2014-02-15 09:17:58

ദൈവരാജ്യത്തിന്‍റെ രക്ഷാദാനം
യോഹന്നാന്‍റെ ദൗത്യം


RealAudioMP3
സീറോമലബാര്‍ റീത്ത് – ദനഹാകാലം ആറാംവാരം
വിശുദ്ധ യോഹന്നാന്‍ 3, 22-31 സ്നാപകന്‍റെ ദൗത്യം

ഇതിനുശേഷം യേശുവും ശിഷ്ന്മാരും യൂദയാ ദേശത്തേയ്ക്കു പോയി. അവിടെ അവിടുന്ന് അവരോടൊത്തു താമസിച്ച് സ്നാനം നല്‍കി. സാലിമിനടുത്തുള്ള ഏനോനില്‍ വെള്ളം ധാരാളമുണ്ടായിരുന്നതിനാല്‍ അവിടെ യോഹന്നാനും സ്നാനംനല്‍കിയിരുന്നു. ആളുകള്‍ അവിടുത്തെ പക്കല്‍വന്ന് സ്നാനംസ്വീകരിച്ചിരുന്നു. യോഹന്നാന്‍ ഇനിയും കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടിരുന്നതിനാല്‍ അയാളുടെ ശിഷ്യന്മാരും യഹൂദനും തമ്മില്‍ ശുദ്ധീകരണത്തെപ്പറ്റി തര്‍ക്കമുണ്ടായി. അവര്‍ യോഹന്നാനെ സമീപിച്ചു പറഞ്ഞു. ഗുരോ, ജോര്‍ദ്ദാന്‍റെ അക്കരെ നിന്നോടുകൂടിയുണ്ടായിരുന്നവന്‍, നീ ആരെപ്പറ്റി സാക്ഷൃപ്പെടുത്തിയോ അവന്‍, ഇതാ, ഇവിടെ സ്നാനം നല്‍കുന്നു. എല്ലാവരും അവന്‍റെ അടുത്തേയ്ക്കു പോവുകയാണ്. യോഹന്നാന്‍ പ്രതിവചിച്ചു. സ്വര്‍ഗ്ഗത്തില്‍നിന്നു നല്‍കപ്പെടുന്നില്ലെങ്കില്‍ ആര്‍ക്കും ഒന്നും സ്വീകരിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ ക്രിസ്തുവല്ല. പ്രത്യുത, അവനുമുമ്പേ അയയ്ക്കപ്പെട്ടവാനാണ് എന്നു ഞാന്‍ പറഞ്ഞതിനു നിങ്ങള്‍തന്നെ സാക്ഷികളാണ്. മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തുനിന്നു മണവാളനെ ശ്രവിക്കുന്ന സ്നേഹിതന്‍ അവന്‍റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്‍റെ സന്തോഷം ഇപ്പോള്‍ പൂര്‍ണമായിരിക്കുന്നു.
അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം. ഉന്നതത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. ഭൂമിയില്‍നിന്നുള്ളവന്‍ ഭൂമിയുടേതാണ്. അവന്‍ ഭൗമികകാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍ എല്ലാവര്‍ക്കും ഉപരിയാണ്.

‘മീശയും വെച്ചോണ്ട് നടക്കുന്നു,’ എന്നൊരു പുലഭ്യം നിരത്തിലും ചന്തയില്‍നിന്നുമൊക്കെ കേള്‍ക്കാറുണ്ട്. ആത്മാഭിമാനത്തിന്‍റെ ഒരു കണികയെങ്കിലും സൂക്ഷിച്ചിക്കുന്നവര്‍ അതിനുമുന്‍പില്‍ ഭൂമിയോളം താണുപോകുന്നതും കണ്ടിട്ടുണ്ട്. കുറച്ചുദിവസങ്ങളായി കണ്ണാടിയുടെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ അതുമാത്രമാണ് മനസ്സില്‍വരുന്നത് – ‘മീശയും വെച്ചോണ്ടു നടക്കുന്നു.’ ഇതാ, രണ്ടു വലിയ മീശക്കാരുടെ പ്രശ്നമാണ് ഇന്നത്തെ സുവിശേഷത്തില്‍...

