2014-02-17 15:38:43

നിയമത്തിന്‍റെ പൂർത്തികരണം സ്നേഹത്തിലൂടെ: മാർപാപ്പയുടെ ത്രികാല പ്രാർത്ഥനാ സന്ദേശം


17 ഫെബ്രുവരി 2014, വത്തിക്കാൻ

സ്നേഹത്തിന്‍റെ പൂർണ്ണതയിലൂടെയാണ് നിയമത്തിന്‍റെ പൂർത്തീകരണം സാധ്യമാകുന്നതെന്ന് ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച്ച നൽകിയ ത്രികാല പ്രാർത്ഥനാ സന്ദേശത്തിലാണ് നിരുപമമസ്നേഹത്തിലൂടെ പൂർത്തീകരിക്കപ്പെടുന്ന നിയമത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചത്.
ഞായറാഴ്ച്ച ദിവ്യബലിമധ്യേ വായിച്ച സുവിശേഷ ഭാഗത്തെ ആസ്പദമാക്കിയായിരുന്നു പാപ്പായുടെ സന്ദേശം. വിശുദ്ധ മത്തായി എഴുതിയ സുവിശേഷം 5ാം അദ്ധ്യായം, 17 മുതൽ 37 വരെയുള്ള വാക്യങ്ങളായിരുന്നു സുവിശേഷഭാഗം. ഹെബ്രായ നിയമത്തോടുള്ള യേശുവിന്‍റെ മനോഭാവമാണ് ഈ സുവിശേഷ ഭാഗത്തെ മുഖ്യപ്രമേയം എന്നു പറഞ്ഞുകൊണ്ടാണ് പാപ്പ തന്‍റെ സന്ദേശം ആരംഭിച്ചത്.
“നിയമത്തെയോ പ്രവാചകൻമാരേയോ അസാധുവാക്കാനാണു ഞാൻ വന്നതെന്ന് നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല, പൂർത്തിയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്.” എന്ന് യേശു പ്രസ്താവിച്ചു (മത്താ.5,17). ദൈവം മോശയിലൂടെ നൽകിയ കൽപനകൾ ഇല്ലാതാക്കുകയല്ല, അവ പൂർത്തീകരിക്കുകയായിരുന്നു യേശുവിന്‍റെ ലക്ഷ്യം. മറ്റൊരു കാര്യംകൂടി യേശു ഉടൻ വ്യക്തമാക്കുന്നുണ്ട്: നിയമത്തിന്‍റെ പൂർത്തീകരണത്തിന് കൂടുതൽ ‘സത്യസന്ധമായ നിയമാനുഷ്ഠാനവും’ ‘ഉയർന്ന നീതിബോധവും’ അനിവാര്യമാണ്. “നിങ്ങളുടെ നീതി നിയമജ്ഞരുടേയും ഫരിസേയരുടേയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന്(മത്താ.5,20) യേശു തന്‍റെ ശിഷ്യൻമാരെ ഉത്ബോധിപ്പിച്ചു.
‘നിയമത്തിന്‍റെ പൂർത്തീകരണം’ എന്നു പറയുന്നതിന്‍റെ അർത്ഥമെന്താണ്? ‘അതിശയിക്കുന്ന നീതി’ എന്താണ്? ചില ഉദാഹരണങ്ങളിലൂടെയാണ് യേശു ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. വളരെ പ്രായോഗികമായി, ഉദാഹരണങ്ങളിലൂടെ പ്രബോധനം നൽകിയിരുന്ന ഗുരുനാഥനാണല്ലോ യേശു.
പത്തുകൽപനകളിലെ അഞ്ചാമത്തെ കൽപനയെക്കുറിച്ചായിരുന്നു ആദ്യത്തെ ഉദാഹരണം. “കൊല്ലരുത്; കൊല്ലുന്നവൻ ന്യായവിധിക്ക് അർഹനാകും എന്ന്, പൂർവ്വികരോട് പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവൻ ന്യായവിധിക്ക് അർഹനാകും.” വാക്കുകൾകൊണ്ടും വധിക്കാമെന്നാണ് ക്രിസ്തു ഇവിടെ സൂചിപ്പിക്കുന്നത്. സർപ്പത്തിന്‍റെ നാവാണ് അയാൾക്ക്! എന്ന് ആരെക്കുറിച്ചെങ്കിലും പറയപ്പെടുന്നുണ്ടെങ്കില്‍ അയാളുടെ വാക്കുകൾക്ക് കൊല്ലാനുള്ള വിഷമുണ്ട് എന്നല്ലേ സൂചിപ്പിക്കുന്നത്!
ഒരാളുടെ ജീവന് ഹാനിവരുത്താതിരുന്നാൽ മാത്രം പോര, വെറുപ്പിന്‍റെ വിഷം അയാളുടെമേൽ കുത്തിവയ്ക്കാനോ അപവാദപ്രചരണത്തിലൂടെ അയാളെ പ്രഹരിക്കാനോ പാടില്ല. അയാളെക്കുറിച്ച് മോശമായി സംസാരിക്കുകയും അരുത്. അപവാദ പ്രചരണമാണ് ഇവിടെ പരാമർശിക്കപ്പെടുന്നത്. അപവാദ പ്രചരണം കൊലപാതകത്തിനു സമാനമാണ് കാരണം അതിലൂടെ ഒരു വ്യക്തിയുടെ സൽപേര് കൊലചെയ്യപ്പെടുന്നു. മഹാകഷ്ടമാണത്! ആദ്യമൊക്കെ അതു രസകരമായിരിക്കും, ഒരു മിഠായിപ്പോലെ മധുരമുള്ളതായി തോന്നും. പക്ഷേ ഒടുവിൽ ഹൃദയം മുഴുവൻ കയ്പ്പുനിറയും, നമ്മുടെ ഉള്ളുമുഴുവൻ വിഷലിപ്തമാകും. അതൊരു യാഥാർത്ഥ്യമാണ്!
അപവാദ പ്രചരണവും വ്യർത്ഥഭാഷണവും പൂർണ്ണമായും ഒഴിവാക്കാൻ തിരുമാനിച്ചാൽ, ക്രമേണ നമ്മുടെ ജീവിതം വിശുദ്ധമായിത്തീരും. വിശുദ്ധരാകാനുള്ള നല്ലൊരു മാർഗ്ഗമാണത്.
നിങ്ങൾ വിശുദ്ധരാകാൻ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യവും പാപ്പ ജനത്തോട് ചോദിച്ചു.
നിങ്ങൾ വിശുദ്ധരാകാൻ ആഗ്രഹിക്കുന്നോ, ഇല്ലയോ? അതേയെന്ന് ജനം അത്യച്ചത്തില്‍ മറുപടി നൽകി. കുറ്റംപറയുന്ന സ്വഭാവം തുടരുമോ എന്നായിരുന്നു പാപ്പായുടെ അടുത്ത ചോദ്യം, ഇല്ലയെന്ന് ഉടനടി ജനം പ്രതികരിച്ചു. ശരി, അങ്ങനെയാണെങ്കില്‍ വ്യർത്ഥഭാഷണത്തോടും കുറ്റം പറച്ചിലിനോടും വിടപറയാം എന്ന് പാപ്പ ജനത്തെ ഉത്ബോധിപ്പിച്ചു.

