2014-02-25 11:07:47

സ്വര്‍ണ്ണക്കാളക്കുട്ടി (76)
അവിശ്വസ്തതയുടെ പ്രതിബിംബം


RealAudioMP3
ഇസ്രായേല്‍ ജനതയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി. ആ വെളിപാടിന്‍റെ സാക്ഷാത്ക്കാരമായിരുന്നു സീനായ് മലയില്‍വച്ചു മോശയിലൂടെ തന്‍റെ ജനവുമായി ദൈവം ഏര്‍പ്പട്ട ഉടമ്പടി. അവിടുന്നു മോശയുടെ ഹൃദയത്തില്‍ കോറിയിട്ട പ്രമാണങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ അവ കല്‍ഫലകങ്ങളില്‍ കൊത്തിവയ്ക്കപ്പെട്ടു.

Exodus IV, sl. 9 നാല്പതുരാവും പകലും മലമുകളിലന്നാള്‍
മോശനിന്നു കര്‍ത്തൃസന്നിധിയില്‍
കല്‍ഫലകങ്ങളില്‍ നല്കീ കല്പനകള്‍ ദൈവമപ്പോള്‍
ജീവല്‍ ബന്ധിയാം നല്‍ പത്തുകല്പനകള്‍

അങ്ങനെ ദീര്‍ഘനാള്‍ മോശ മലമുകളില്‍ ദൈവസന്നിധിയില്‍ പാര്‍ത്തു. അപ്പോള്‍ താഴെ ജനങ്ങള്‍ കാത്തിരുന്നു മടത്തു. തങ്ങളുടെ നേതാവ് മടങ്ങി വരുമോ എന്നുപോലും അവര്‍ സംശയിച്ചു. ജനപ്രമാണികള്‍ അഹറോന്‍റെ ചുറ്റുംകൂടി നിര്‍ബന്ധമായി പറഞ്ഞു. “അഹറോനേ, ഞങ്ങള്‍ മടുത്തു. ഞങ്ങള്‍ക്ക് നേതാവിനെ തരിക. ഈജിപ്ത് രാജ്യത്തുനിന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോന്ന മോശയ്ക്ക് എന്തു സംഭവിച്ചവെന്ന് ഇന്നും അറിഞ്ഞുകൂടാ. അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്നുപോലും സംശയിക്കുന്നു.” പരിഹാസരൂപത്തിലാണ് അവര്‍ ഇങ്ങനെയെല്ലാം പ്രസ്താവിച്ചത്.

ജങ്ങളുടെ ശാഠ്യം തടയുവാന്‍ അഹറോനു സാധിച്ചില്ല. അയാള്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നു. കൈവശമുള്ള സ്വര്‍ണ്ണമെല്ലാം കൊണ്ടുവരുവാന്‍ അപ്പോള്‍ അഹറോന്‍ ജനങ്ങളോട് ആവശൃപ്പെട്ടു. സ്വര്‍ണ്ണം ഉരുക്കി അവര്‍ മനോഹരമായൊരു കാളക്കുട്ടിയുടെ പ്രതിമ വാര്‍ത്തെടുത്തു.

Exodus Iv, sl. 18 മറന്നൂ ഇസ്രായേല്‍ ദൈവത്തെ
ഉയര്‍ന്നൂ സ്വര്‍ണ്ണക്കാളക്കുട്ടിയവിടെ
അഹന്തയാല്‍ നന്ദിഹീനരായ് ജനമപ്പോള്‍
തേടീ വ്യാജദൈവങ്ങളേ.....