ക്രിസ്തുവും യോഹന്നാനും ഒരേ സമയം മാമ്മോദീസാ നല്കിയിരുന്നതിനെക്കുറിച്ച് യോഹന്നാന്‍റെ സുവിശേഷം മാത്രമാണ് പരാമര്‍ശിക്കുന്നത്. ഇരുകൂട്ടരും അനുഷ്ഠിച്ചിരുന്ന കര്‍മ്മങ്ങളെച്ചൊല്ലി ശിഷ്യനമാരുടെ ഇടയില്‍ തര്‍ക്കുമുണ്ടാകുന്നു. മാമ്മോദീസായെ ചൊല്ലി ക്രിസ്തുവിനോടു തര്‍ക്കിക്കാന്‍ യോഹന്നാന്‍ തയ്യാറായില്ല. മണവാളനോട് സുഹൃത്തിനുള്ള ബന്ധമാണ് യോഹന്നാന് ക്രിസ്തുവിനോടുള്ളത്. സുഹൃത്തിന് മണവാളനോട് ഏറെ അടുപ്പവും സ്വാതന്ത്ര്യവുമുണ്ട്. ക്രിസ്തുവിന്‍റെ അധികാരവും വെളിപാടിന്‍റെ ആധികാരികതയുമാണ് ഇന്നത്തെ സുവിശേഷഭാഗം പ്രതിപാദിക്കുന്നത്. സ്നാപകന്‍ അത് സമര്‍ത്ഥിക്കുകയും വ്യക്തമാക്കുകയും ചെയ്യുന്നു. “ഉന്നതങ്ങളില്‍നിന്നുള്ളവന്‍ എല്ലാവര്‍ക്കും ഉപരിയാകയാല്‍, അവന്‍റെ അധികാരം നിസ്സീമമാണ്. അവന്‍റെ സാക്ഷൃം സ്വീകരിക്കുന്നവര്‍, മനുഷ്യരുടെ മദ്ധ്യേ ആഗതനായ രക്ഷകനെ സ്വീകരിക്കുന്നു, അവിടുന്ന് പഠിപ്പിക്കുന്ന സുവിശേഷസത്യം അംഗീകരിക്കുകയും ചെയ്യുന്നു. അയയ്ക്കപ്പെടുന്നവന്‍ അയച്ചവന്‍റെ പ്രതിനിധിയാകയാല്‍, അവിടുന്ന് സംസാരിക്കുന്നത് ദൈവനാമത്തിലാണ്.” സ്നേഹത്തിന്‍റെ പേരില്‍ വചനം, ആത്മാവ്, ജീവന്‍, വിധി എന്നിവയെല്ലാം പുത്രനെ ഏല്പിച്ചത് പിതാവാണ്. പുത്രിനില്‍ വിശ്വസിക്കുന്നവര്‍ക്കു ജീവനും, വിശ്വസിക്കാത്തവര്‍ക്കു വിധിയും ഉണ്ടാകുമെന്ന യോഹന്നാന്‍റെ പ്രസ്താവത്തോടെയാണ് സുവിശേഷഭാഗം അവസാനിക്കുന്നത്.

