2014-02-13 18:14:41

ചെക്ക് മെത്രാന്‍ സംഘം
‘ആദ് ലീമിന’യ്ക്കെത്തി


13 ഫെബ്രുവരി 2014, വത്തിക്കാന്‍
ചെക്ക് റിപ്പബ്ളിക്കിലെ മെത്രാന്മാരുടെ ആദ് ലീമിനാ ad limina സന്ദര്‍‍ശനത്തിന് തുടക്കമായി.
പാപ്പാ ഫ്രാന്‍സിസുമായുള്ള ചെക്കോസ്ലൊക്കിയായിലെ മെത്രാന്മാരുടെ വ്യക്തിഗത ഔദ്യോഗിക കൂടിക്കാഴ്ചയുടെ സമയം ഫെബ്രുവരി 11-മുതല്‍ 17-വരെ തിയതികളിലാണ്. പ്രേഗ് അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് ഡ്യൂക്കായുടെ നേതൃത്വത്തിലുള്ള ചെക്ക് മെത്രാന്‍ സംഘം ഫെബ്രുവരി 14-ാം തിയതി വെള്ളിയാഴ്ച രാവിലെ പാപ്പായുമായി പൊതുകൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാന്‍റെ പ്രസ്താവ വ്യക്തമാക്കി.

രണ്ട് അതിരൂപതകളുടെ കീഴിലായി 7 ചെറുപതകളും, ഒരു ബൈസാന്‍റൈന്‍ എക്സാര്‍ക്കേറ്റും ചേര്‍ന്നതാണ് ചെക്ക് റിപ്പബ്ളിക്കിലെ ദേശീയ മെത്രാന്‍ സമിതി.

ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധ സിറിളും മെത്തോടിയൂസുമാണ് ചെക്കോസ്ലൊവേക്കിയായില്‍ വിശ്വാസനാളം തെളിയിച്ചത്. ആധുനികകാലത്ത് വളര്‍ന്നുവന്ന കമ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അരനൂറ്റാണ്ടോളം നിശ്ശബ്ദമാക്കപ്പെട്ട ചെക്ക് സഭ, പീഡനത്തിലും പിന്‍തള്ളലിലും ശുദ്ധികലശംചെയ്യപ്പെട്ട് തീക്ഷ്ണതയോടെ വളര്‍ന്ന് വലുതാവുകയായിരുന്നു.
1965-ല്‍ പോള്‍ ആറാമന്‍ പാപ്പാ വിശ്വാസസ്വാതന്ത്ര്യത്തിനായി ചെക്ക് സര്‍ക്കാരിനോട് ആദ്യമായി നടത്തിയ അഭ്യര്‍ത്ഥനയും, 1990-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ തന്‍റെ 46-ാമത്തെ അപ്പസ്തേലിക സന്ദര്‍ശനം ചെക്ക് റിപ്പബ്ളിക്കിലേയ്ക്കു നടത്തിയതും അവിടത്തെ വിശ്വാസദീപ്തിയെ ആളിക്കത്തിച്ചിട്ടുണ്ട്.

2009-ല്‍ ബനഡിക്ട് 16-ാമന്‍ പാപ്പാ നടത്തിയ ഇടപെടലുകളാണ് രാഷ്ട്രവും സഭയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ സുഗമമാക്കിയതും ദൃഢപ്പെടുത്തിയതും.
_____________________
Report : Nellikal, sedoc








All the contents on this site are copyrighted ©.