2014-02-26 17:56:18

സീഗ്നിസ് സമ്മേളനം
റോമില്‍ തുടക്കമായി


26 ഫെബ്രുവരി 2014, റോം
നവമാധ്യമ ശ്രൃംഖലയിലൂടെ ലോകത്ത് സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സംസ്ക്കാരം വളര്‍ത്തണമെന്ന്, സൈബര്‍ ദൈവശാസ്ത്രത്തിന്‍റെ പ്രയോക്താവ്, ഫാദര്‍ അന്തോണിയോ സ്പദാരോ പ്രസ്താവിച്ചു.
ഫെബ്രുവരി 25-ാം തിയതി ചെവ്വാഴ്ച റോമില്‍ ആരംഭിച്ച കത്തോലിക്കാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ സീഗ്നിസിന്‍റെ ആഗോളസമ്മേളനത്തില്‍ ആമുഖപ്രഭാഷണം നടത്തവെയാണ്, ഈശോസഭാംഗവും ‘Civilta Catholica’
മാസികയുടെ പത്രാധിപരുമായ ഫാദര്‍ സ്പദാരോ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. ‘സാമാധന സംസ്ക്കാരം വളര്‍ത്തേണ്ട മാധ്യമങ്ങള്‍’ Media for a Culture of Peace എന്ന തന്‍റെ മുഖ്യപ്രബന്ധാവതരണത്തിലാണ് ഫാദര്‍ സ്പദാരോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ ചേല്ലി റോമില്‍ ചേര്‍ന്ന സീഗ്നിസ് സമ്മേളനത്തിന്‍റെ ഉദ്ഘാടന വേളയില്‍ സന്ദേശം നല്കി.
സീഗ്നിസ് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ്, അഗസ്റ്റിന്‍ ലൂര്‍ദ്ദുസ്വാമി വിവിധ രാജ്യങ്ങളില്‍നിന്നുമെത്തിയ 300 കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരെയും റോമിലെ Domus Pacis-ല്‍ ആരംഭിച്ച കോണ്‍ഗ്രസ്സിലേയ്ക്ക് സ്വാഗതംചെയ്തു.

ഫെബ്രുവരി 26-ാം തിയതി ബുധനാഴ്ച രാവിലെ സീഗ്നിസ് പ്രതിനിധികള്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തില്‍ പങ്കെടുത്തു. സംഘടനാ ഭാരവാഹികളെയും രാജ്യാന്തര പ്രതിനിധികളെയും അഭിവാദ്യം ചെയ്ത മാധ്യമ ലോകത്തെ അവരുടെ എല്ലാ ഉദ്യമങ്ങളും സമാധാനത്തിന്‍റെ പാതയിലെ നാഴികക്കല്ലുകളായി പരിണമിക്കണമെന്നും പാപ്പാ സമ്മേളനത്തെ അനുസ്മരിപ്പിച്ചു.
___________________________
Report : Nellikal, Signis News








All the contents on this site are copyrighted ©.