യോര്‍ദ്ദാന്‍ നദിക്കരയില്‍വച്ച് യോഹന്നാനില്‍നിന്നും ക്രിസ്തു ജ്ഞാനസ്നാം സ്വീകരിച്ചുവെന്ന് സമാന്തര സുവിശേഷകന്മാരെല്ലാവരും സാക്ഷൃപ്പെടുത്തുന്നു. എന്നാല്‍ സുവിശേഷകന്‍ യോഹന്നാന്‍ മാത്രമാണ് രണ്ടുപേരും - ക്രിസ്തുവും സ്നാപകയോഹന്നാനും ഓരേ സമയം മാമ്മോദീസാ നല്കിയിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാന്‍ യോര്‍ദ്ദാന്‍റെ പൂര്‍വ്വതീരത്തും, ക്രിസ്തു പശ്ചിമതീരത്തും ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി സുവിശേഷകന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തു നല്കിയ മാമ്മോദീസാ പരിശുദ്ധാത്മാവിനെക്കൊണ്ടുള്ളതായിരുന്നു. അത് അവിടുത്തെ മഹത്വീകരണത്തിനു ശേഷമുള്ള മാമ്മോദീസായാണ്. ക്രിസതുവിന്‍റെ പക്കലേയ്ക്ക് കൂടുതല്‍ ജനങ്ങള്‍ പോകുന്നതിനെക്കുറിച്ചായിരിക്കണം യോഹന്നാന്‍റെ ശിഷ്യന്മാര്‍ക്ക് പരാതി തോന്നിയത്. അത് സ്വാഭാവികം മാത്രം. ക്രിസ്തുവിന്‍റെ പ്രവര്‍ത്തന വിജയത്തില്‍ യോഹന്നാന് സന്തോഷമേയുള്ളൂ, എന്നാല്‍ ശിഷ്യന്മാര്‍ക്ക് അസൂയ തോന്നിയിരിക്കാം. ക്രിസ്തുവിന്‍റെ വിജയരഹസ്യം ദൈവത്തിന്‍റെ ഇടപെടലും പ്രവര്‍ത്തനവുമാണെന്ന് യോഹന്നാന്‍ അംഗീകരിക്കുന്നു, പ്രഘോഷിക്കുന്നു, വ്യക്തമാക്കുന്നു.

‘സ്വര്‍ഗ്ഗത്തില്‍നിന്നു നല്കപ്പെടുക’ എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്, ദൈവം ശക്തനാകുന്നു എന്നാണ്. അനേകരെ തന്നിലേയ്ക്ക് ആകര്‍ഷിക്കാനുള്ള കരുത്ത് മനുഷ്യപുത്രനും, ദൈവപുത്രനുമായ ക്രിസ്തുവിനുണ്ടെന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു. താന്‍ മിശിഹായല്ലെന്നും, പ്രവാചകനല്ലെന്നും, ഏലിയാ അല്ലെന്നും യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരോട് ഏറ്റുപറയുന്നുണ്ട്. മിശിഹാ അല്ലെന്നു പറയുന്നതോടൊപ്പം, താന്‍ ആരാണെന്നും കൂടെയുള്ളവര്‍ക്കു യോഹന്നാന്‍ വെളിപ്പെടുത്തിക്കൊടുക്കുന്നു. വരുവാനിരിക്കുന്നവന്‍റെ വഴിയൊരുക്കുന്നവനാണ് താനെന്നും. അവിടുത്തെ ചെരിപ്പിന്‍റെ വാറ് അഴിക്കാന്‍പോലും യോഗ്യനല്ലെന്നും യോഹന്നാന്‍ പ്രസ്താവിച്ചു.
അവന്‍ വളരണമെന്നും, താന്‍ ചെറുതാകണമെന്നും യോഹന്നാന്‍‍ വിനയാന്വിതനായി പ്രസ്താവിക്കുന്നുണ്ട്. അതുകൊണ്ടാണ് യോഹന്നാന്‍ ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചത്. തന്നില്‍നിന്നും സ്നാനം സ്വീകരിച്ച് മടങ്ങിപ്പോകുന്ന ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തുകൊണ്ട് യോഹന്നാന്‍ ശിഷ്യന്മാരോടും സകലരോടും ഉദ്ഘോഷിച്ചത് ഇങ്ങനെയാണ്. ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്. ‘ഇതാ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍!’ ഇവിടെ കാണുന്ന, യോഹന്നാന്‍റെ സ്വയം അംഗീകരിക്കുന്ന വ്യക്തിത്വം ആശ്ചര്യാവഹമാണ്.

