2014-02-11 17:06:48

യു.എൻ റിപ്പോർട്ടിനോട് കർദിനാൾ ഒമാലി പ്രതികരിക്കുന്നു


11 ഫെബ്രുവരി 2014, ബോസ്റ്റൺ
ശിശു സംരക്ഷണത്തെ സംബന്ധിച്ച യു.എൻ റിപ്പോർട്ടിനെതിരേ ബോസ്റ്റൺ രൂപതാധ്യക്ഷനും എട്ടംഗ കർദിനാൾ സംഘത്തിലെ അംഗവുമായ കർദിനാൾ ഷോൺ ഓമാലിയും പ്രതികരിച്ചു. തന്‍റെ ബ്ലോഗിൽ (www.cardinalseansblog.org) യു.എൻ റിപ്പോർട്ടിനോടുള്ള വിയോജനക്കുറിപ്പ് പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പരിശുദ്ധസിംഹാസനത്തെക്കുറിച്ച് റിപ്പോർട്ടിലുള്ള ആരോപണങ്ങൾ തന്നെ അമ്പരപ്പിച്ചുവെന്ന് അദ്ദേഹം രേഖപ്പെടുത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനും അംഗരാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് വിലയിരുത്തുകയായിരുന്നു യു.എൻ കമ്മീഷന്‍റെ ചുമതല. കമ്മീഷൻ സ്വന്തം കടമ വസ്തുനിഷ്ഠാപരമായി നിറവേറ്റിയിരുന്നെങ്കില്‍ ബാല പീഢനം തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും പരിശുദ്ധസിംഹാസനം സ്വീകരിച്ചിരിക്കുന്ന നടപടികളുടെ കാര്യക്ഷമതയും പ്രസക്തിയും മനസിലാക്കാമായിരുന്നു. പക്ഷേ, തികച്ചും വ്യത്യസ്തമായൊരു നിലപാടാണ് കമ്മീഷൻ സ്വീകരിച്ചത്. ചില പ്രത്യയ ശാസ്ത്രങ്ങളെ പിന്തുണച്ചുകൊണ്ട് സഭയുടെ ധാർമ്മിക നിലപാടുകളെ ചോദ്യം ചെയ്യാനുള്ള ശ്രമമാണ് കമ്മീഷന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് ഭ്രൂണഹത്യ, സ്വവർഗ്ഗ വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ സഭയുടെ നിലപാട് ചോദ്യം ചെയ്തതിനെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കർദിനാൾ പ്രസ്താവിച്ചു. സഭയ്ക്കെതിരെ വിമർശനങ്ങളുയരാൻ പ്രേരണ നൽകിയതല്ലാതെ ഗുണകരമായ ഒരു നിർദേശവും നൽകാൻ യു.എൻ റിപ്പോർട്ടിനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.