2014-02-25 09:18:26

പാപ്പ നൽകിയ ഐക്യത്തിന്‍റെ സന്ദേശം


24 ഫെബ്രുവരി 2014, വത്തിക്കാൻ

(മാർപാപ്പയുടെ ത്രികാല പ്രാർത്ഥനാ സന്ദേശം)

ഞായറാഴ്ച ദിവ്യബലിയിൽ വായിച്ച രണ്ടാം വായനയിൽ നിന്നുള്ള ഒരു വചന ഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പ ത്രികാല പ്രാർത്ഥനാ സന്ദേശം ആരംഭിച്ചത്. മനുഷ്യരുടെ പേരിൽ അഭിമാനിക്കരുത്, എല്ലാം നമ്മുടേതാണെന്നും നാം ക്രിസ്തുവിന്‍റേതാണെന്നും വി.പൗലോസ് അപ്പസ്തോലൻ കൊറീന്തിലെ ക്രൈസ്തവരെ ഓർമ്മിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗമായിരുന്നു അത്.

“മനുഷ്യരുടെ പേരിൽ നിങ്ങൾ അഭിമാനിക്കേണ്ട, എല്ലാം നിങ്ങളുടെ സ്വന്തമാണ്. പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ. നിങ്ങളാകട്ടെ ക്രിസ്തുവിന്‍റേതും, ക്രിസ്തു ദൈവത്തിന്‍റേതും” (1കൊറി. 3,21-23) എന്ന വി.പൗലോസ് അപ്പസ്തോലൻ പ്രസ്താവിക്കുന്നു. അപ്പസ്തോലൻ ഇപ്രകാരം പറയാൻ കാരണമെന്താണ്? കൊറിന്തിലെ ക്രൈസ്തവർക്കിടയിലെ ഭിന്നിപ്പു മൂലമാണ് വി.പൗലോസ് അപ്പസ്തോലൻ ഇങ്ങനെ പറയുന്നത്, തങ്ങളോടു സുവിശേഷം പ്രഘോഷിച്ചവരെ നേതാക്കളായി പരിഗണിച്ചുകൊണ്ട് വിഭിന്ന ഗ്രൂപ്പുകളായി തിരിയുകയായിരുന്നു അവർ. ‘ഞാൻ വി.പൗലോസിന്‍റെ ആളാണ്, ഞാൻ അപ്പോളോയുടേതാണ്, ഞാൻ കേപ്പായുടേതാണ്’ എന്നിങ്ങനെ ഭിന്നിപ്പിന്‍റെ സ്വരം കൊറിന്തിലെ ക്രൈസ്തവർക്കിടയിൽ ഉയർന്നു. എന്നാൽ അങ്ങനെ ചിന്തിക്കുന്നത് തെറ്റാണെന്ന് വി.പൗലോസ് അപ്പസ്തോലൻ അവരോട് വിശദീകരിച്ചു. കാരണം ക്രിസ്തീയ സമൂഹം അപ്പസ്തോലൻമാരുടേതല്ല, അപ്പസ്തോലൻമാർ ക്രിസ്തീയ സമൂഹത്തിന്‍റേതാണ്. അവരിലൂടെ സമൂഹം പൂർണ്ണമായും ക്രിസ്തുവിന്‍റേതാകുന്നു. ഈ ബന്ധത്തിൽ നിന്നാണ് രൂപതകളും, ഇടവകകളും, സംഘടനകളും, പ്രസ്ഥാനങ്ങളുംമെല്ലാം ഉൾപ്പെടുന്ന വിവിധങ്ങളായ ക്രിസ്തീയ സഭാസമൂഹങ്ങള്‍ രൂപംകൊള്ളുന്നത്. പക്ഷേ ഈ വൈവിധ്യങ്ങൾ ഐക്യത്തിന് വിഘാതമല്ല. ജ്ഞാനസ്നാനം വഴി ക്രിസ്തുവിലൂടെ പിതാവായ ദൈവത്തിന്‍റെ മക്കളാണ് നാമെല്ലാവരും. ക്രിസ്തുവിലൂടെ ദൈവമക്കളായിരിക്കുന്നു എന്നതാണ് നമ്മുടെ അന്തസ്സ്. പ്രഭാഷണം, കൂദാശാ പരികർമ്മം തുടങ്ങിയ ശുശ്രൂഷകളിലൂടെ ക്രിസ്തീയ സമൂഹത്തെ നയിക്കുവാൻ നിയോഗിക്കപ്പെട്ടിരിക്കുന്നവർ, സമൂഹത്തിലെ അധിപൻമാരോ അധികാരികളോ അല്ല. അധികാര വിനിയോഗമല്ല, വിശുദ്ധിയുടെ പാതയിലൂടെ ആനന്ദത്തോടെ സഞ്ചരിക്കുന്നതിനുവേണ്ടി സമൂഹത്തെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുകയാണ് അവരുടെ ചുമതലയെന്ന് പാപ്പ വിശദീകരിച്ചു.