സ്വയം അംഗീകരിക്കുന്ന ഭാവം വ്യക്തിവളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് മനഃശ്ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. self acceptance is the stepping stone to personal growth. സ്വയം അംഗീകരിക്കുന്ന വ്യക്തിയാണ് വളരുന്നത്. ഉള്ള കഴിവുകള്‍ക്കൊപ്പം കഴിവുകേടുകളും മനസ്സിലാക്കുകയും, അത് അംഗീകരിക്കുകയും തുറന്നുപറയുകയും ചെയ്യുന്ന വ്യക്തി വളരുമെന്നതില്‍ സംശയമില്ല. ഉള്ള കഴിവുകള്‍ മറച്ചുവയ്ക്കുകയും, ഇല്ലാത്തത് ഉണ്ടെന്നു നടിക്കുകയും ചെയ്യുന്നത് വ്യാജവ്യക്തിത്വമാണ്. ഇല്ലാത്തത് ഉണ്ടെന്നു നടിക്കുകയും, അല്പംമുള്ളത് ഊതിവീര്‍പ്പിച്ചു കാണിക്കുകയും, വലിയ ഭാവം നടിക്കുകയും ചെയ്യുന്ന അപകടകരമായ നിലപാട് വ്യക്തിവളര്‍ച്ചയെ തകര്‍ക്കുന്ന മനോഭാവമാണ്, എന്നു മനസ്സിലാക്കേണ്ടതാണ്.

യോഹന്നാന്‍റെ ദൗത്യം അവസാനിച്ചതോടെ ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്. അവ വിജയിക്കേണ്ടിയിരിക്കുന്നു. താന്‍ രംഗത്തുനിന്നു നിഷ്ക്രമിച്ചു ചെറുതാകണമെന്നും, ക്രിസ്തു രംഗപ്രവേശം ചെയ്തു ശോഭിക്കണമെന്നും യോഹന്നാന്‍ ആഗ്രഹിക്കുന്നു. ചെറുതാവുക, വലുതാവുക എന്നീ പ്രയോഗങ്ങള്‍, ഉദിച്ചുയരുന്നതും അസ്തമിച്ചടങ്ങുന്നതുമായ പ്രകാശത്തെ സൂചിപ്പിക്കുന്നു. സൂര്യന്‍ ഉദിച്ചുയരുമ്പോള്‍ നക്ഷത്രങ്ങള്‍ നിഷ്പ്രഭമായിത്തീരുന്നു. പ്രകാശം വീശുമ്പോള്‍ ഇരുള്‍ മങ്ങിമറയുന്നു.

