2014-02-13 16:47:20

നാവീകരുടെ വിധിയെച്ചൊല്ലി
അമിതാശങ്ക വേണ്ട : സെബാസ്റ്റൃന്‍ പോള്‍


13 ഫെബ്രുവരി 2014, കൊച്ചി
ഇറ്റാലിയന്‍ നാവീകരുടെ വിധിയെക്കുറിച്ചുള്ള അമിതാശങ്ക അസ്ഥാനത്താണെന്ന്, നിയമവിദഗ്ധനും മുന്‍-എം.പി.-യുമായ ഡോ. സെബാസ്റ്റൃന്‍ പോള്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ രണ്ടു മത്സ്യത്തൊഴിലാളികളെ കടല്‍ക്കൊള്ളക്കാരായി തെറ്റിദ്ധരിച്ച് വെടിവെച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നേവിക്കാരെച്ചൊല്ലി അവിടത്തെ സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും നടത്തുന്ന ഇടപെടലുകള്‍ വിധിയെക്കുറിച്ചുള്ള
അമിതമായ ആശങ്കയുടെയും തെറ്റായ അനുമാനങ്ങളുടെയും നിഴലിലാണെന്ന് സെബാസ്റ്റൃന്‍ പോള്‍ അഭിപ്രായപ്പെട്ടു. വിധിപറയുംമുന്‍പേ ചെയ്ത കുറ്റകൃത്യത്തിന് ഇന്ത്യന്‍ നിയമസംവിധാനത്തോടു വഴങ്ങി ന്യായമായ വിചാരണയ്ക്ക് തയ്യാറാവുകയാണ് വേണ്ടതെന്ന്, ഭാരത സര്‍ക്കാരിന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള നിര്‍ദ്ദേശക കമ്മിറ്റി അംഗംകൂടിയായ
അദ്ദേഹം വിവരിച്ചു.

സര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരം സുപ്രീംകോടതി നിയോഗിച്ച പ്രത്യേക കോടതി, ഫെബ്രുവരി
18-ന് കേസ് വീണ്ടും വിസ്തരിക്കുകയും വിചാരണ നടത്തുകയുംചെയ്യും. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ തീരുമാനപ്രകാരം പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഭീകരവിരുദ്ധ നിയമത്തിന്‍റെ (SUA Suppression of Unlawful Activities) കീഴില്‍ കൊണ്ടുവരാതിരുന്നത് വധശിക്ഷയ്ക്കുള്ള സാദ്ധ്യതയും ആശങ്കയും ഇല്ലാതാക്കിയിട്ടുണ്ടെന്നും സെബാസ്റ്റൃന്‍ പോള്‍ വ്യക്തമാക്കി. കോടതിയല്‍നിന്നും ബെയില്‍ വാങ്ങിയതും, ആഘോഷങ്ങള്‍ക്ക് നാട്ടില്‍ പോയതും, നാട്ടിലെത്തിയ ശേഷം തിരിച്ചുവരാതിരുന്നതുമെല്ലാം നിയമ നടപടികളെ തടസ്സപ്പെടുത്തുകയും വൈകിക്കുകയും ചെയ്തിട്ടുണ്ടെന്നും സെബാസ്റ്റൃന്‍ പോള്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ തീരത്ത് മീന്‍പിടിച്ചിരുന്ന മത്സ്യത്തൊഴിലാളികളെ (Agesh and Celestine എന്നിവരെ) ‘എണ്‍റീക്കാ ലേക്സി’ എന്ന ഇറ്റലിയന്‍ എണ്ണക്കപ്പലിലെ സുരക്ഷാസൈനികരായ (Salvatore Girone, Maxmilliano Lattore എന്നിവര്‍) 2012 ഫെബ്രുവരി 12-ന് കടല്‍ക്കൊള്ളക്കാരായി തെറ്റിദ്ധരിച്ച് വെടിവെച്ചു കൊലപ്പെടുത്തിയതാണ് കേസ്. ദേശീയ സമുദ്രാതിര്‍ത്തിയില്‍ നടന്ന സംഭവശേഷം കപ്പല്‍ നിറുത്താതെപോയതിനെ തുടര്‍ന്ന് ഇന്ത്യന്‍ തീരസേന ഹെണ്‍റിക്കാ ലേക്സിയെ കസ്റ്റഡിയില്‍ എടുക്കുകയും കേസ്ചാര്‍ജ്ജ് ചെയ്യുകയുമാണുണ്ടായത്.

അന്തരിച്ച മത്സ്യത്തൊഴിലാളികളുടെ ദേഹപരിശോധന, കപ്പലില്‍ കണ്ടെത്തിയ ആയുധകളുടെ കണ്ടെടുക്കല്‍, നാവികരുടെ വിരളടയാള പരിശോധന, കൊലയ്ക്കുപയോഗിച്ച വെടിക്കോപ്പുകളുടെ രാസപരിശോധന എന്നിവ കുറ്റകൃത്യം തെളിയിക്കുകയും സ്ഥിരീകരിക്കുയും ചെയ്യുന്നതായിരുന്നു. ആദ്യം കപ്പലിലെ ക്യാപ്റ്റനും, ഇറ്റാലിയന്‍ സര്‍ക്കാരും സംഭവം നിഷേധിക്കുകയുണ്ടായി. തെളിവുകള്‍ ഹാജരാക്കിയശേഷം, വളരെ വൈകിയാണ് നാവികര്‍ കുറ്റസമ്മതം നടത്തിയത് എന്ന വസ്തുത ഇരുസര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം ഉലയ്ക്കുകയും, ഇറ്റലിയില്‍ എന്നപോലെ ഇന്ത്യയിലും ജനരോഷം സൃഷ്ടിക്കുയും ചെയ്ത വസ്തുതയാണ്.

കൊലപാതകക്കുറ്റത്തിന് നിശ്ചിതകാലയളവ് തടവുശിക്ഷ വിധിക്കാനാണ് സാദ്ധ്യതയെന്നും,
വിധി നടപ്പിലാക്കേണ്ട സ്ഥലവും സൗകര്യങ്ങളും ഇരുരാഷ്ട്രങ്ങളും തമ്മില്‍ ആലോചിച്ച് തീരുമാനിക്കുവാന്‍ രാജ്യാന്തര ശിക്ഷാനിയമങ്ങള്‍ അനുവദിക്കുന്നുണ്ടെന്നും സെബാസ്റ്റൃന്‍ പോള്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാ വിരുദ്ധ വികാരങ്ങളും, വിചാരണ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങളും ഇടപെടലുകളും കെട്ടുറപ്പുള്ള ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനു മുന്നില്‍ അപ്രസ്ക്തമാണെന്നും ന്യാമായ വിചരണയോട് സഹകരിക്കുകയാണ് ഇരുരാഷ്ട്രങ്ങള്‍ക്കും ഉത്തമമെന്നും അഭിഭാഷകന്‍കൂടിയായ സെബാസ്റ്റൃന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു.
Photo : Dr. Sebastian Paul, Ex-MP and Law Expert
______________________________
Report : Nellikal, Vatican Radio








All the contents on this site are copyrighted ©.