അവര്‍ വിഗ്രഹം പ്രതിഷ്ഠിച്ച്, അതിനെ വണങ്ങാന്‍ തുടങ്ങി. എന്നിട്ട് ജനം ഒന്നടങ്കം ആക്രോശിച്ചു. “ഈജിപ്റ്റ് രാജ്യത്തുനിന്ന് ഞങ്ങളെ രക്ഷിച്ച ദേവന്‍ ഇതാണ്. ഇതാണ് ഞങ്ങടെ ദൈവം! ഞങ്ങളെ നയിക്കുന്നവന്‍ ഇതാണ്....!!” അവര്‍ ആര്‍ത്തുല്ലസിച്ച് കാളക്കുട്ടിയെ വഹിച്ചുകൊണ്ടു നടന്നു. അതിനു ചുറ്റും പാട്ടുപാടി, നൃത്തംചവുട്ടി. ജനങ്ങളുടെ ആവേശം കണ്ട് അഹറോന്‍ പീഠമുണ്ടാക്കി കാളക്കുട്ടിയെ അതിന്മേല്‍ പ്രതിഷ്ഠിച്ചു. “ജനമേ, ഇതാ, നാളെ നമ്മുടെ ദേവന്‍റ‍െ തിരുനാളാണ്, ഉത്സവമാണ്.” അഹറോന്‍ ജനങ്ങളോടു പ്രഖ്യാപിച്ചു.

കാളക്കുട്ടിയിലുള്ള ഇസ്രായേല്‍ ജനത്തിന്‍റെ താല്പര്യം, ദൈവത്തോടുള്ള അവിശ്വസ്തതയുടെ പ്രകടനമായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കരുതെന്ന് ദൈവം അവരെ കര്‍ശനമായി മുന്നേ വിലക്കിയിരുന്നു. എന്നിട്ടും ഇസ്രായേല്‍ അതു മറുന്നു പ്രവര്‍ത്തിച്ചു. അപ്പോള്‍ ദൈവം മലമുകളില്‍ പ്രത്യക്ഷപ്പെട്ട് മോശയോട് ആജ്ഞാപിച്ചു. “മോസസ്, മോസസ്, ഈജിപ്റ്റുദേശത്തുനിന്നും കൊണ്ടുപോന്ന ജനങ്ങളുടെ പക്കലേയ്ക്ക് നീ ഉടനെ ചെല്ലുക. കാരണം, ഞാന്‍ കാണിച്ചുതന്ന മാര്‍ഗ്ഗത്തില്‍നിന്നും അവര്‍ വ്യതിചലിച്ചിരിക്കുന്നു. എന്‍റെ കോപം
അവരുടെമേല്‍ നിപതിച്ചാല്‍ അവര്‍ നശിച്ചുപോകും.”

മോശ വിനീതനായി പ്രാര്‍ത്ഥിച്ചു.
“ഈ ജനം നശിച്ചുപോകാന്‍ ദൈവമേ, അങ്ങ് ഇടയാക്കരുതേ!”

Exodus III sl. 6 അവിശ്വസിച്ചൂ ജനം കര്‍ത്താവിന്‍ കരുത്തതില്‍
ഇടറിവീണവര്‍ തിന്മതന‍ പാതയില്‍
മാസായിലും മെരീബായിലും അപഹസിച്ചവര്‍ മോശയെ
പരിഹസിച്ചവര്‍, പിറുപിറുത്തവര്‍ നിന്ദ്യമായ്.

ദൈവനിവേശിതനായി മോശ മലയിറങ്ങിവന്നു. അദ്ദേഹം പ്രഭാമയനായിരുന്നു. എന്നാല്‍ താഴ്വാരത്തെത്തിയ മോശ കണ്ടത് ജനങ്ങള്‍ കാളക്കുട്ടിയെ ആരാധിക്കുന്നതാണ്. അയാള്‍ അത്യധികം കുപിതനായി. ദൈവം നല്കിയതും, താന്‍ വഹിച്ചിരുന്നതുമായ പ്രമാണങ്ങളുടെ ഫലകങ്ങള്‍ മോശ വലിച്ചെറിഞ്ഞു. അവ പൊട്ടിത്തകര്‍ന്നു. എന്നിട്ടും മോശ അടങ്ങിയില്ല. താഴ്വാരത്തുചെന്ന് കാളക്കുട്ടിയെയും അയാള്‍ എടുത്തെറിഞ്ഞ്, ഉടച്ചുകളഞ്ഞു. എന്നിട്ട് അഹറോനോടു ചോദിച്ചു.
“ഈ ജനത്തെ ഇത്രവലിയൊരു പാപത്തിലേയ്ക്കു നയിക്കാന്‍ മാത്രം അഹറോനേ, ഇവര്‍ നിന്നോടെന്തു ചെയ്തു?”
വിനയാന്വിതനായി അഹറോന്‍ പ്രതിവചിച്ചു.
“എന്നോടു കോപിക്കരുതേ. വിഗ്രഹാരാധകരായ നമ്മുടെ ജനത്തെയും അവരുടെ ശീലങ്ങളെയും കുറിച്ച് അങ്ങേയ്ക്കറിയാമല്ലോ. അവരുടെ ആശയ്ക്കു വഴങ്ങാന്‍ അവരെന്നെ നിര്‍ബന്ധിക്കുകയായിരുന്നു.”

