2014-02-26 17:48:09

കേരളത്തിലെ കത്തോലിക്കര്‍ക്ക്
കര്‍ദ്ദിനാളിന്‍റെ കത്ത്


26 ഫെബ്രുവരി 2014, കൊച്ചി
ക്രൈസ്തവര്‍ വോട്ടവകാശം ഉപയോഗപ്പെടുത്തണമെന്ന്, ദേശീയ കത്തോലിക്കാ മെത്രാസമിതിയുടെ പരമാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവ ആഹ്വാനംചെയ്തു. സഭാകാര്യാലയത്തില്‍നിന്നും ഫെബ്രുവരി
26-ാം തിയിതി ബുധനാഴ്ച പുറപ്പെടുവിച്ച പ്രത്യേക സര്‍ക്കുലറിലൂടെയാണ് ആസന്നമാകുന്ന പാര്‍ലിമെന്‍ററി തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്വപൂര്‍ണ്ണമായി പ്രതികരിക്കണമെന്ന്, കേരളത്തിലെ മെത്രാന്‍ സമിതിയുടെയും പ്രസിഡന്‍റ് കൂടിയായ, കര്‍ദ്ദിനാള്‍ ക്ലീമിസ് വിശ്വാസികളെ ആഹ്വാനംചെയ്തത്.

മെയ് മാസത്തില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് നിരീശ്വരവാദവും അക്രമരാഷ്ട്രീയവും ഇല്ലാത്തവരും, അഴിമതിയുടെ കറപുരളാത്തവരും, മാനുഷിക-ധാര്‍മ്മിക മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുമായ നേതാക്കളെ പിന്‍തുണച്ചുകൊണ്ട്, രാഷ്ട്രത്തിന്‍റെ മതേതര സംസ്ക്കാരവും, ഭാവി ഭാഗധേയവും സംരക്ഷിക്കണമെന്ന്, കര്‍ദ്ദിനാള്‍ ക്ലീമിസ് കേരളത്തിലെ എല്ലാ മെത്രാന്മാരുടെയും പേരില്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

പൊതുതിരഞ്ഞെടുപ്പിന് ഒരുക്കുമായുള്ള ഈ സര്‍ക്കുലര്‍ മാര്‍ച്ച് 9-ാം തിയതി, കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും പരസ്യമായി വായിക്കുകയും, വിവേകത്തോടും ശ്രദ്ധയോടുംകൂടെ വോട്ടവകാശം ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ കത്തോലിക്കാനും രാഷ്ട്രനിര്‍മ്മിതിയില്‍ താല്പര്യവും ഉത്തരവാദിത്വവുമുള്ള നല്ല പൗരന്മാരാണെന്ന് തെളിയിക്കണമെന്നും സര്‍ക്കുലറിലൂടെ കര്‍ദ്ദിനാള്‍ ക്ലീമിസ് വിശ്വാസികളെ ആഹ്വാനംചെയ്തു.
____________________________
Report : Nellikal, KCBC Circular








All the contents on this site are copyrighted ©.