2014-03-06 17:10:00

കുരിശിന്‍റെ പാതയെക്കുറിച്ച്
പാപ്പായുടെ വചനചിന്ത


6 മാര്‍ച്ച് 2014, വത്തിക്കാന്‍
ശൂന്യവത്ക്കരണം ക്രൈസ്തവജീവിതത്തിന്‍റെ ഫലദായകത്വമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.
മാര്‍ച്ച് 6-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തായിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. എളിമ, ഔദാര്യം, മാന്യത എന്നിവ ക്രൈസ്തവര്‍ ജീവിതരീതിയാക്കണമെന്നും കാരണം, ക്രിസ്തു കാണിച്ചു തന്നിരിക്കുന്ന ആദ്യപാത സ്വയം ശൂന്യവത്ക്കരിച്ച കുരിശിന്‍റെ പാതയാണെന്ന് പാപ്പാ പ്രസ്താവിച്ചു.

വിഭൂതിത്തിരുനാള്‍ കഴിഞ്ഞുവരുന്ന ദിവസം സുവിശേഷം അനുസ്മരിപ്പിക്കുന്നത്, ഓരോ ക്രൈസ്തവനും ക്രിസ്തുവിന്‍റെ കുരിശിന്‍റെ പാത പിന്‍ചെല്ലണമെന്നാണെന്ന് പാപ്പാ ആഹ്വാനംചെയ്തു. എല്ലാം എനിക്കും എന്‍റേതും എന്ന് ലോകത്തു കാണുന്ന, ഇന്നിന്‍റെ സ്വാര്‍ത്ഥതയുടെ ചിന്താഗതിക്കു കടകവിരുദ്ധമാണ് ക്രിസ്തു കാണിച്ചുതരുന്ന കുരിശിന്‍റെ പാതയെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

മറ്റുള്ളവരുടെ മുന്നില്‍ വലിയതു ചമയാനും, എല്ലാം പിടിച്ചെടുക്കാനും ശ്രമിക്കുന്ന സ്വാര്‍ത്ഥതയുടെ മനോഭാവം ക്രൈസ്തവന്‍ ഉപേക്ഷിച്ച്, കുരിശിന്‍റെ ഫലദായകത്വമാണ് തേടേണ്ടതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. വിത്ത് നിലത്തു വീണ് അലിഞ്ഞ് ഇല്ലാതാകുമ്പോഴാണ് അത് പുതുജീവന്‍ തുരുന്നത് (യോഹ. 12, 24) എന്ന സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ക്രിസ്തു കാണിച്ചു തരുന്ന ആത്മത്യാഗത്തിന്‍റെയും ആത്മദാനത്തിന്‍റെയും പാതയിലൂടെ ക്രൈസ്തവമക്കള്‍, വിശിഷ്യ തപസ്സിന്‍റെ ഈ ദിനങ്ങളില്‍ ചരിക്കണമെന്ന് വചനസമീക്ഷയിലൂടെ പാപ്പാ ആഹ്വാനംചെയ്തു. ക്രൈസ്തവ ജീവിതത്തിന്‍റെ സന്തോഷവും ഫലദായകത്വവും കുരിശാണെന്നും, ‘ലോകം മുഴുവന്‍ നേടിയാലും മനുഷ്യന് ആത്മനാശം സംഭവിക്കുന്നത് വന്‍വിനാശമായിരിക്കും’ (മത്തായി 16, 26) എന്ന് അനുസ്മരിപ്പിച്ചു കൊണ്ടാണ് പാപ്പാ വചനചിന്തകള്‍ ഉപസംഹരിച്ചത്.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.