2014-02-14 17:30:39

വത്തിക്കാനിലെ വിവാഹാർത്ഥി സംഗമം


14 ഫെബ്രുവരി 2014,വത്തിക്കാൻ
വിവാഹം നിത്യം നിലനിൽക്കേണ്ട ബന്ധമാണെന്ന് ഫ്രാൻസിസ് പാപ്പ വിവാഹാർത്ഥികളെ ഓർമ്മിപ്പിക്കുന്നു. ഫെബ്രുവരി 14ന് വത്തിക്കാനിൽ വിവാഹാർത്ഥികളുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ. ലോകമെമ്പാടും നിന്നെത്തിയ ഇരുപതിനായിരത്തിലേറെ വിവാഹാർത്ഥികൾ സംഗമത്തില്‍ പങ്കെടുത്തു.
ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കേണ്ട പവിത്രബന്ധമാണ് വിവാഹം. അതിന്‍റെ അടിസ്ഥാനം യഥാർത്ഥ സ്നേഹമാണ്. ക്ഷണിക വികാരമോ, ശാരീരികമോ മാനസികമോ ആയ അവസ്ഥയോ അല്ല സ്നേഹം. അതൊരു പരസ്പര ബന്ധമാണ്. പരസ്പരം സഹായിച്ചും തണലേകിയും അനോന്യം വളർത്തുന്ന മനോഹരമായൊരു ബന്ധം. ഒരുഭവനം നിർമ്മിക്കുന്നതുപോലെ സാവധാനവും സൂക്ഷമതയോടു കൂടിയും പടുത്തുയർത്തേണ്ട പരസ്പരബന്ധമാണത്. ക്ഷണിക വികാരങ്ങളാകുന്ന മണലിലാണ് ഈ ഭവനം പണിയുന്നതെങ്കില്‍ അത് താമസിയാതെ തകർന്നു തരിപ്പണമാകും. അതേസമയം, ദൈവിക ദാനമായ യഥാർത്ഥ സ്നേഹത്തിന്‍റെ പാറമേൽ ഈ ഭവനം നിർമ്മിക്കുകയാണെങ്കില്‍ അത് ശാശ്വതമായി നിലനിൽക്കും. ദൈവാശ്രയ ബോധവും പരസ്പര സഹായവും വൈവാഹിക ബന്ധത്തിന്‍റെ കെട്ടുറപ്പിന് അത്യന്താപേഷിതമാണ്.
സഹജീവനം ക്ഷമാപൂർവ്വം അഭ്യസിക്കേണ്ട ഒരു കലയാണ്. കുടുംബ ജീവിതം സമാധാനകരവും ആനന്ദപ്രദവുമാക്കാന്‍ സഹായിക്കുന്ന 3 വാക്കുകളുണ്ട്; “അനുവാദം, നന്ദി, ക്ഷമിക്കണം” എന്നിവയാണവ. ആദരവോടും സ്നേഹത്തോടും കൂടി ഒരു വ്യക്തിയുടെ ജീവിതത്തിലേക്കു പ്രവേശിക്കാൻ നാം അനുവാദം ചോദിക്കേണ്ടതുണ്ട്. "ഞാൻ ഇങ്ങനെ ചെയ്യട്ടേ"? "നമ്മൾ ചെയ്യുന്ന ഈ കാര്യം നിനക്ക് ഇഷ്ടമാണോ"? എന്നിങ്ങനെ പരസ്പരം അനുവാദം ചോദിക്കാൻ ജീവിത പങ്കാളികൾ പരിശീലിക്കണം. അനുവാദം ചോദിക്കാൻ കുട്ടികളെയൊക്കെ പഠിപ്പിക്കുമെങ്കിലും അതു സ്വയം പരിശീലിക്കുന്നതില്‍ നാം വിമുഖരാണ്.
'നന്ദി' എന്ന പദം വളരെ ലളിതമാണെങ്കിലും അതും വേണ്ട വിധം ഉപയോഗിക്കാൻ നാം മറന്നുപോകുന്നു. ജീവിത പങ്കാളിയെ നൽകിയ ദൈവത്തിന് നാം ആദ്യം നന്ദി പറയണം. ജീവിത പങ്കാളിയോടും നാം നന്ദി പ്രകടിപ്പിക്കണം. സഹജീവനത്തില്‍ അഭിവൃദ്ധിപ്രാപിക്കാൻ ഏറെ സഹായകമായ ഒരു പദമാണ് നന്ദി. ചെറിയ കാര്യങ്ങൾക്കുപോലും പരസ്പരം നന്ദി പ്രകടിപ്പിക്കാൻ ദമ്പതികൾ പരിശീലിക്കണം.
തെറ്റുപറ്റാത്ത മനുഷ്യരില്ല. കുറ്റങ്ങളും കുറവുകളുമുള്ളവരാണ് നാമെല്ലാവരും. അതുകൊണ്ട് 'ക്ഷമിക്കണം' എന്ന പദത്തിന്‍റെ ആവശ്യകത വർദ്ധിക്കുന്നു. പൊതുവേ മറ്റുള്ളവരെ കുറ്റപ്പെടുത്താനും സ്വയം ന്യായീകരിക്കാനും എല്ലാവരും തയ്യാറാണ്. അതിനു വിപരീതമായി സ്വന്തം വീഴ്ച്ചകൾ അംഗീകരിക്കാനും ക്ഷമ ചോദിക്കാനും തയ്യാറാകണമെന്ന് പാപ്പ വിവാഹാർത്ഥികളെ ആഹ്വാനം ചെയ്തു.
വിവാഹചടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആരാഞ്ഞ വിവാഹാർത്ഥികളോട് വിവാഹാഘോഷത്തിന്‍റെ പ്രസക്തിയെക്കുറിച്ചും പാപ്പ പ്രതിപാദിച്ചു. ക്രൈസ്തവർ ക്രൈസ്തവ വിശ്വാസത്തിന്‍റെ അരൂപിയിലാണ് വിവാഹം ആഘോഷിക്കേണ്ടത്, ലൗകികമായ ഒരാഘോഷമായി അതു മാറ്റരുത്. ലളിതവും മനോഹരവുമായിരിക്കണം വിവാഹ ചടങ്ങ്. ബാഹ്യമോടികൾക്കോ, വസ്ത്രധാരണത്തിനോ, ഫോട്ടോഗ്രാഫിക്കോ, അമിത പ്രാധാന്യം നൽകാതെ, വിവാഹിതരാകുന്നതിന്‍റെ സന്തോഷം, തികച്ചും ലളിതമായി പങ്കുവയ്ക്കാൻ വേണ്ടിയുള്ള അവസരമായി പരിഗണിക്കണം വിവാഹാഘോഷം. തങ്ങളുടെ സ്നേഹം ദൈവം അനുഗ്രഹിച്ചതിലുള്ള ആനന്ദമായിരിക്കണം ഈ ആഘോഷത്തിലൂടെ പ്രകടിപ്പിക്കേണ്ടതെന്ന് പാപ്പ അവരെ ഉത്ബോധിപ്പിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.