2014-02-20 17:52:50

സഹനത്തിലും
വിരിയേണ്ട സാഹോദര്യം


20 ഫെബ്രുവരി 2014, വത്തിക്കാന്‍
സഹനത്തില്‍ വിരിയുന്ന സാഹോദര്യത്തിന്‍റെ സമര്‍പ്പണം ‘ജീവന്‍റെ സുവിശേഷ’മാണെന്ന്
(Gospel of life) പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. വത്തിക്കാനില്‍ ചേര്‍ന്ന ‘ജീവനുവേണ്ടിയുള്ള ശാസ്ത്ര അക്കാഡമി’യുടെ സമ്പൂര്‍ണ്ണസമ്മേളനത്തിന് (Pleanary of the Pontifical Academy of Life) ഫെബ്രുവരി
20-ാം തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

രോഗങ്ങളും സഹനങ്ങളും ജീവിതപൂര്‍ണ്ണിമയ്ക്ക് വിഘാതമല്ലാത്തതിനാല്‍, അനാരോഗ്യമോ അംഗവൈകല്യമോ സമൂഹത്തില്‍നിന്നും കുടുംബങ്ങളില്‍നിന്നുമുള്ള വ്യക്തികളുടെ പുറതള്ളലിനും, ഒറ്റപ്പെടലിനും അവരോടുള്ള സ്നേഹമില്ലായ്മയ്ക്കും കാരണമാകരുതെന്ന്, 20-ാം വാര്‍ഷികം ആഘോഷിക്കുന്ന അക്കാഡമിയുടെ അംഗങ്ങളെ
പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. വാര്‍ദ്ധക്യവും അംഗവൈകവും (Aging & Diability) ഇന്ന് സഭയുടെ ഇഷ്ടവിഷയമാണ്. വയോധികരെയും ബലഹീനരെയും കീഴ്പ്പെടുത്തുകയും ചിലപ്പോള്‍ കൊന്നൊടുക്കുകയും ചെയ്യുന്ന സംസ്ക്കാരത്തിലേയ്ക്ക് ലോകം നീങ്ങുന്നുണ്ട്. പ്രായമായവര്‍ ഉപയോഗശൂന്യരാണെന്ന ചിന്ത വളര്‍ത്തുന്ന അപചയത്തിന്‍റെ സംസ്ക്കാരമാണത്. ഒപ്പം അത് ഒറ്റപ്പെടുത്തലും ഒഴിവാക്കലുമാണ്. ആരോഗ്യം ഗൗനിക്കേണ്ട മൂല്യമാണെങ്കിലും, വ്യക്തിത്വത്തിന്‍റെ നിര്‍ണ്ണായക മൂല്യം ആരോഗ്യമല്ലെന്നും, അതുപോലെ ആരോഗ്യമല്ല ജീവിതാനന്ദത്തിന്‍റെ സൂക്തമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. അതിനാല്‍ പ്രായമായവരോടും നിരാലംബരോടും സമൂഹം പ്രതിബദ്ധത കാണിക്കണമെന്ന് പാപപാ സന്ദേശത്തില്‍ ആഹ്വാനംചെയ്തു.

കൂട്ടായ്മയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും വിലനിലമാവണം കുടുംബം. ആരോഗ്യക്ഷയം ഒരിക്കലും വിവേചനത്തിന് കാരണമാകരുത്. വ്യക്തിയുടെ ആരോഗ്യം ക്ഷയിച്ചാലും സ്നേഹവും സാന്ത്വനവും പിന്‍തുണയുംകൊണ്ട് കുടുംബത്തിലെ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതാണ്. പരസ്പര പരിചരണവും പിന്‍തുണയും അങ്ങനെ മനുഷ്യസ്തിത്വത്തിന്‍റെ അടിത്തറയും എന്നും വളര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട ധാര്‍മ്മിക മനോഭാവമാണ്. പ്രായമായവരെ പിന്‍തുണ്യ്ക്കുന്നതിന് കുടുംബങ്ങളുടെ പിന്‍തുണയും മാതൃകയും ഇന്നത്തെ സമൂഹത്തിന് അനിവാര്യമാണ്. ഒന്നും സ്വീകരിക്കാതെ ത്യാഗപൂര്‍വ്വം നല്കുവാന്‍ സന്നദ്ധമാകുന്ന, നാം അനുദിനം വളര്‍ത്തിയെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യേണ്ട ദൗത്യമാണിത്.

രോഗത്തിന്‍റെയും വാര്‍ദ്ധക്യത്തിന്‍റെയും പ്രത്യാഘാതമാണ് ബലക്ഷയം, ആശ്രിതത്വം വൈകല്യങ്ങള്‍ എന്നിവ. എന്നാല്‍ ജീവിതസമര്‍പ്പണത്തില്‍ സഹനം അനിവാര്യമാണ്. സഹനം ദൈവികദാനമായി കാണാന്‍ പഠിക്കണം. നാം അതിനെ ആത്മനാ ഉള്‍ക്കൊള്ളണം. ഇങ്ങനെ ഒരു വീക്ഷണത്തില്‍ മാത്രമേ, അതിനെ ദൈവത്തിന്‍റെ ദാനമായും സമൂഹത്തിനുള്ള സമ്മാനമായും കാണുവാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ നാം അനുദിനം വളര്‍ത്തിയെടുക്കുന്ന സാഹോദര്യത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും ഉത്തരവാദിത്വ പൂര്‍ണ്ണമായി ജീവിതരീതി ‘ജീവന്‍റെ സുവിശേഷ’മാണ് (Gospel of Life).
_____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.