2014-02-22 09:22:05

ക്ഷമിക്കുന്ന സ്നേഹം
മന്നില്‍ സമാധാനമാര്‍ഗ്ഗം


RealAudioMP3
വി. മത്തായി 5, 38-48 ആണ്ടുവട്ടം ഏഴാം ഞായര്‍

കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍കേട്ടിട്ടണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു. ദുഷ്ടനെ എതിര്‍‍ക്കരുത്. വലത്തു കരണത്തടിക്കുന്നവന്‍ മറ്റേക്കരണംകൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്‍റെ ഉടുപ്പു കരസ്ഥമാക്കാന്‍ ഉദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരു മൈല്‍ദൂരം പോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ദൂരം പോകുക. ചോദിക്കുന്നവനു കൊടുക്കുക. വായ്പ്വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്. അയല്‍ക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നു പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിന്‍, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരും. അവിടുന്ന് ശിഷ്ടരുടെയും ദുഷ്ടരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടേയും, നീതിരഹിതരുതേടയുംമേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങള്‍ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രിതഫലമാണു ലഭിക്കുക. ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ. അതുകൊണ്ട്, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ്‍ പരിപൂര്‍ണ്ണനായിരിക്കുന്നപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍.

2005 ഏപ്രില്‍ മാസത്തിലായിരുന്നു ചൈനീസ് പ്രധാനമന്ത്രിയായിരുന്ന വേന്‍ജിയാ ബോവോയുടെ ഇന്ത്യാ സന്ദര്‍ശിച്ചത്. ശ്രദ്ധേയവും വിജയപ്രദവുമായ സന്ദര്‍ശനമായിട്ടാണ് ലോകം അതിനെ വിലയിരുത്തിയത്. കാരണം ‘ഇന്ത്യ-ചീനാ ഭായ്, ഭായ്’ എന്ന് നാം വീമ്പിളക്കി നടന്നിരുന്ന കാലഘട്ടത്തിലാണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. അയല്‍രാജ്യത്തിന്‍റെ ആക്രമണത്തില്‍ മനംനൊന്ത് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നേറുവിന്‍റെ ആരോഗ്യം ക്ഷയിച്ചതെല്ലാം ഈ സന്ദര്‍ശനത്തോടെ പഴങ്കഥയായി മാറി. ബോവോയുടെ സന്ദര്‍ശനംവഴി നേടിയ അതിര്‍ത്തിത്തര്‍ക്ക പരിഹാരം വലിയ രാഷ്ട്രീയ നേട്ടമായി ഇന്നും കണക്കാക്കപ്പെടുന്നു. അങ്ങനെ ഇന്ത്യയ്ക്ക് അയല്‍ രാജ്യവുമായുള്ള ശത്രുതയുടെ അന്തരീക്ഷം മാറിക്കിട്ടി. ഇതേക്കുറിച്ച് Procter and Gamble എന്ന ലോകമാധ്യമ പ്രസ്ഥാനത്തിന്‍റെ മുന്‍ചീഫ് എക്സിക്യൂട്ടീവും റിപ്പോര്‍ട്ടറുമായ ചരണ്‍ദാസ് ക്യൂരി ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. “മൂവ്വായിരം വര്‍ഷങ്ങളായി ഇന്ത്യയും ചൈനയും കാത്തിരുന്ന അത്യപൂര്‍വ്വ നിമിഷമായിരുന്നു ഈ അനുരഞ്ജന സംഗമം,” എന്ന്. രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഊഷ്മളബന്ധം പോലെതന്നെയാണ് രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധവും. മനുഷ്യന്‍റെ രമ്യത ദൈവം കാത്തിരിക്കുന്ന ആനന്ദ നിമിഷംതന്നെയാണ്.

