2014-02-14 17:32:29

മതസ്വാതന്ത്ര്യം, മൗലികാവകാശം: ആർച്ചുബിഷപ്പ് ചുള്ളിക്കാട്ട്


14 ഫെബ്രുവരി 2014, ന്യൂയോർക്ക്
സ്വേച്ഛാധിപത്യത്തിൽ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രങ്ങളില്‍ പോലും മതസ്വാതന്ത്ര്യത്തിനുനേരെ ഭീഷണി ഉയരുന്നുണ്ടെന്ന് യു.എന്നിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് ഫ്രാൻസിസ് അസീസി ചുള്ളിക്കാട്ട്. യു.എസ് സർക്കാരിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ച്, ഫെബ്രുവരി 11ന് യു.എസ് നിയമസഭയില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വന്തം മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കാനുള്ള അവകാശവും മതസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ്. എന്നാൽ ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം പരിമിതിപ്പെടുത്തുകയും ക്രൈസ്തവർക്കെതിരേ ആക്രമണങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതായിട്ടാണ് കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. പൊതുസ്ഥലങ്ങളില്‍ ക്രിസ്തീയ മതചിഹ്നങ്ങൾ നിരോധിക്കുന്നതും, ക്രിസ്തീയത പൊതുജീവിതത്തില്‍ നിന്ന് മാറ്റിനിറുത്തുന്നതും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളില്‍ മതസ്വാതന്ത്ര്യത്തിനെതിരേയുള്ള പ്രവണതകളാണ്. മധ്യപൂർവ്വദേശത്തും മറ്റുമാകട്ടെ വിശ്വാസത്തിന്‍റെ പേരിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും പതിവായിരിക്കുകയാണ്. സമാധാന രാജനായ ക്രിസ്തുവിന്‍റെ തിരുപ്പിറവി തിരുന്നാളിനോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാകുന്നതും ഏതാനും വർഷങ്ങളായി ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ആർച്ചുബിഷപ്പ് വേദനയോടെ ചൂണ്ടിക്കാട്ടി. പശ്ചിമേഷ്യൻ രാജ്യങ്ങളില്‍ അപ്പസ്തോലിക സ്ഥാനപതിയായി ശുശ്രൂഷചെയ്തിട്ടുള്ള ആർച്ചുബിഷപ്പ് തന്‍റെ വ്യക്തിപരമായ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് പശ്ചിമേഷ്യയിൽ ക്രൈസ്തവർക്കുനേരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വിവരിച്ചത്. ക്രൈസ്തവരുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഭരണകൂടങ്ങൾ പരാജയപ്പെടുന്നുവെന്നും ചില രാജ്യങ്ങളില്‍ ഭരണാധികാരികളുടെ ഭാഗത്തുനിന്നുതന്നെ ക്രൈസ്തവ വിരുദ്ധ നടപടികൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങൾക്കു തടയിടാനും, മതസ്വാതന്ത്ര്യം സംരക്ഷിക്കാനും യു.എന്നിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ ഫലപ്രദമായി ഇടപെടാൻ ഐക്യരാഷ്ട്ര സഭയ്ക്ക് പരിമിതികളുണ്ട്. അംഗരാജ്യങ്ങളുടെ കരുത്തുറ്റ നടപടികള്‍ മാത്രമാണ് അതിനൊരു പ്രതിവിധി. ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ നേതൃസ്ഥാനത്ത് നിൽക്കുന്ന അമേരിക്കയെപ്പോലെയുള്ള രാഷ്ട്രങ്ങൾക്ക് നിർണ്ണായ സ്വാധീനം ചെലുത്താനാകുമെന്നും ആർച്ചുബിഷപ്പ് അഭിപ്രായപ്പെട്ടു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.