2014-03-03 17:28:04

റൊമാനിയൻ പ്രധാനമന്ത്രിയുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


03 മാർച്ച് 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പ റൊമാനിയയുടെ പ്രധാനമന്ത്രി വിക്ടർ പൊന്‍റയുമായി കൂടിക്കാഴ്ച്ച നടത്തി. ശനിയാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിൽവച്ചായിരുന്നു കൂടിക്കാഴ്ച്ച. റൊമാനിയായിലെ ഓർത്തഡോക്സ് പാത്രിയാർക്കീസിന്‍റെ ആശംസകള്‍ പ്രധാന മന്ത്രി പാപ്പായെ അറിയിച്ചു.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, വിദേശ ബന്ധകാര്യാലയത്തിന്‍റെ സെക്രട്ടറി ആർച്ചുബിഷപ്പ് ഡൊമനിക് മെംമ്പേർത്തി എന്നിവരുമായും പ്രധാനമന്ത്രി വിക്ടർ പൊന്‍റയും സംഘവും കൂടിക്കാഴ്ച്ച നടത്തി. കുടുംബം, വിദ്യാഭ്യാസം, മതസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുക്കൂട്ടരും ചർച്ച ചെയ്തുവെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു. പരിശുദ്ധ സിംഹാസനവും റൊമാനിയയും തമ്മിലുള്ള മികച്ച ഉഭയകക്ഷിബന്ധത്തെക്കുറിച്ചും രാഷ്ട്രത്തിന്‍റെ സാമൂഹ്യ അഭിവൃദ്ധിക്ക് സഭ നൽകുന്ന സംഭാവനകളെക്കുറിച്ചും ഇരുക്കൂട്ടരും സംസാരിച്ചു. ചില അന്താരാഷ്ട്ര പ്രശ്നങ്ങളും കൂടിക്കാഴ്ച്ചയിൽ ചർച്ചാവിധേയമായി.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.