2014-02-28 17:26:49

സാന്താ മാർത്താ മന്ദിരത്തിലെ സൗഹാർദ സംഗമം


28 ഫെബ്രുവരി 2014, വത്തിക്കാൻ
അർജന്‍റീനയിൽ നിന്നെത്തിയ മതാന്തര സംവാദ സംഘവുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. യഹൂദ റബ്ബിമാരും, മുസ്ലീം ഇമാമുമാരും, ക്രൈസ്തവ വൈദികരും ഉൾപ്പെടുന്ന നാൽപത്തിയഞ്ചംഗ സംഘം വിശുദ്ധനാട് തീർത്ഥാടനത്തിനുശേഷമാണ് പാപ്പായെ സന്ദർശിക്കാനെത്തിയതെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. മാർപാപ്പയുടെ വസതിയായ സാന്താ മാർത്താ മന്ദിരത്തിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം നീണ്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഘാംഗങ്ങളിൽ മിക്കവരും ബ്യൂനെസ് എയിരെസ് അതിരൂപതാധ്യക്ഷനായിരുന്ന കർദിനാൾ ബെർഗോളിയോയുമായി സൗഹൃദം പുലർത്തിയിരുന്നവരാണ്. കർദിനാൾ ബെർഗോളിയോയ്ക്കൊപ്പം പല ജീവകാരുണ്യ പ്രവർത്തികളിലും സാമൂഹ്യസേവന പദ്ധതികളിലും അവർ സഹകരിച്ചിട്ടുമുണ്ട്.
ഫ്രാൻസിസ് മാർപാപ്പയ്ക്ക് സ്നേഹാശംസകളേകിയ മതാന്തര സംവാദ സംഘം, സമാധാന സംസ്ഥാപനത്തിനും മതാന്തര സൗഹൃദം വളർത്തുന്നതിനുമുള്ള മാർപാപ്പയുടെ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പാപ്പായുടെ ആസന്നമായിരിക്കുന്ന വിശുദ്ധനാട് തീർത്ഥാടനത്തിനും അർജന്‍റീനിയൻ മതാന്തര സംവാദ സംഘം ആശംസകള്‍ നേർന്നു.

കത്തോലിക്കാ – ഹെബ്രായ സഹകരണ കമ്മീഷന്‍റെ അധ്യക്ഷൻ കർദിനാൾ കേട്ട് കോഹ്, മതാന്തര സംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ ഷീൻ ലൂയീ തൗറാൻ എന്നിവരും കൂടിക്കാഴ്ച്ചയിൽ സന്നിഹിതരായിരുന്നു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.