2014-02-13 18:18:43

വിശ്വാസം ഏറ്റുചൊല്ലിയാലും
അതു നഷ്ടപ്പെടാമെന്ന് പാപ്പാ


13 ഫെബ്രുവരി 2014, വത്തിക്കാന്‍
ഫെബ്രുവരി 13-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി, സന്താ മാര്‍ത്തിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ സമര്‍ത്ഥിച്ചത്. അറിവും അന്തസ്സുമുണ്ടായിരുന്ന സോളമണ്‍ രാജാവ് ദൈവത്തില്‍നിന്നും അകന്നപോയ രാജാക്കന്മാരുടെ പുസ്കത്തിലെ സംഭവത്തെ (1രാജാക്കന്മാര്‍ 11, 4-13) ഫിനീഷ്യക്കാരി വിജാതിയ സ്ത്രീയുടെ വിശ്വാസത്തോടു താരതമ്യംചെയ്തുകൊണ്ടാണ് തന്‍റെ വചനചിന്തയെ പാപ്പാ മുന്നോട്ടു നയിച്ചത്.

അമിതാവേശവും മിഥ്യാബോധവും മനുഷ്യന്‍റെ വിശ്വാസത്തെ നഷ്ടപ്പെടുത്തും. സജീവ ദൈവത്തിനെതിരായുള്ള നിര്‍ജ്ജീവമായ വിഗ്രഹാരാധനയും, വിഗ്രഹാരാധനയ്ക്കു വിപരീതമായി സജീവദൈവത്തിലുള്ള വിശ്വാസവുമാണ് ഇന്നത്തെ സുവിശേഷഭാഗം (മാര്‍ക്കോസ് 7, 24-30) വരച്ചുകാട്ടുന്നതെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

പിശാചുബാധയുള്ള തന്‍റെ മകളെ സുഖപ്പെടുത്തണമേ, എന്ന അപേക്ഷയുമായിട്ടാണ് ഫിനീഷ്യക്കാരി ക്രിസ്തുവിനെ സമീപച്ചത്. മക്കളുടെ അപ്പം നായ്ക്കള്‍ക്കെങ്ങനെ കൊടുക്കും? എന്നായി ക്രിസ്തുവിന്‍റെ മറുചോദ്യം. യജമാനന്‍റെ മേശയില്‍നിന്നും ചിതറിവീഴുന്ന അപ്പത്തുണ്ടുകള്‍ നായ്ക്കള്‍ കഴിക്കാറുണ്ടല്ലോ എന്നായിയിരുന്നു വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്തവളുടെ പ്രതികരണമെന്ന് പാപ്പാ വിവരിച്ചു. അങ്ങനെ നിര്‍ലജ്ജയായി വിശ്വാസത്തോടെ തന്‍റെ ആവശ്യം വിനയാന്വിതയായി, യാതൊരു കളങ്കവുമില്ലാതെ ക്രിസ്തുവിന്‍റെ മുന്നില്‍ അവതരിപ്പിച്ചവള്‍ക്ക് ലഭിച്ച സമ്മാനം - മകളുടെ സമ്പൂര്‍ണ്ണസൗഖ്യമെന്ന അത്ഭുതമായിരുന്നു, എന്നു പ്രസ്താവിച്ചുകൊണ്ടാണ് തന്‍റെ വചനസമീക്ഷ പാപ്പാ ഉപസംഹരിച്ചത്.
______________________
Report : Nellikal, sedoc








All the contents on this site are copyrighted ©.