്കണം. മാനസാന്തരത്തിലേയ്ക്കുള്ള ഹൃദ്യമായ പ്രവാചക ശബ്ദത്തിന് കാതോര്‍ക്കേണ്ട സമയമാണ് തപസ്സ്. കാരണം ദൈവം വിശ്വസ്തനും കാരുണ്യവാനും, സര്‍വ്വനന്മയുമാണ്. അവിടുന്ന് ക്ഷമാശീലനും എല്ലാം നവമായി തുടങ്ങാന്‍ സന്നദ്ധനും നമ്മെ സഹായിക്കുന്നവനുമാണ്. ആകയാല്‍ പുത്രസഹജമായ ആത്മവിശ്വാസത്തോടും ബോധ്യത്തോടുംകൂടെ നമുക്ക് പുറപ്പെടാം, തപസ്സ് ആചരിക്കാം!
________________________________________
Translated from the original text by fr. William Nellikal








All the contents on this site are copyrighted ©.