2014-02-28 17:26:40

മെത്രാൻ ശുശ്രൂഷയെക്കുറിച്ച് മാർപാപ്പ


28 ഫെബ്രുവരി 2014, വത്തിക്കാൻ
അജഗണത്തെ ആത്മാർത്ഥമായി സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന ‘യഥാർത്ഥ അജപാലകരേയാണ്’ സഭയ്ക്കാവശ്യമെന്ന് ഫ്രാൻസിസ് മാർപാപ്പ. മെത്രാൻമാർക്കുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിലെ അംഗങ്ങളുമായി ഫെബ്രുവരി 27ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മെത്രാൻ ശുശ്രൂഷയുടെ പ്രത്യേകതകളെക്കുറിച്ചും, മെത്രാൻമാർക്കുണ്ടായിരിക്കേണ്ട സ്വഭാവ സവിശേഷതകളെക്കുറിച്ചും മാർപാപ്പ സുദീർഘമായ പ്രഭാഷണം നടത്തിയത്. പുതിയ മെത്രാൻമാരെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് സുവ്യക്തമായ ചില മാനദണ്ഡങ്ങളും പാപ്പ മെത്രാൻമാർക്കുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തോട് പങ്കുവയ്ച്ചു. തന്‍റെ ജനത്തിനുവേണ്ടി ദൈവത്തോടു വാദിക്കാൻ ധൈര്യമുള്ള വ്യക്തിയായിരിക്കണം ഒരു മെത്രാൻ. ‘മാനേജർ’മാരേയല്ല, ‘വിനയത്തോടും ധൈര്യത്തോടും’ ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന നല്ലിടയരേയാണ് സഭയ്ക്ക് ആവശ്യം. വാഗ്മികളേയോ(Apologetic), കുരിശു യുദ്ധം നയിക്കുന്നവരേയോ അല്ല, സത്യത്തിന്‍റെ എളിയ ശുശ്രൂഷകരേയാണ് സഭാമേലധ്യക്ഷരായി നിയോഗിക്കേണ്ടതെന്നും മാർപാപ്പ പ്രസ്താവിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.