2014-02-22 12:10:54

കർമ്മരഹിതമായ വിശ്വാസം ഫലശൂന്യം: മാർപാപ്പ


21 ഫെബ്രുവരി 2014, വത്തിക്കാൻ

കർമ്മരഹിതമായ വിശ്വാസം ഫലശൂന്യമെന്ന് ഫ്രാൻസിസ് മാർപാപ്പ സഭാംഗങ്ങളെ ഓർമ്മിക്കുന്നു. വത്തിക്കാനിലെ സാന്താമാർത്താ മന്ദിരത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേ നൽകിയ ഒരു വചന സമീക്ഷയിലാണ് വിശ്വാസവും പ്രവർത്തിയും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്. വി.യാക്കോബിന്‍റെ ലേഖനം (2,14-26) ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചനപ്രഘോഷണം. ആഴമായ വിശ്വാസമുണ്ടെന്ന് അവകാശപ്പെടുന്നവർ മന്ദോഷ്ണമായ ജീവിതം നയിക്കുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ച് സൂചിപ്പിച്ച പാപ്പ, അത്തരക്കാരെ സംബന്ധിച്ച് വിശ്വാസം ഒരു സിദ്ധാന്തം മാത്രമാണെന്ന് പ്രസ്താവിച്ചു. എല്ലാ പ്രമാണങ്ങളും, കൽപനകളും, വിശ്വാസ രഹസ്യങ്ങളും അറിഞ്ഞിരിക്കുന്നതല്ല, അവയെല്ലാം ജീവിക്കുന്നതാണ് വിശ്വാസം. വിശ്വാസമില്ലാത്തവർക്കും വിശ്വാസപ്രമാണം എത്ര തവണ വേണമെങ്കിലും ആവർത്തിക്കാം. അങ്ങനെ ചെയ്യുന്ന അനേകരുണ്ട്. വിശ്വാസ പ്രമാണം എന്താണെന്നും അതിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നും പിശാചുകൾക്കുപോലും അറിയാം. “ദൈവം ഏകനാണെന്ന് നീ വിശ്വസിക്കുന്നു. അതു നല്ലതു തന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവർ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു.”(യാക്കോബ് 2,19) ഏക ദൈവത്തെക്കുറിച്ച് കേൾക്കുന്ന പിശാചുക്കൾ ഭയന്നു വിറയ്ക്കുമെങ്കിലും മനുഷ്യർ ഭാവഭേദമൊന്നും കൂടാതെ ജീവിക്കുന്നു എന്നതാണ് വ്യത്യാസം. വിശ്വാസം ഒരു സിദ്ധാന്തമോ, പ്രത്യയ ശാസ്ത്രമോ ആയി പരിഗണിക്കുന്നവരുമുണ്ട്. ഒരു സിദ്ധാന്തമോ പ്രത്യയ ശാസ്ത്രമോ അല്ലത്, പ്രവർത്തികളിലൂടെയാണ് വിശ്വാസം പ്രകടമാകുന്നതും ഫലമണിയുന്നതും. ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച്ചയാണ് വിശ്വാസം. വിശ്വാസത്തിന് സാക്ഷ്യം കൂടിയേ തീരൂ. പ്രവർത്തികളിലൂടെ സാക്ഷ്യം നൽകാത്ത വിശ്വാസം നിർജ്ജീവമാണെന്ന് വി.യാക്കോബ് ശ്ലീഹായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പ വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു.


Reported: Vatican Radio, TG








All the contents on this site are copyrighted ©.