പ്രതികാരത്തിനു കടിഞ്ഞാണ്‍ ഇടാന്‍വേണ്ടിയാണ് പഴയനിയമത്തില്‍ ‘കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന് എഴുതിച്ചേര്‍ത്തത് (പുറപ്പാട് 21, 22-25, നിയമാ. 19, 21). ക്രിസ്തുവിനു മുന്‍പും, ക്രിസ്തുവിന്‍റെ കാലത്തും നിലവിലുണ്ടായിരുന്ന ഹമ്മുറാവിയുടെ നിയമത്തില്‍ (1800 ബിസി) ഒരു കണ്ണിനുപകരം പത്തു കണ്ണ്, ഒരു പല്ലിനു പകരം പത്തു പല്ല്, എന്നായിരുന്നു പ്രതികാരനിയമം. എന്‍റെ കണ്ണ് ഒരാള്‍ കുത്തിപ്പൊട്ടിച്ചാല്‍ അയാളുടെയും അയാളുടെ ബന്ധുക്കളുടേതുമായി പത്തു കണ്ണുകള്‍ എനിക്കു കുത്തിക്കളയാം ഇതല്പം കൂടുതലാണെന്നു കണ്ടിട്ടാണ്, ഒരു കണ്ണിനു പകരം ഒരു കണ്ണ് കുത്തിയാല്‍ മതി, എന്ന ഔദാര്യം കാണിച്ചുകൊണ്ട് പ്രതികാരനിയമത്തെ മോശ മയപ്പെടുത്തിയത്. എന്നാല്‍, ക്രിസ്തു പറഞ്ഞത്, ദ്രോഹിയെ എതിര്‍ക്കരുത്, എന്നാണ്. അനീതിയെ ചെറുക്കരുത് എന്നല്ല ഇതിന്‍റെ അര്‍ത്ഥം. മറിച്ച് തിന്മയെ നന്മകൊണ്ട് കീഴടക്കുക, എന്നാണ്.
തിന്യ്ക്കുപകരം തിന്മചെയ്താല്‍ തിന്മ സമൂഹത്തില്‍ വളരുമെന്നു മാത്രമല്ല, അത് സമൂഹത്തെ ഭരിക്കും. ഇന്നത്തെ സാമൂഹ്യചുറ്റുപാടില്‍ നടക്കുന്ന പ്രതിഭാസം ഇതാണ്. സമൂഹജീവിതത്തെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെയും, ഭീകരാക്രമണങ്ങളുടെയും, വംശീയസംഘട്ടനങ്ങളുടെയും പിന്നില്‍ പ്രതാകാരത്തിന്‍റെ മനോഭാവമാണെന്നതില്‍ സംശയമില്ല.

പ്രതികാരംചെയ്യുന്നത് പൈശാചികമാണ്. പ്രതികാരംചെയ്യുന്നവര്‍ സാത്താന്‍റെ സാമ്രാജ്യക്കാരാണ്. ദൈവരാജ്യത്തില്‍പ്പെട്ടവരാകട്ടെ, സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ പരിപൂര്‍ണ്ണത പ്രാപിക്കാന്‍ പരിശ്രമിക്കുന്നവരാണ്. എന്താണ് ആ പരിപൂര്‍ണ്ണത. ദുഷ്ടന്‍റെമേലും ശിഷ്ടിന്‍റെമേലും മഴപെയ്യിക്കുന്ന, സൂര്യനെ ഉദിപ്പിക്കുന്ന സീമാതീതമായ സ്നേഹമാണത്, അസ്തമിക്കാത്ത ദൈവിക സ്നേഹമാണത്. നാം ഏതുപക്ഷത്താണെന്ന് ഈ ധ്യാനത്തിന്‍റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നത് ഉചിതമാണ്.

ലാസറിനെ ഉയിര്‍പ്പിക്കുന്നതിനു മുന്നേ ക്രിസ്തു ആവശ്യപ്പെടുന്നൊരു കാര്യമുണ്ട്. കല്ലെടുത്തു മാറ്റുക. ഏതൊരു മനുഷ്യനും സങ്കല്പിക്കാവുന്നതില്‍വച്ച് ഏറ്റവും വലുതും വിസ്മയകരവുമായ അത്ഭുതത്തിന് ഒരുക്കമായി ക്രിസ്തു ആവശ്യപ്പെടുന്ന്, ഒറ്റനോട്ടത്തില്‍ വളരെ നിസ്സാരവും ചെറുതെന്നു തോന്നുന്നതുമായ കാര്യമാണ് - കല്ലെടുത്തു മാറ്റുക! ജീവന്‍റെ സമൃദ്ധി ലഭിക്കുക എന്നതാണ് ഏറ്റവും വലിയ അത്ഭുതം. ജീവിന്‍റെ സമൃദ്ധിക്കു വിഘാതമായിട്ടു നില്ക്കുന്ന കല്ലുകള്‍ എടുത്തു മാറ്റണം എന്നാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. കല്ല് എന്തുമാകാം. അമിതമായ ആകുലതകള്‍, ആസക്തികള്‍, ഭയാശങ്കകള്‍ എന്തുമാകട്ടെ. എല്ലാ ഹൃദയങ്ങളും ഏറ്റുക്കുറച്ചിലുകളോടെ സൂക്ഷിക്കുന്ന ഒരു കല്ലുണ്ട്. അത്, ആരോടൊക്കെയോ ഉള്ളില്‍ പേറുന്ന പരിഭവങ്ങളുടെയും വിദ്വേഷത്തിന്‍റെയും കല്ലുകളാണ്.... അവ എടുത്തു മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മളും ലാസറിനെപ്പോലെ ജീവന്‍റെ സമൃദ്ധിയിലേയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുമായിരുന്നു, എന്നാണ് ക്രിസ്തു ഇന്നു പഠിപ്പിക്കുന്നത്, അനുസ്മരിപ്പിക്കുന്നത്.