ഇനി, സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവനെയും ഭൂമിയില്‍നിന്നുള്ളവരെയും കുറിച്ചുള്ള ഈ സുവിശേഷഭാഗത്തെ പ്രതിപാദ്യം ശ്രദ്ധേയമാണ്. സ്വര്‍ഗ്ഗത്തില്‍നിന്നുളളവന്‍ പിതാവിന്‍റെ പ്രിയപുത്രനും, സ്വര്‍ഗ്ഗീയസാക്ഷിയുമാണ്. അയാള്‍ ദൈവത്തെപ്പോലെ, ഭൂവാസികള്‍ക്കെല്ലാം മേലുള്ളവനുമാണ്. സ്വര്‍ഗ്ഗത്തില്‍നിന്നുള്ളവന്‍ സ്വര്‍ഗ്ഗീയകാര്യങ്ങള്‍ വെളിപ്പെടുത്തുന്നു. പുത്രനെ സ്നേഹിക്കുന്നതിനാല്‍, പിതാവു നല്കുന്ന വെളിപാടാണ് അവിടുന്നു വ്യക്തമാക്കുന്നത്. എന്നാല്‍, ഭൗമികകാര്യങ്ങളില്‍ വ്യഗ്രതയുള്ളവര്‍, അവന്‍റെ സാക്ഷൃം സ്വീകരിക്കുന്നില്ല. പുത്രന്‍റെ സാക്ഷൃം സ്വീകരിക്കുന്നവര്‍ അവിടുന്നില്‍ വിശ്വസിക്കുകയും ദൈവം സത്യവാനാണെന്ന് അറിഞ്ഞ്, അവിടുത്തെ അംഗീകരിക്കുകയും, അവിടുന്നില്‍ ജീവിക്കുകയും ചെയ്യും. അയയ്ക്കുപ്പെടുന്നവനെ കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ അയയ്ക്കുന്നവനെയും അറിയുന്നു. പുത്രനെ സ്നേഹിക്കുന്നതിനാല്‍ പിതാവു അവിടുത്തേയ്ക്ക് ആത്മാവിനെ സമൃദ്ധമായി നല്കിയിരിക്കുന്നു. ആത്മാവിനെ സ്വീകരിച്ച പുത്രന്‍, പ്രവാചകനെപ്പോലെ ദൈവനാമത്തില്‍ സംസാരിക്കുകയല്ല, മറിച്ച് സ്വന്തനിലയില്‍ സംസാരിക്കുകയാണു ചെയ്യുന്നത്. പുത്രന്‍റെ വെളിപാട് അവസാനത്തേതാകാന്‍ കാരണമതാണ്. പിതാവു പുത്രനു പൂര്‍ണ്ണ അധികാരം നല്കുന്നത്, അവിടുത്തെ മഹത്വീകരിക്കുമ്പോഴാണ്. അതിനാല്‍ പുത്രന്‍ അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ ധാരാളമായി നല്കുന്നു. അങ്ങനെ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ നിത്യജീവന്‍റെ പാതയിലാണ്. നിത്യജീവന്‍ പ്രാപിക്കുന്നതിന് ആവശ്യമായിരിക്കുന്നത്, ദൈവിക ജീവന്‍റെ മദ്ധ്യസ്ഥ്യമാണ്, അത് ക്രിസ്തുവിലുള്ള വിശ്വാസമാണ്.

മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിക്കേണ്ടതിനെക്കുറിച്ചു സമാനസുവിശേഷങ്ങള്‍ പ്രസ്താവിക്കുമ്പോള്‍, ക്രിസ്തുവിലുള്ള വിശ്വാസത്തെയും അവിടുത്തെ കല്പനകള്‍ അനുസരിക്കേണ്ടതിന്‍റെ ആവശ്യകതയെയും കുറിച്ചാണു യോഹന്നാന്‍ പ്രസ്താവിക്കുന്നത്. അതില്‍ മാനസാന്തരം ഉള്‍പ്പെടുന്നുണ്ട്. മറ്റുസുവിശേഷകന്മാര്‍ നിത്യജീവനെ യുഗാന്ത്യഭൗമിക സങ്കല്പമായി കരുതുമ്പോ‍ള്‍, യോഹന്നാന്‍ അതിനെ ക്രിസ്തു വാഗ്ദാനംചെയ്യുന്ന വാര്‍ത്തമാനകാല രക്ഷാദാനമായി ഇന്നത്തെ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു. ഒരേ ദിശയില്‍ത്തന്നെ കുറച്ചുകാലമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ ഉള്ളിന്‍റെയുള്ളില്‍ കുറെ കൂട്ടലും കിഴിക്കലും നടത്തേണ്ട ബാധ്യതയുണ്ട്. ഏര്‍പ്പെട്ടിരിക്കുന്ന കര്‍മ്മത്തോട് പുലര്‍ത്തേണ്ട മതിപ്പും ആഭിജാത്യവും അനുദിനം തെളിഞ്ഞു നില്ക്കേണ്ടതാണ്. അതിന് ക്രിസ്തു നമുക്കു നല്കുന്ന ജീവിതത്തോടും വിളിയോടുതന്നെയും മതിപ്പും ശ്രേഷ്ഠതയും പുലര്‍ത്താനാവണം.
_______________________________
Prepared by Nellikal, Vatican Radio








All the contents on this site are copyrighted ©.