2014-03-01 11:29:06

പരാജിതരെ തള്ളിപ്പറയാതെ, കാരുണ്യപൂർവ്വം അവർക്കൊപ്പം സഞ്ചരിക്കുക: മാർപാപ്പ


28 ഫെബ്രുവരി 2014, വത്തിക്കാൻ
ദൈവത്തിന് തന്‍റെ ജനത്തോടുള്ള അനന്തമായ സ്നേഹത്തിന്‍റെ അടയാളം ദാമ്പത്യ ബന്ധത്തില്‍ ദൃശ്യമാകുന്നുവെന്ന് മാർപാപ്പ. വെള്ളിയാഴ്ച്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ഫരിസേയർ ക്രിസ്തുവിനെ പരീക്ഷിക്കാൻ വേണ്ടി വിവാഹ മോചനത്തെക്കുറിച്ച് ചോദിക്കുന്ന സുവിശേഷഭാഗം (മാർക്കോസ് 10: 1-12) ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സന്ദേശം. ‘ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ’? എന്ന ചോദ്യവുമായി ഫരിസേയർ യേശുവിന്‍റെ അടുത്തെത്തി. യേശുവിനെ കുടുക്കിലാക്കുകയായിരുന്നു അവരുടെ യഥാർത്ഥ ലക്ഷ്യം. ‘വിവാഹമോചനത്തെ സംബന്ധിച്ച് മോശയുടെ കൽപന എന്താണ്’ എന്ന മറുചോദ്യത്തോടെ യേശു അവരുടെ ചോദ്യം നേരിട്ടു. തുടർന്ന്, വിവാഹമോചനത്തെ സംബന്ധിച്ച കൽപന മോശ നൽകാൻ കാരണമെന്താണെന്ന് വിശദീകരിച്ച ക്രിസ്തു, സൃഷ്ടി കർമ്മത്തിന്‍റെ ആരംഭം മുതലേ വിവാഹത്തെക്കുറിച്ച് ദൈവഹിതമെന്തായിരുന്നു എന്ന ബോധ്യത്തിലേക്ക് അവരെ നയിച്ചു.

ദൈവത്തിന്‍റെ അതിമനോഹരമായ ഒരു കരവേലയാണ് ദാമ്പത്യബന്ധം. ‘പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോട് ചേരും. അവർ ഒരു ശരീരമായി തീരുകയും ചെയ്യും.’ എന്ന് ദൈവം നിശ്ചയിച്ചു. സ്നേഹത്തിൽ ഒന്നാകേണ്ട ഈ ജീവിതത്തിൽ പരാജയപ്പെടുന്നവരുണ്ട്. പക്ഷേ അവരെ കുറ്റം വിധിക്കുകയല്ല, കാരുണ്യപൂർവ്വം അവർക്കൊപ്പം നടക്കുകയും അവരെ സഹായിക്കുകയുമാണ് വേണ്ടതെന്ന് പാപ്പ സഭാംഗങ്ങളെ ഉത്ബോധിപ്പിച്ചു. വിവാഹ ജീവിതത്തിൽ പരാജയപ്പെട്ടവരെ വിധിച്ചും കുറ്റപ്പെടുത്തിയും മാറ്റിനിറുത്താതെ സഭ അവർക്കൊപ്പം അനുയാത്ര ചെയ്യണം.

ദമ്പതികളുടെ പരസ്പര ബന്ധത്തെക്കുറിച്ച്, ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്‍റെ മാതൃക ആസ്പദമാക്കിയാണ് മാർപാപ്പ തുടർന്ന് വിശദീകരിച്ചത്. ക്രിസ്തു വിവാഹിതനായിരുന്നു. തിരു സഭയാണ് ക്രിസ്തുവിന്‍റെ വധു. പിതാവായ ദൈവം തന്‍റെ ജനമായ ഇസ്രായേലുമായി ഉടമ്പടി ചെയ്തതുപോലെ, ക്രിസ്തുവും തന്‍റെ ജനത്തോട് നിത്യമായ ഉടമ്പടി സ്ഥാപിച്ചു. ഈ ബന്ധം ചരിത്രത്തിൽ ഉടനീളം ശാശ്വതമായി തുടരുന്നു. ക്രിസ്തുവിനെക്കൂടാതെ സഭയേയോ സഭയെക്കൂടാതെ ക്രിസ്തുവിനേയോ മനസിലാക്കുക സാധ്യമല്ലെന്നും മാർപാപ്പ പ്രസ്താവിച്ചു.

Reported: Vatican Radio, TG








All the contents on this site are copyrighted ©.