2014-03-04 17:39:53

ക്രിസ്തീയ ജീവിതം, കുരിശിന്‍റെ വഴിയിലൂടെയുള്ള തീർത്ഥയാത്ര


04 മാർച്ച് 2014, വത്തിക്കാൻ
സഹനം ക്രിസ്തീയ ജീവിതത്തിൽ ഒഴിച്ചുകൂടാനാവില്ലെന്ന് മാർപാപ്പ സഭാംഗങ്ങളെ ഓർമ്മിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ അർപ്പിച്ച പരിശുദ്ധ കുർബ്ബാനയിൽ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തെക്കുറിച്ചാണ് പാപ്പ മുഖ്യമായും പ്രതിപാദിച്ചത്. ദിവ്യബലി മധ്യേ വായിച്ച സുവിശേഷ ഭാഗം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സമീക്ഷ. തന്നെ അനുഗമിക്കുന്നവർ പീഡിപ്പിക്കപ്പെടുമെന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്.
“യേശു പ്രതിവചിച്ചു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നെ പ്രതിയും സുവിശേഷത്തെ പ്രതിയും ഭവനത്തേയോ സഹോദരൻമാരേയോ, മാതാപിതാക്കളേയോ, മക്കളേയോ, വയലുകളോ, ത്യജിക്കുന്നവരിലാർക്കും ഇവിടെ വച്ചുതന്നെ നൂറിരട്ടി ലഭിക്കാതിരിക്കില്ല - ഭവനങ്ങളും സഹോദരൻമാരും സഹോദരിമാരും മാതാപിതാക്കളും മക്കളും വയലുകളും, അവയോടൊപ്പം പീഡനങ്ങളും” (മാർക്കോസ്10,28).
പീഡനങ്ങള്‍ ക്രൈസ്തവരുടെ ഒരു നേട്ടമാണ്. യേശുവിന്‍റെ അനുയായികളും യേശുവിനെപ്പോലെ പീഡിപ്പിക്കപ്പെടുമെന്ന് പാപ്പ പ്രസ്താവിച്ചു.
ക്രിസ്തുവിന്‍റെ ദൈവികത്വം ലോകത്തിന് അസഹനീയമാണ്. സുവിശേഷപ്രഘോഷണം ലോകത്തിൽ അസഹിഷ്ണുതയുണ്ടാക്കുന്നു. സുവിശേഷഭാഗ്യങ്ങൾ ലോകം അംഗീകരിക്കുന്നില്ല. തന്മൂലം പീഡനങ്ങൾ ആരംഭിക്കും. പീഡനങ്ങൾ ക്രിസ്തീയ ചരിത്രത്തിലുട നീളം തുടരുന്നുണ്ട്. ആദിമ ക്രൈസ്തവർ പീഡിപ്പിക്കപ്പെട്ടതുപോലെ, അറുപതു വർഷം മുൻപ് നാസികളും കമ്മ്യൂണിസ്റ്റുകളും ക്രൈസ്തവർക്കെതിരേ അഴിച്ചു വിട്ട പീഡനങ്ങളും എളുപ്പം വിസ്മരിക്കാവുന്നതല്ല. വിശ്വാസത്തിന്‍റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന അനേകം ക്രൈസ്തവർ ഇന്നുമുണ്ട്. ബൈബിൾ കൈവശം വച്ചതിന്‍റെ പേരിൽ ശിക്ഷിക്കപ്പെടുന്നവർ, കുരിശടയാളം പ്രദർശിപ്പിക്കാൻ അനുവാദമില്ലാത്തവർ അങ്ങനെ ക്രൈസ്തവ പീഡന ചരിത്രം ഇന്നും തുടരുന്നു. സഹനത്തിന്‍റെ ഈ മാർഗ്ഗം ക്രിസ്തുവിന്‍റെ പാതയാണെന്ന് മാർപാപ്പ ക്രൈസ്തവരെ ഉത്ബോധിപ്പിച്ചു. ആനന്ദത്തിന്‍റെ പാതയാണിത്. കാരണം നമുക്ക് സഹിക്കാവുന്നതിലധികം ഭാരം ദൈവം നമുക്കു നൽകുകയില്ല. ക്രിസ്തീയ ജീവിതം വാണിജ്യ നേട്ടമോ, അഭ്യുന്നതിക്കുള്ള മാർഗമോ അല്ല, ക്രിസ്തുവിന്‍റെ പിന്നാലെയുള്ള സഞ്ചാരമാണ്. ക്രിസ്തുവിന്‍റെ ധീരസാക്ഷിയാകാൻ സന്നദ്ധനാണോ എന്ന് നാമോരോരുത്തരും ആത്മപരിശോധന നടത്തണം. വിശ്വാസത്തിന്‍റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരീ സഹോദരൻമാരെ അനുസ്മരിച്ച് അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ സഭാംഗങ്ങളോട് ആവശ്യപ്പെട്ടു.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.