2014-02-13 17:18:12

റോമാരൂപതിയില്‍
പാപ്പായുടെ ഇടയസന്ദര്‍ശനം


13 ഫെബ്രുവരി 2014, റോം
പാപ്പാ ഫ്രാന്‍സിസ് റോമാ നഗരപ്രാന്തത്തിലുള്ള വിശുദ്ധ തോമസ് അപ്പസ്തോലന്‍റെ ഇടവക സന്ദര്‍ശിക്കും.
ഫെബ്രുവരി 16-ാം തിയതി ഞായറാഴ്ചയാണ് വത്തിക്കാനില്‍നിന്നും ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള റോമാ തൂപതയിലെ ഇടവക പാപ്പാ സന്ദര്‍ശിക്കുന്നത്.

സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ഇടവകയില്‍ പ്രാദേശിക സമയം വൈകുന്നേരം 4 മണിക്ക് എത്തിച്ചേരുന്ന പാപ്പാ, വേദപാഠ സ്ക്കൂളിലെ കുട്ടികള്‍, മതാദ്ധ്യാപകര്‍, ഇടവക സമിതിയംഗങ്ങള്‍, ഭക്തസംഘടന പ്രവര്‍ത്തകര്‍, ഇടയിലെ രോഗികള്‍ എന്നിവരുമായും പാപ്പാ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഇടവകസമൂഹത്തോടൊപ്പം 6 മണിക്ക് ദിവ്യബലിയര്‍പ്പിക്കുന്ന പാപ്പാ, ദിവ്യബലിമദ്ധ്യേ 12 യുവാക്കള്‍ക്ക് സ്ഥൈര്യലേപനം നല്കുകയും, വചനപ്രഘോഷണം നടത്തുകയും ചെയ്യും. റോമില്‍ വിയ നൊബേലിയായില്‍ 1964-ലാണ് തോമാസ്ലീഹായുടെ നാമത്തിലുള്ള ഇടവക സ്ഥാപിതമായത്.

റോമാ രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി, ഇടവക വികാരി ഫാദര്‍ അന്തോണിയോ എറീക്കോ എന്നിവര്‍ പാപ്പായുടെ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരിക്കുമെന്നും, ഇടവകകമ്മിറ്റി പരസ്യപ്പെടുത്തിയ പ്രസ്താവന വെളിപ്പെടുത്തി. റോമാ രൂപതയുടെ മെത്രാന്‍കൂടിയായ പാപ്പായുടെ പതിവുള്ള അജപാലന സന്ദര്‍ശനങ്ങളില്‍ ഒന്നാണ് തോമസ്ലീഹായുടെ ഇടവകസന്ദര്‍ശനം.

Photo : Pope in a parish at the Christmas evening enjoying the live Crib.

__________________
Report : Nellikal, sedoc







All the contents on this site are copyrighted ©.