സദൃശ്യമായ രീതിയിൽ അജപാലന ശുശ്രൂഷയുടെ സാക്ഷ്യമേകാൻ പുതിയ കർദിനാൾമാരെ സഭ വാഴിച്ചിരിക്കുകയാണെന്ന് പറഞ്ഞ പാപ്പ സഭയിലെ പുതിയ കർദിനാൾമാരെ അനുമോദിക്കുകയും ഹർഷാരവത്തോടെ അവർക്ക് ആശംസകളർപ്പിക്കാൻ ജനത്തെ ക്ഷണിക്കുകയും ചെയ്തു.

ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുള്ള കർദിനാൾമാർക്ക് വി.പത്രോസിന്‍റെ പിൻഗാമിയോടുള്ള ഐക്യവും കൂട്ടായ്മയും ദൃശ്യമായ കർദിനാൾമാരുടെ യോഗവും അഥവാ കൺസിസ്റ്ററിയും നവകർദിനാൾമാരോടൊപ്പം അർപ്പിച്ച കൃതജ്ഞതാബലിയും കത്തോലിക്കാ സഭയുടെ സാർവ്വത്രികത നേരിൽ അനുഭവിച്ചറിയാനുള്ള അവസരമായിരുന്നുവെന്ന് പാപ്പ പറഞ്ഞു. സഭയുടെ ഐക്യത്തിനുവേണ്ടി പരിശ്രമിക്കാനും ഈ ഐക്യം പടുത്തുയർത്താനും കർത്താവ് നമുക്കു കൃപയേകട്ടെ. ഐക്യമാണ് സംഘർഷങ്ങളേക്കാൾ പ്രധാനം. ക്രിസ്തുവിന്‍റെ സഭയുടെ ഐക്യത്തിന് പ്രാധാന്യം നൽകണം.

ഈ ദിവസങ്ങളിൽ നാം പങ്കുചേർന്ന ആരാധനാക്രമാഘോഷങ്ങള്‍ വിശ്വാസത്തിൽ ശക്തിപ്പെടുത്താനും ക്രിസ്തുവിനോടും അവിടുത്തെ സഭയോടുമുള്ള സ്നേഹം ആഴപ്പെടുത്താനും ഇടയാകട്ടെ എന്നും പാപ്പ ആശംസിച്ചു. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന അജഗണത്തെ അജപാലന തീക്ഷണതയോടെ നയിക്കാനും, കർത്താവായ ക്രിസ്തുവിന്‍റെ ആർദ്രമായ സ്നേഹം ജനത്തിനു പകർന്നു നൽകാനും സഭയിലെ അജപാലക ശ്രേഷ്ഠരെ പിന്തുണയ്ക്കണമെന്നും അവർക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പ വിശ്വാസസമൂഹത്തോട് ആവശ്യപ്പെട്ടു. ദൈവജനത്തെ നയിക്കാൻ മാർപാപ്പയ്ക്കും കർദിനാൾമാർക്കും മെത്രാൻമാർക്കും ഒരുപാട് പ്രാർത്ഥന ആവശ്യമുണ്ട്. ദൈവജനത്തെ സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന ശുശ്രൂഷകരാണ് അവർ. കാരണം ശുശ്രൂഷകരായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് പാപ്പായും കർദിനാൾമാരും മെത്രാൻമാരും. ക്രിസ്തുവിന്‍റെ നാമത്തിൽ ശുശ്രൂഷിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവർ. അതിനാൽ അവർ നല്ല ശുശ്രൂഷകരായിരിക്കുവാൻ വേണ്ടി, നല്ല യജമാനൻമാരല്ല, നല്ല ശുശ്രൂഷകരായിരിക്കുവാൻ വേണ്ടി ജനം പ്രാർത്ഥിക്കണം. അപരനെ ശുശ്രൂഷിക്കുകയും, സമകാലീനരായ സ്ത്രീ പുരുഷൻമാർക്ക് ആത്മീയ വെളിച്ചമേകാൻ പ്രവാചകസമാനമായ ധീരതയോടെ ഇറങ്ങിത്തിരിക്കുകയും ചെയ്യുന്ന ക്രിസ്തുവിനോട് വിശ്വസ്തയായ സഭയ്ക്ക് സാക്ഷ്യമേകാൻ മെത്രാൻമാരും, വൈദികരും, സമർപ്പിതരും, അൽമായരുമായ നമുക്കെല്ലാവർക്കും ഒരുമിച്ച് പരിശ്രമിക്കാം. ഈ യാത്രയിൽ പരിശുദ്ധ മറിയം നമ്മെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ.

Reported: Vatican Radio, TG








All the contents on this site are copyrighted ©.