അകാരണമായിട്ടുതന്നെ നാം ഒത്തിരിയേറെ മുറിവേല്പിക്കപ്പെടുന്നുണ്ട്. ഖലീല്‍ ജിബ്രാന്‍റെ കഥയിങ്ങനെയാണ്. പുഴയോരത്തിരുന്നു കരയുന്ന കുഞ്ഞിനെപ്പറ്റി ഇങ്ങനെ പറയുന്നു. അവന്‍റെ കളിവീട് ആരോ തകര്‍ത്തുകളഞ്ഞു. അതാണവന്‍റെ വേദന. “ഞാന്‍ ആരുടേയും കളിവീടു തര്‍ത്തിട്ടില്ലല്ലോ. എന്നിട്ടുമെന്തേ, എന്‍റെ കളിവീടു തകര്‍ക്കപ്പെട്ടു?” ഇന്നു നമ്മുടെ ബന്ധങ്ങളില്‍ പൊള്ളലായ് ഉയരുന്ന വികാരമാണിത്. ‘ഞാന്‍ ആരുടേയും മണ്‍വീടു തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നിട്ടെന്ത്യേ.. ഇങ്ങനെ... എന്നോട്...’.

ജീവിതാഹ്ലാദത്തിനു മൂന്ന് അനിവാര്യതകളുണ്ട്. ഒന്ന്, നമ്മോടുതന്നെ പൊറുക്കാനാവുക. രണ്ട് അപ്രിയമായ അനുഭവങ്ങളുടെ പേരില്‍ത്തന്നെ അപരനോടും ക്ഷമിക്കാന്‍‍ സാധിക്കുക. മൂന്ന്, നമുക്ക് താല്പര്യമില്ലാത്ത ജീവിതാനുഭവങ്ങള്‍ക്കും സഹനങ്ങള്‍ക്കും ദൈവത്തോടുപോലും പരിഭവമില്ലാതിരിക്കുക. ഈ വിധത്തില്‍ ആരോടും പരിഭവമില്ലാതിരിക്കുക എന്നതാണു പ്രധാനം. സ്ഞ്ചാരിയുടെ ദൈവശാസ്ത്രംപോലെയാണിത്. അമിതഭാരങ്ങള്‍ യാത്രയുടെ കൗതുകത്തെ വല്ലാതെ നശിപ്പിച്ചുകളയുന്നു. നമ്മുടെ യാത്രയെ തീര്‍ത്ഥയാത്രയായി കാണാന്‍ കഴിയണെങ്കില്‍ നമ്മുടെ മനസ്സിന്‍റെ ഭാണ്ഡക്കെട്ടിലെ അമിതഭാരത്തിന്‍റെ കല്ലുകള്‍ എടുത്തുമാറ്റിയേ തീരൂ.

കുരിശില്‍ക്കുടന്നു ക്രിസ്തു പ്രാര്‍ത്ഥിച്ചത് “പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല,” എന്നാണ്. ആരും ഒന്നും അറിയുന്നില്ല എന്നതാണു സത്യം. നമ്മെ വേദനിപ്പിച്ചവന്‍ അറിയുന്നില്ല നമുക്കു നല്കിയ ഉറക്കമില്ലാത്ത രാവുകളെപ്പറ്റി, അഥവാ മുടക്കിയ അത്താഴങ്ങളുടെ രുചിയെപ്പറ്റി പ്രാര്‍ത്ഥനയില്‍ നാം വീഴ്ത്തിയ കണ്ണീരിന്‍റെ അളവുകള്‍ നമ്മെ വേദനിപ്പിച്ചവന്‍ ഒട്ടും അറിയുന്നില്ല. ആരും ആരേയും മനസ്സിലാക്കാത്ത അവസ്ഥയാണിത്. മനുഷ്യര്‍ക്കു മനുഷ്യരെ മനസ്സിലാകും എന്നു പറയുന്നതു നമ്മുടെ വിലയ തെറ്റിദ്ധാരണകളില്‍ ഒന്നാണെന്നു തോന്നുന്നു. നിങ്ങളുടെ ഏറ്റവും അടുത്തയാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള ധാരണ
അറിവുകടലിലെ മഞ്ഞുമലയ്ക്കു സദൃശമാണെന്നാണ് മനഃശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ഏഴിലൊന്നു മാത്രമേ വെളിപ്പെട്ടുകിട്ടുന്നുള്ളൂ. ആറുഭാഗവും കടലിന്‍റെ അഗാധത്തിലാണ്.