വിഗ്രഹാരാധനയ്ക്ക് തുലോം ചാച്ചിലുള്ളവരും നിര്‍ബന്ധബുദ്ധിക്കാരുമാണ് ഇസ്രായേല്‍ക്കാര്‍ എന്ന് മോശ മനസ്സിലാക്കിയിരുന്നു. അഹറോനോട് പൂര്‍ണ്ണമായും ക്ഷമിക്കുവാന്‍ എന്നിട്ടും മോശയ്ക്കു സാധിച്ചില്ല. എങ്കിലും സഹോദര്യത്തിന്‍റെ നിലപാടു സ്വീകരിക്കുവാനും, അയാളെ മനസ്സിലാക്കുവാനും മോശ പരിശ്രമിച്ചു.

പിന്നെ മോശ താഴെ കൂടാരത്തിന്‍റെ പടിവാതിക്കല്‍ച്ചെന്ന്, പീഠത്തില്‍ കയിറിനിന്നുകൊണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു. “ദൈവത്തിനുള്ളവര്‍ ആരെല്ലാമാണോ, അവര്‍ എന്‍റെ സമീപത്തേയ്ക്കു വരട്ടെ.”
ഇതുകേട്ട് ലേവ്യ വംശത്തില്‍പ്പെട്ട എല്ലാവരും മോശയുടെ പക്കലേയ്ക്കു വന്നു. അദ്ദേഹം അവരോടു പറഞ്ഞു.
“നിങ്ങള്‍ വാളെടുത്ത് എല്ലാക്കൂടാരങ്ങളുടേയും പടിവാതില്‍ക്കല്‍ ചെല്ലുക. വിഗ്രഹാരാധനയിലൂടെ ദൈവത്തെ തള്ളിപ്പറഞ്ഞവരെയെല്ലാം ഇല്ലായ്മചെയ്യുക. നിങ്ങളുടെ കുടുംബങ്ങളിലുള്ളവര്‍ ആണെങ്കില്‍പ്പോലും അവരെ കൊല്ലാന്‍ മടിക്കരുത്.

മൂവ്വായിരം പേരാണ് ഇസ്രായേലില്‍ സ്വര്‍ണ്ണക്കാളക്കുട്ടിയുടെ ഉത്സവരാത്രിയല്‍ കൊല്ലപ്പെട്ടതെന്ന് പുറപ്പാടു ഗ്രന്ഥം സാക്ഷൃപ്പെടുത്തുന്നു. പിറ്റെദിവസം മോശ ജനങ്ങളോടു പറഞ്ഞു.
“ഓ, ജനമേ, നിങ്ങള്‍ വലിയ പാപംചെയ്തിരിക്കുന്നു.
ഞാന്‍ കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്കു പോകയാണ്. നിങ്ങളുടെ പാപത്തിന് ദൈവത്തില്‍നിന്നും പരിഹാരംനേടുവാന്‍ ഒരുപക്ഷെ എനിക്കു സാധിച്ചേക്കും.”

Exodus III, Sl. 1 നല്കണേ ദൈവമേ, മോചനം, പൂര്‍ണ്ണമോചനം
നില്ക്കണേ കാലവായ് രക്ഷതന്‍ പാതയില്‍
പാടുന്നൂ തവ മഹത്വമെന്നും ദൈവമേ,
പുകഴ്ത്തുന്നൂ ഞങ്ങള്‍ തവനാമമെങ്ങും.

