2014-02-11 17:07:34

ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്ഥാനത്യാഗ സ്മരണയില്‍


11 ഫെബ്രുവരി 2014, വത്തിക്കാൻ
മുൻപാപ്പ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സ്ഥാനത്യാഗം വിപ്ലവകരമായ ഒരു മാറ്റമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ പേഴ്സണൽ സെക്രട്ടറിയും, പേപ്പൽ ഭവനത്തിന്‍റെ പ്രീഫെക്ടുമായ ആർച്ച്ബിഷപ്പ് ഗ്യോർഗ് ഗാൻസ്വെയിൻ. മുൻപാപ്പായുടെ സ്ഥാനത്യാഗത്തിന്‍റെ പ്രഥമ വാർഷിക സ്മരണയില്‍ വത്തിക്കാൻ ടെലിവിഷന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ബെനഡിക്ട് പാപ്പായുടെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ട തന്‍റെ അനുഭവങ്ങളെക്കുറിച്ച് മനസു തുറന്നത്. അഭിമുഖത്തിന്‍റെ ഒരു ഭാഗം മാത്രമേ വത്തിക്കാൻ ടെലിവിഷൻ ഔദ്യോഗിക സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. അഭിമുഖ സംഭാഷണത്തിന്‍റെ പൂർണ്ണരൂപം ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇക്കാര്യത്തെക്കുറിച്ച് ആരോടും സംസാരിക്കരുതെന്ന് കർശനമായി നിർദേശിച്ചുകൊണ്ടാണ് മാർപാപ്പ സ്ഥാനത്യാഗത്തെക്കുറിച്ച് തന്നോട് മൂൻകൂട്ടി വെളിപ്പെടുത്തിയത്. പാപ്പായുടെ തീരുമാനം നിശ്ബ്ദമായി നിന്നു ശ്രവിക്കുമ്പോഴും ഉള്ളിലാകെ വിറയലായിരുന്നുവെന്ന് ആർച്ചുബിഷപ്പ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. പാപ്പ സ്ഥാനത്യാഗ പ്രഖ്യാപനം നടത്തിയ ഫെബ്രുവരി 11 തന്നെ സംബന്ധിച്ച് ദുഃഖവും വേദനയും ഇടകലർന്ന ദിനമായിരുന്നു. യാത്രയപ്പുകൾ എപ്പോഴും വേദനാജനകമാണല്ലോ! ക്രിസ്തുവിനോടും ക്രിസ്തുവിന്‍റെ സഭയോടുമുള്ള ആത്മാർത്ഥമായ സ്നേഹവും പേപ്പൽ ശുശ്രൂഷയ്ക്ക് കൂടുതൽ കരുത്തുറ്റ കരങ്ങൾ വേണമെന്ന് ബോധ്യവുമായിരുന്നു പാപ്പായുടെ സ്ഥാനത്യാഗത്തിനു പിന്നില്‍. അജ്ജയ്യമായ വിശ്വാസത്തിന്‍റെ കരുത്തും ദൈവാശ്രയബോധവുമായിരുന്നു അദ്ദേഹത്തിന്‍റെ കൈമുതൽ. ഒരു വത്സരത്തിനു ശേഷം പിന്തിരിഞ്ഞു നോക്കുമ്പോഴാണ് പാപ്പായുടെ നടപടി എത്രമാത്രം ഫലദായകമായി എന്നു വിലയിരുത്താൻ സാധിക്കുന്നത്. ഫ്രാൻസിസ് പാപ്പ തിരഞ്ഞെടുക്കപ്പെടാനും അദ്ദേഹത്തിന്‍റെ സ്വാധീനശക്തി ലോകമെങ്ങും അംഗീകരിക്കപ്പെടാനും ബെനഡിക്ട് പാപ്പായുടെ സ്ഥാന ത്യാഗം ഒരു നിമിത്തമായിരുന്നുവെന്ന് ആർച്ചുബിഷപ്പ് ഗാൻസ്വെയിൻ അഭിപ്രായപ്പെട്ടു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.