വീട്ടുടമസ്ഥന്‍ രാവിലെ ഉണര്‍ന്ന് പത്രംവായിച്ച് ചായയും കുടിച്ചിരിക്കുമ്പോള്‍ അതാ, വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേയ്ക്കു ഒരാള്‍ കടന്നുവരുന്നു. പൂക്കളും ചെടികളും പുല്‍ത്തകിടികളുമെല്ലാം ചവിട്ടിമെതിച്ച് അയാള്‍ മുന്നോട്ടു വരികയാണ്. ഗൃഹനാഥന് കോപംവന്നു. പിന്നിലൂടെ ഓടിച്ചെന്ന്, ആക്രമിയെ കഴുത്തിനു പിടിച്ച് പൂന്തോട്ടത്തിനു പുറത്ത് വഴിയിലേയ്ക്കു തള്ളിയിടാന്‍ ശ്രമിക്കവെ, പെട്ടെന്ന് കൈ പിന്‍വലിച്ചു.
കാരണം, തന്‍റെ തോട്ടത്തില്‍ കടന്ന് ചെടികളും പൂക്കളും ചവിട്ടിമെതിച്ചവന്‍ അന്ധനായിരുന്നു! അറിയാതെ, വഴിതെറ്റി അയാള്‍ വീട്ടുമുറ്റത്തെ തോട്ടത്തില്‍ പ്രവേശിച്ചതാണ്. ഖിന്നനായ കുടുംബനാഥന്‍ പിന്നീടു മക്കളോടു പറഞ്ഞത് ഇങ്ങനെയാണ്. ‘മക്കളേ, നമ്മുടെ തോട്ടം നശിപ്പിക്കുന്നവരോടു വിദ്വേഷമരുത്. ഒരുപക്ഷേ, അവര്‍ അന്ധരായിരിക്കാം.’

വിശുദ്ധ റീത്തയുടെ ജീവിതഭാഗവും ഇവിടെ ഓര്‍മ്മവരികയാണ്. റീത്തയുടെ ഭര്‍ത്താവ് ശത്രുക്കളാല്‍ കൊല്ലപ്പെട്ടു. സംസ്ക്കാരശുശ്രൂഷകള്‍ കഴിഞ്ഞ് ദുഃഖാര്‍ത്തയായി സിമിത്തേരിയില്‍നിന്നും അവള്‍ പുറത്തേയ്ക്കു വരുമ്പോള്‍ തന്‍റെ രണ്ട് കുഞ്ഞ് ആണ്‍മക്കള്‍ ഓടിവന്നു പറഞ്ഞു. “അമ്മേ, വിഷമിക്കരുത്. ഞങ്ങള്‍ വലുതാവട്ടെ ഇതിനൊക്കെ പ്രതികാരം ചെയ്തുകൊള്ളാം.” മക്കളുടെ ആശ്വാസവാക്കുകള്‍ കേട്ട് വിശുദ്ധ റീത്ത മുട്ടില്‍വീണ് ഉടനെ പ്രാര്‍ത്ഥിച്ചത്രേ. “ദൈവമേ, എന്‍റെയീ കുഞ്ഞുങ്ങളെ പകയില്‍നിന്നും വിമുക്തരായി വളര്‍ത്താന്‍ എനിക്കായില്ലെങ്കില്‍, അങ്ങ് അവരുടെ ആയുസ്സ് ഒടുക്കിക്കൊള്ളുക.” വൈകാതെ രണ്ടു കുഞ്ഞുങ്ങളും രോഗബാധിതരായി മരണമടഞ്ഞുവെന്നാണ് വിശുദ്ധ റീത്തയുടെ ജീവചരിത്രം സാക്ഷൃപ്പെടുത്തുന്നത്.
ഉള്ളില്‍ പക സൂക്ഷിക്കുന്നൊരുവന്‍ മൃതനെക്കാള്‍ മൃതിയില്‍ ജീവിക്കുന്നു എന്നാണ് ഇതിനര്‍ത്ഥം. ജീവിതത്തിന്‍റെ ഘടികാരങ്ങള്‍ സ്പന്ദിക്കുന്നത് സ്നേഹിക്കുന്നവര്‍ക്കും, ജീവിതത്തില്‍ ക്ഷമിക്കുന്നവര്‍ക്കും വേണ്ടിയാണ്.
__________________________
Prepared by William Nellikal








All the contents on this site are copyrighted ©.