മോശ വീണ്ടും സീനായ്മല കയറി. ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു.
“ഓ, ദൈവമേ, ഈ ജനം സ്വര്‍ണ്ണംകൊണ്ട് വിഗ്രഹമുണ്ടാക്കി പ്രതിഷ്ഠിച്ചു. അങ്ങനെ അവര്‍ അങ്ങയെ അവിശ്വസിക്കുകയും, നന്ദികേടു പ്രകടമാക്കുകയും ചെയ്തിരിക്കുന്നു. ദൈവമേ, അങ്ങ് ഈ ജനത്തോടു ക്ഷമിക്കണമേ. അങ്ങു ക്ഷമിക്കുന്നില്ലെങ്കില്‍ എന്‍റെ പേരുതന്നെ ജീവിതപുസ്തകത്തില്‍നിന്നും വെട്ടിനീക്കണമേ.”

ഇതുകേട്ട് ദൈവം ഇങ്ങനെ ഉത്തരമരുളി. “മോസസ്, മോസസ്, എനിക്കെതിരായി പാപംചെയ്തവരെ മാത്രമേ ഞാന്‍ എന്‍റെ പുസ്തകത്തില്‍നിന്നും വെട്ടിമാറ്റുകയുള്ളൂ. ഇനിയും നീ പോയി ഞാന്‍ വാഗ്ദാനംചെയ്ത ഭൂമിയിലേയ്ക്ക് ഈ ജനത്തെ നയിക്കുക. എന്‍റെ ദൂതന്‍ നിങ്ങള്‍ക്കു മുന്‍പേ പോകും. നിങ്ങളെ നയിക്കും. ഇനിയും ഈ ജനത്തെ വിധിക്കേണ്ട സമയം വരുമ്പോള്‍ ഞാന്‍ അവരെ ശിക്ഷിച്ചുകൊള്ളാം.”
അങ്ങനെ അരുള്‍ചെയ്തുകൊണ്ട് തന്‍റെ ജനത്തിന്‍റെ പക്കലേയ്ക്ക് ദൈവം മോശയെ പറഞ്ഞയച്ചു.

Exodus IV sl. 8 നിങ്ങള്‍ക്കു മുന്‍പേ അയക്കുമെന്‍ ദൂതനെ
നയിക്കുവാന‍ നിങ്ങളെ നന്മതല്‍ പാതയില്‍
എന്നെ ശ്രവിച്ചു ചരിക്കുകില്‍ എന്‍ ജനം
എത്തിടും വാഗ്ദത്ത നാട്ടിലന്നാള്‍ (2).

പുറപ്പാടിന്‍റെമദ്ധ്യേ ഇസ്രായേല്‍ജനം സ്വര്‍ണ്ണക്കാളക്കുട്ടിയെ നിര്‍മ്മിച്ച സംഭവം ചൂണ്ടിക്കാണിക്കുന്നത്, വിളിച്ച ദൈവത്തോട് ഇസ്രായേല്‍ കാണിച്ച അവിശ്വസ്തതയാണ്. ദൈവം തന്‍റെ ജനത്തെ സനേഹിക്കുകയും, അവരെ അടിമത്വത്തില്‍നിന്നും മോചിക്കുകയും ചെയ്തു. അവിടുന്ന് അവരെ അത്ഭുതകരമായി ചെങ്കടല്‍ കടത്തി. മരുഭൂമിയില്‍ വലഞ്ഞപ്പോള്‍ ഭക്ഷിക്കാന്‍ മന്നയും കാടപ്പക്ഷികളും നല്കി. ദാഹിച്ചലഞ്ഞപ്പോള്‍ പാറയില്‍നിന്നും ജലമൊഴുക്കി കുടിക്കാന്‍ നല്കി. എന്നിട്ടും ഇസ്രായേല്‍ കാണിച്ചത് നന്ദിഹീനതയാണ്. എന്നാല്‍ കര്‍ത്താവ് തന്‍റെ ജനത്തെ പിന്നെയും നയിക്കുന്നു, കാക്കുന്നു.
___________________
Prepared by Nellikal







All the contents on this site are copyrighted ©.