2014-02-27 17:38:52

സ്ഥാനത്യാഗം അസാധുവെന്ന
പ്രസ്താവന ശുദ്ധ‘അസംബന്ധം’


27 ഫെബ്രുവരി 2014, വത്തിക്കാന്‍
സ്ഥാനത്യാഗം അസാധുവാണെന്ന ഇറ്റാലിയന്‍ പത്രത്തിന്‍റെ പ്രസ്താവന ശുദ്ധ‘അസംബന്ധ’മാണെന്ന് മുന്‍പാപ്പാ ബനഡിക്ട് പ്രതികരിച്ചു. സ്ഥാനത്യാഗത്തിന്‍റെ ഒരു വര്‍‍ഷം കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ പത്രം la stampa നടത്തിയ ഊഹാപോഹങ്ങളെയും, സ്ഥാനമൊഴിയല്‍ അസാധുവാണെന്ന പ്രസ്താവനയെയുമാണ് പാപ്പാ ബനഡിക്ട് വ്യക്തിപരമായും നേരിട്ടും എഴുതിയ കത്തിലൂടെ ‘അസംബന്ധ’മെന്ന് പ്രതികരിച്ചത്.

സഭാ നിയമങ്ങള്‍ക്കനുസൃതമായും, വ്യക്തിപരമായി മനസ്സാക്ഷിയുടെ ശബ്ദം ശ്രവിച്ചുകൊണ്ടും സ്ഥാനത്യാഗത്തിലൂടെ ദൈവഹിതത്തിന് താന്‍ കീഴ്വഴങ്ങുകയായിരുന്നുവെന്ന് ഹ്രസ്വമായ കത്തിലൂടെ പാപ്പാ തന്‍റെ നിലപാട് വ്യക്തമാക്കി. പൗരോഹിത്യ വസ്ത്രം വെള്ളുത്തത് താന്‍ ഇന്നും ധരിക്കുന്നത് പ്രായോഗികത മാത്രമാണെന്നും, സ്ഥാനത്യാഗംചെയ്യുമ്പോള്‍ മറ്റൊരു നിറത്തിലോ തരത്തിലോ ഉള്ള വസ്ത്രം തന്‍റെ പക്കല്‍ ഇല്ലായിരുന്നുവെന്നും പാപ്പാ ബനഡിക്ട് കത്തിലൂടെ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തില്‍ നടത്തുന്ന ഊഹാപോഹങ്ങള്‍ അനുവദനീയമാണെങ്കിലും, La Stampa പ്രസിദ്ധീകരിച്ച വസ്തുതകള്‍ അടിസ്ഥാനരഹിതമാണെന്നും, അതിരുകടന്ന അജ്ഞതയും അവിവേകവും അതില്‍ പ്രതിഫലിക്കുന്നുണ്ടെന്നും കത്തിലൂടെ പാപ്പാ ബനഡിക്ട് ചൂണ്ടിക്കാട്ടി.

ചിന്തകളിലും കാഴ്ചപ്പാടിലും പാപ്പാ ഫ്രാന്‍സിസുമായി ഇന്നും പുലര്‍ത്തുന്ന ഹൃദ്യമായ സഹോദരബന്ധവും സാമീപ്യവും സന്തോഷദായകമാണെന്നും, ഏകവും അന്ത്യവുമായ തന്‍റെ ഇനിയുള്ള ലക്ഷൃം അദ്ദേഹത്തിന്‍റെ അജപാലനശുശ്രൂഷയെ സോദരത്വേനയുള്ള പ്രാര്‍ത്ഥനയിലൂടെ തുണയ്ക്കുക മാത്രമാണെന്നും പ്രസ്താവിച്ചുകൊണ്ടാണ് ത്യാഗിയായ പാപ്പാ റാത്സിങ്കര്‍ തന്‍റെ മറുപടിക്കത്ത് ഉപസംഹരിച്ചത്. ഫെബ്രുവരി 18-ാം തിയതിയാണ് മുന്‍പാപ്പാ ബനഡിക്ട് തന്‍റെ സ്ഥാനത്യാഗത്തെക്കുറിച്ചുള്ള മാധ്യമ വിമര്‍ശനത്തിന് മറുപടി നല്കിയത്. മറുപടി വ്യക്തിപരമായിരുന്നതിനാല്‍ la stampa അത് ഭാഗമായി മാത്രം പ്രസിദ്ധീകരിച്ചതിനെ ആധാരമാക്കിയാണ് വത്തിക്കാന്‍ റേഡിയോയുടെ ഈ വാര്‍ത്താശകലവും.

ഫെബ്രുവരി 22-ാം തിയതി വിശുദ്ധ പത്രോസിന്‍റെ സിംഹാസന തിരുനാളില്‍ വത്തിക്കാനില്‍ നടന്ന പുതിയ കര്‍ദ്ദിനാളന്മാരുടെ സ്ഥാനോരോഹണ കര്‍മ്മത്തിലെ പാപ്പാ ബനഡിക്ടിന്‍റെ സാന്നിദ്ധ്യം ഏവരെയും ആശ്ചര്യപ്പെടുത്തിയെങ്കിലും അനുഗ്രഹദായകവും ഹൃദ്യവുമായിരുന്നെന്ന് ഏവരും വിശേഷിപ്പിച്ചു. സഹോദരതുല്യവും, വിനയാന്വിതവുമായ സാന്നിദ്ധ്യം പാപ്പാ ഫ്രാന്‍സിസ് അടക്കം കര്‍ദ്ദിനാള്‍ സംഘവും വിശ്വാസികളും അനുഗ്രഹമായി അന്ന് അംഗീകരിച്ചു.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.