2014-02-26 16:10:08

ജനങ്ങളുടെ പ്രതികരണം
സഭയുടെ ശബ്ദമാണെന്ന് പാപ്പാ


26 ഫെബ്രുവരി 2014, വത്തിക്കാന്‍
കുടുംബങ്ങളെക്കുറിച്ചുള്ള ചോദ്യാവലിയുടെ ഉത്തരങ്ങള്‍ വൈവിധ്യമാര്‍ന്ന ജീവിതപരസരങ്ങളില്‍നിന്നുമുള്ള സഭയുടെ ശബ്ദമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. ഫെബ്രുവരി 24, 25 തിയതികളില്‍ പാപ്പായുടെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന മെത്രാന്മാരുടെ സിനഡിന്‍റെ ഉത്തരവാദിത്വം വഹിക്കുന്ന കൗണ്‍സില്‍ സമ്മേളനത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പാ ഫ്രാന്‍സിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സിനഡ് കൗണ്‍സില്‍, ആസന്നമാകുന്ന മെത്രാന്മാരുടെ പ്രത്യേക സിനഡിന് ഒരുക്കമായുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും പഠിക്കുകയും ചെയ്തു.
നവംബര്‍ മാസത്തില്‍ സിനഡിനുള്ള കൗണ്‍സില്‍ പ്രസിദ്ധീകരിച്ച കുടുംബങ്ങളെ കേന്ദ്രീകരിച്ച ചോദ്യാവലിയുടെ രാജ്യാന്തരതലത്തിലുള്ള പ്രതികരണങ്ങളും, വിഷയാടിസ്ഥാനത്തിലുള്ള അവയുടെ പ്രതികരണങ്ങളുടെ സംഗ്രവും, അതിന്‍റെ കരടുരൂപവും പാപ്പായുടെ സാന്നിദ്ധ്യത്തില്‍ കൗണ്‍സില്‍ പഠനവിഷയമാക്കി. കുടംബങ്ങളെ സംബന്ധിച്ച ചോദ്യാവലിയുടെ ഉത്തരങ്ങളുടെ ക്രമീകരണവും കരടുരൂപവും ഗൗരവപൂര്‍വ്വം പഠിച്ചുകൊണ്ടും വിലയിരുത്തിക്കൊണ്ടും കുടുംബങ്ങള്‍ക്ക് സുവിശേഷത്തിന്‍റെ നവോര്‍ജ്ജം പകരുവാന്‍ സാധിക്കണമെന്ന് പാപ്പാ കൗണ്‍സില്‍ അംഗങ്ങളോട് ആഹ്വാനംചെയ്തു. ചോദ്യാവലിയെ സംബന്ധിച്ചുള്ള സിനഡ് കൗണ്‍സിലിന്‍റെ ഉത്തരവാദിത്വ പൂര്‍ണ്ണമായ ഒരുക്കങ്ങള്‍ സുവിശേഷ പാതയില്‍ വളരാന്‍ കുടുംബങ്ങളെ സഹായിക്കുമെന്നും, വഴിയൊരുക്കുമെന്നും പാപ്പാ അംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

സിനഡ് കൗണ്‍സിലിന്‍റെ ജനറല്‍ റിപ്പോര്‍ട്ടര്‍ കാര്‍ദ്ദിനാള്‍ പീറ്റര്‍ ഏര്‍ഡ്, സ്പെഷ്യല്‍ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ബ്രൂണോ ഫോര്‍ത്തെ എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളോടും പ്രവര്‍ത്തകരോടുമൊപ്പം സമ്മേളനത്തില്‍ പങ്കെടുത്തു. കൗണ്‍സില്‍ ആസ്ഥാനമന്ദിരത്തിന്‍റെ പുതിയ വിഭാഗവും കപ്പേളയും സമ്മേളനത്തിന്‍റെ സമാപനത്തില്‍
പാപ്പാ ആശിര്‍വ്വദിച്ചു. സിനഡിന്‍റെ പ്രവര്‍ത്തന രേഖയുടെ സംഗ്രഹം സജ്ജമാക്കുന്നതിനും, അവസാനം സിനഡിന്‍റെ പ്രായോഗിക തീരുമാനങ്ങളെത്തന്നെ നിയന്ത്രിക്കുന്നതും സഹായിക്കുന്നതുമാണ് ആഗോളതലത്തില്‍ ശേഖരിച്ചു കുടുംബങ്ങളെക്കുറിച്ചുള്ള പ്രശ്നങ്ങളുടെ പഠനമെന്ന് കൗണ്‍സില്‍ നിരീക്ഷിച്ചു.

Photo: Papa pacifies the small one crying, who came dressed up as Pope during the General Audience on Wednesday in Vatican.
____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.