2014-02-25 17:16:37

വത്തിക്കാനിൽ പുതിയ സാമ്പത്തിക സംവിധാനം


25 ഫെബ്രുവരി 2014, വത്തിക്കാൻ
പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്രത്തിന്‍റേയും സാമ്പത്തിക കാര്യങ്ങൾ ഏകോപിപ്പിക്കുന്ന പുതിയ സാമ്പത്തിക സംവിധാനങ്ങൾ രൂപീകരിച്ചുകൊണ്ടുള്ള സ്വാധികാര വിജ്ഞാപനം (Motu Proprio) ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ചു. പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്ര കാര്യാലയത്തിന്‍റേയും റോമൻ കൂരിയായിലെ വിവിധ കാര്യാലയങ്ങളുടേയും വത്തിക്കാന്‍റെ ഇതര സ്ഥാപനങ്ങളുടേയും സാമ്പത്തിക കാര്യങ്ങൾ ഏകോപിപ്പിക്കുന്ന ‘സാമ്പത്തിക ഉപദേശക സമിതി’, ‘സാമ്പത്തിക കാര്യാലയം’, ‘പൊതുപരിശോധനാ വിഭാഗം’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉൾപ്പെടുന്ന ത്രിതല സാമ്പത്തിക സംവിധാനമാണ് ‘വിശ്വസ്തനും വിവേകിയുമായ കാര്യസ്ഥൻ’ (Fidelis dispensator et prudens) എന്ന ശീർഷകത്തില്‍ ഫെബ്രുവരി 24ന് പ്രസിദ്ധീകരിച്ച മോത്തൂ പ്രോപ്രിയോ പ്രകാരം പാപ്പ സ്ഥാപിച്ചിരിക്കുന്നത്. സാര്‍വ്വത്രിക സഭയുടെ ഭരണ കാര്യങ്ങളിലും റോമന്‍ കൂരിയായുടെ പരിഷ്ക്കരണത്തിനും തന്നെ സഹായിക്കാനായി മാര്‍പാപ്പ രൂപീകരിച്ച ഔദ്യോഗിക ‘ഉപദേശക സമിതി’യോടും പരിശുദ്ധ സിംഹാസനത്തിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്താൻ പാപ്പ നിയോഗിച്ച പതിനഞ്ചംഗ കർദിനാൾ സംഘത്തോടും കൂടിയാലോചന നടത്തിയ ശേഷമാണ് പുതിയ സാമ്പത്തിക സംവിധാനം സ്ഥാപിച്ചിരിക്കുന്നതെന്ന് പാപ്പ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള എട്ട് കർദിനാൾമാരും മെത്രാൻമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വിദഗ്ദരായ ഏഴ് അൽമായരുമായും അടങ്ങുന്ന സാമ്പത്തിക ഉപദേശക സമിതിയെ നയിക്കുന്നത് ഒരു കർദിനാളായിരിക്കും.
സാമ്പത്തിക കാര്യങ്ങൾക്കുവേണ്ടിയുള്ള പുതിയ വത്തിക്കാൻ കാര്യാലയത്തിന്‍റെ മേധാവിയായ കർദിനാൾ പ്രീഫെക്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയുമായി സഹകരിച്ചു പ്രവർത്തിക്കും. സാമ്പത്തിക കാര്യാലയം നടത്തുന്ന പരിശോധനകളുടേയും അന്വേഷണത്തിന്‍റേയും റിപ്പോർട്ടുകൾ നേരിട്ട് മാർപാപ്പയ്ക്കാണ് സമർപ്പിക്കും. മാർപാപ്പ നിയമിക്കുന്ന ‘ജനറൽ ഓഡിറ്റർ’ പരിശുദ്ധസിംഹാസനത്തിന്‍റേയും വത്തിക്കാൻ രാഷ്ട്ര കാര്യാലയത്തിന്‍റേയും റോമൻ കൂരിയായിലെ വിവിധ കാര്യാലയങ്ങളുടേയും വത്തിക്കാന്‍റെ ഇതര സ്ഥാപനങ്ങളുടേയും ഔദ്യോഗിക കണക്കുകൾ പരിശോധിക്കും.

ഒരു കർദിനാൾ പ്രീഫെക്ടാണ് സാമ്പത്തിക ഉപദേശക സമിതി, സാമ്പത്തിക കാര്യാലയം, പൊതുപരിശോധനാ വിഭാഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾ ഉൾപ്പെടുന്ന ത്രിതല സാമ്പത്തിക സംവിധാനത്തിന് ചുക്കാൻ പിടിക്കുക.

Reported: Vatican Radio, TG








All the contents on this site are copyrighted ©.