2014-03-06 16:42:56

മാനസാന്തരത്തിന്‍റെ
പ്രവാചകവിളി : തപസ്സ്


6 മാര്‍ച്ച് 2014, വത്തിക്കാന്‍
മാനസാന്തരത്തിലേയ്ക്കുള്ള പ്രവാചകവിളിയാണ് തപസ്സുകാലമെന്ന് പാപ്പ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
മാര്‍ച്ചു 5-ാം തിയതി, വിഭൂതിത്തിരുനാളില്‍ റോമിലെ ആവന്‍റൈന്‍ കുന്നിലുള്ള വിശുദ്ധ സബീനയുടെ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മ്മങ്ങളുടെ മദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
“പൂര്‍ണ്ണഹൃദയത്തോടെ എന്നിലേയ്ക്കു തിരിയുക,” എന്ന ജോയേല്‍ പ്രവാചകന്‍റെ ശബ്ദം,
ഇന്നും ലോകത്തുയരുന്ന ശക്തവും വ്യക്തവുമായ അനുതാപത്തിന്‍റെ ദൈവികസന്ദേശമാണെന്ന് പാപ്പാ വചനസമീക്ഷയില്‍ പ്രസ്താവിച്ചു. മനുഷ്യര്‍ ദൈവത്തിങ്കലേയ്ക്ക് തിരിയണം, കാരണം നമ്മിലും സമൂഹത്തിലും സഭയിലും കുറവുകളുണ്ട്, തെറ്റുകളുണ്ട്. നമ്മില്‍ മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണ്, മാറ്റത്തിന്
നാം വിധേയരാകണം, അങ്ങനെ നാം അനുതാപത്തിലൂടെ ജീവിത നവീകരണം പ്രാപിക്കണമെന്നും തപസ്സാരംഭത്തില്‍ പാപ്പാ ആഹ്വാനംചെയ്തു.

മാനസാന്തരത്തിലേയ്ക്കുള്ള പ്രവാചകന്‍റെ ഹൃദ്യമായ വിളിക്ക് കാതോര്‍ക്കേണ്ട സമയമാണ് തപസ്സെന്നും, ദൈവം വിശ്വസ്തനും കാരുണ്യവാനും, സര്‍വ്വനന്മയുമാണ്. അവിടുന്ന് ക്ഷമാശീലനും എല്ലാം നവമായി തുടങ്ങാന്‍ എപ്പോഴും സന്നദ്ധനുമാണ്. ആകയാല്‍ പുത്രസഹജമായ ആത്മവിശ്വാസത്തോടെ നമുക്ക് പുറപ്പെടാം, പരിശ്രമിക്കാം, ഈ തപസ്സാരംഭിക്കാം, നവീകൃതരാകാം - എന്ന ആഹ്വാനത്തോടെയാണ് തന്‍റെ വചനചിന്തകള്‍
പാപ്പാ ഉപസംഹരിച്ചത്.

“നിങ്ങളുടെ ഹൃദയമാണ്, വസ്ത്രമല്ല കീറേണ്ടത്.” (ജോയേല്‍ 2, 13). ഹൃദയ പരിവര്‍ത്തനമാണ് കൃപയുടെ ഇക്കാലയളവിന്‍റെ സവിശേഷതയെന്ന് ഉള‍ക്കാഴ്ചയുള്ള ഈ പ്രവാചക വചനത്തിലൂടെ നമ്മെ അനുസ്മരിപ്പിച്ചുകൊണ്ടാണ് ആരാധനക്രമം നമ്മെ തപസ്സുകാലത്തേയ്ക്കു ക്ഷണിക്കുന്നത്. ഈ പ്രവാചകാഹ്വാനം നമുക്കേവര്‍ക്കുമുള്ള അപവാദമില്ലാത്ത വെല്ലുവിളിയാവണം. മാനസാന്തരത്തെ ബാഹ്യവും ഉപരിപ്ലവുമായ നിര്‍ദ്ദേശങ്ങളിലേയ്ക്കോ നിയോഗങ്ങളിലേയ്ക്കോ ചുരുക്കാതെ, അത് നമ്മുടെ മനസ്സാക്ഷിയെ സ്പര്‍ശിച്ചുകൊണ്ട് മനുഷ്യാസ്തിത്വത്തെത്തന്നെ പരിവര്‍ത്തനം ചെയ്യേണ്ടതാണ്. പതിവുകള്‍ക്കപ്പുറം, നമ്മുടെ കണ്ണുകളും കാതുകളും തുറന്ന്, സര്‍വ്വോപരി ഹൃദയം തുറന്ന് ജീവിതത്തിന്‍റെ പിന്നാമ്പുറങ്ങളിലേയ്ക്കൊന്ന് എത്തിനോക്കാനുള്ള കാലമാണിതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.