2014-02-21 17:51:58

പുതിയ പേപ്പൽ സ്റ്റാമ്പുകൾ പുറത്തിറങ്ങുന്നു


21 ഫെബ്രുവരി 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പയുടെ പേപ്പൽ ശുശ്രൂഷയുടെ രണ്ടാം വർഷാരംഭത്തോടനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കുമെന്ന് വത്തിക്കാന്‍റെ സ്റ്റാമ്പ് നിർമ്മാണ വിഭാഗം (The Philatelic and Numismatic Office) അറിയിച്ചു. 2013 മാർച്ച് 13ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പായുടെ സ്ഥാനാരോഹണം മാർച്ച് 19നായിരുന്നു. മാർപാപ്പായുടെ ആദ്യവർഷത്തെ ശുശ്രൂഷയിലെ അവിസ്മരണീയ സംഭവങ്ങളാണ് പുതിയ സ്റ്റാമ്പുകളിൽ മുദ്രണം ചെയ്യുക. ലോക സമാധാനത്തിനുവേണ്ടി, വിശിഷ്യാ സിറിയൻ പ്രശ്നപരിഹാരത്തിനുവേണ്ടി മാർപാപ്പ വത്തിക്കാനിൽ വിളിച്ചുകൂട്ടിയ പ്രാർത്ഥനാ സംഗമം, അഭയാർത്ഥി കേന്ദ്രമായ ലാമ്പെദൂസാ ദ്വീപിലേക്ക് പാപ്പ നടത്തിയ ഇടയ സന്ദർശനം, ബ്രസീലിലെ റിയോ ദി ജനീറോയിലെ ലോക യുവജന സംഗമം എന്നിങ്ങനെയുള്ള വിശിഷ്ട മുഹൂർത്തങ്ങള്‍ പുതിയ സ്റ്റാമ്പുകളിൽ ആലേഖനം ചെയ്യപ്പെടും.

ഫീലിപ്പീൻസിന്‍റെ ദേശീയ തപാല്‍ വകുപ്പുമായി സഹകരിച്ചുകൊണ്ടാണ് 70 സെന്‍റ് മുതൽ 2.50 യൂറോ വരെ മുഖവിലയുള്ള രണ്ട് ലക്ഷം സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നതെന്ന് വത്തിക്കാന്‍റെ ഫിലാറ്റെലിക് വിഭാഗത്തിന്‍റെ പ്രസ്താവന അറിയിച്ചു.


Reported: Vatican Radio, TG







All the contents on this site are copyrighted ©.