സ്നേഹത്തിലുള്ള പൂർണ്ണതെയക്കുറിച്ചാണ് പാപ്പ തുടർന്ന് പ്രതിപാദിച്ചത്. യേശു തന്നെ അനുഗമിക്കുന്നവരോട് ആവശ്യപ്പെടുന്നത് സ്നേഹത്തിലുള്ള പരിപൂർണ്ണതയാണ്. ആ സ്നേഹത്തിന്‍റെ അളവുകോൽ അളവറ്റതാണ്, എല്ലാ കണക്കുകൂട്ടലുകൾക്കും അതീതമായ അളവറ്റ സ്നേഹം. സഹോദര സ്നേഹം ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിന്‍റെ അടിസ്ഥാനമാണ്. സഹോദരനെ സ്നേഹിക്കാത്തവന് സത്യസന്ധമായി ദൈവത്തെ സ്നേഹിക്കാൻ സാധിക്കില്ല. സഹോദരനുമായി സമാധാനത്തിൽ വർത്തിക്കാത്തിടത്തോളം ദൈവവുമായുള്ള നമ്മുടെ ബന്ധം ആത്മാർത്ഥമല്ല. അതുകൊണ്ടാണ്, “നീ ബലിപീഠത്തിൽ കാഴ്ച്ചയർപ്പിക്കുമ്പോൾ, നിന്‍റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓർത്താൽ, കാഴ്ച്ചവസ്തു അവിടെ ബലിപീഠത്തിനു മുമ്പിൽ വച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക; പിന്നെ വന്ന കാഴ്ച്ചയർപ്പിക്കുക” (മത്താ.5,23-24) എന്നു യേശു പറയുന്നത്. പ്രാർത്ഥനയിലൂടെ ദൈവത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനു മുൻപ് സഹോദരനോട് അനുരജ്ഞനപ്പെടാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാമോരോരുത്തരും.

ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ബാഹ്യപ്രകടനങ്ങൾക്കോ, നിയമാനുഷ്ഠാനങ്ങൾക്കോ അല്ല യേശു പ്രാധാന്യം നൽകുന്നത്. നിയമത്തിന്‍റെ ഉറവിടത്തിലാണ് യേശുവിന്‍റെ ശ്രദ്ധ. മനുഷ്യമനസിനും ഉദേശശുദ്ധിക്കുമാണ് യേശു പ്രാധാന്യം കൽപ്പിച്ചത്. നല്ല പ്രവർത്തികളുടേയും മോശം പ്രവർത്തികളുടേയും ആരംഭം ഹൃദയത്തിലാണല്ലോ! നിയമക്രമം കൊണ്ടുമാത്രം നല്ല പെരുമാറ്റവും സത്യസന്ധമായ ജീവിതവും ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല, ഉള്ളിന്‍റെ ഉള്ളിൽ നിന്നുള്ള പ്രചോദനവും അതിനാവശ്യമാണ്. പരിശുദ്ധാത്മാവിന്‍റെ കൃപയാൽ നമുക്കു ലഭിക്കുന്ന ദൈവിക വിജ്ഞാനം അദൃശ്യമായി നമ്മുടെ ഉള്ളിൽ കുടികൊള്ളുകയും നല്ല ജീവിതം നയിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ദൈവിക സ്നേഹത്തിൽ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനങ്ങളോട് തുറവുള്ളവരായിരിക്കാൻ, ക്രിസ്തുവിലുള്ള വിശ്വാസം മുഖാന്തരം നമുക്ക് സാധിക്കുന്നു.

ക്രിസ്തുവിന്‍റെ ഈ പ്രബോധനത്തിന്‍റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ, ഓരോ കൽപനയും സ്നേഹത്തിന്‍റെ പ്രകരണമാണെന്ന് വെളിപ്പെടുകയും, പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെ നിന്‍റെ അയൽക്കാരനെ സ്നേഹിക്കുക എന്ന സ്നേഹ പ്രമാണത്തിൽ എല്ലാ കൽപനകളും ഒന്നുചേരുന്നത് നാം ദർശിക്കുകയും ചെയ്യുമെന്ന് മാർപാപ്പ വിശദീകരിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.