2014-03-05 19:04:25

പാരസ്പരീകതയാണ്
സമാധാനത്തിന്‍റെ ബലതന്ത്രം


5 മാര്‍ച്ച് 2014, ബെനിന്‍
പരസ്പരാംഗീകാരമാണ് സമാധാനത്തിന്‍റെ ബലതന്ത്രമെന്ന് മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദാനാള്‍ ഷോണ്‍ ലൂയി താവ്റാന്‍ പ്രസ്താവിച്ചു. പശ്ചിമാഫ്രിക്കയിലെ ബെനിന്‍ സന്ദര്‍ശിക്കവെ, മാര്‍ച്ച് 4-ാം തിയതി ചൊവ്വാഴ്ച തലസ്ഥാന നഗരമായ ന്യൂപോര്‍ട്ടില്‍ നടന്ന മതാന്തര സംവാദ സമ്മേളനത്തിലാണ് കര്‍ദ്ദിനാള്‍ താവ്റാന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

വൈവിധ്യമാര്‍ന്ന പരമ്പാരഗതമ മതങ്ങള്‍ ഇനിയും ആഫ്രിക്കയില്‍ ധാരാളമായി കാണുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ടെന്നും, എന്നാല്‍ പരസ്പരം അംഗീകരിക്കുവാനും, ആരും ആര്‍ക്കും എതിരല്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതുമാണ് എവിടെയും സമാധാനത്തിന് വഴിയൊരുക്കുന്നതെന്നും കര്‍ദ്ദാനാള്‍ പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ രാജ്യങ്ങള്‍ അധികവും യൂദ്ധഭൂമിയായി മാറിയിട്ടുണ്ടെന്നും,
എന്നാല്‍ ഇന്നുവരെ കലാപങ്ങള്‍ക്ക് വേദിയാകാത്ത ബെനിന്‍റെ സാമാധാനാന്തരീക്ഷത്തിനുള്ള കാരണം മതങ്ങളും ചെറിയ സമൂഹങ്ങളും തമ്മിലുള്ള പാരസ്പര്യത്തിന്‍റെ അന്തരീക്ഷമാണെന്നും അഭിനന്ദനപൂര്‍വ്വം കര്‍ദ്ദിനാള്‍ താവ്റാന്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

നാലുദിവസം നീണ്ടുനില്ക്കുന്ന സന്ദര്‍ശനത്തിന്‍റെ അവസാനനാളില്‍ (മാര്‍ച്ച് 5, ബുധനാഴ്ച) ആഫ്രിക്കയുടെ ‘മടക്കമില്ലാത്ത കവാടം’, എന്നറിയപ്പെടുന്ന അടിമക്കച്ചവടത്തിന്‍റെ കേന്ദ്രസ്ഥാനമായിരുന്ന കോന്തനോ സന്ദര്‍ശിക്കുമെന്നും, കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയും, വത്തിക്കാന്‍റെ മതാന്തര സംവാദ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനുമായിരുന്ന അന്തരിച്ച കര്‍ദ്ദിനാള്‍ ബര്‍ണഡീന്‍ ഗാന്ധിന്‍റെ സ്മൃതിമണ്ഡപം സന്ദര്‍ശിക്കുമെന്നും മാര്‍ച്ച് 4-ന് പുറത്തിറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.