2014-02-10 18:12:22

കാറ്റുവിതച്ചവന്‍ കടല്‍ പകുത്തുമാറ്റിയവന്‍ (74)
സംഗീത-കഥാവിഷ്ക്കാരം


RealAudioMP3
പുറപ്പാടു ഗ്രന്ഥം സംഗീത-കഥാവിഷ്ക്കാരത്തിന്‍റെ മൂന്നാംഭാഗം

ഫറവോ കഠനചിത്തനായപ്പോള്‍ കര്‍ത്താവ് ഈജിപ്തിലേയ്ക്ക് പിന്നെയും പ്രകൃതിക്ഷോഭങ്ങള്‍ അയച്ചു. മനുഷ്യരുടേയും മൃഗങ്ങളുടേയും ദേഹത്തൊക്കെ കുരുക്കള്‍ പൊന്തിപ്പഴുത്തു, വ്രണങ്ങള്‍ പൊട്ടിയൊലിച്ചു.
പിന്നെ വന്നത്, മഴയാണ്. സാധാരണ മഴയല്ല, കന്മഴ! അതുകൊണ്ടും ഫലമില്ലാതായപ്പോള്‍ വെട്ടുകിളികളുടെ ശല്യമുണ്ടായി. പിന്നെ മൂന്നുദിവസം ഈജിപ്ത് മുഴുവന്‍ ഭയാനകമായ ഇരുട്ടില്‍ മുങ്ങിപ്പോയി. മനുഷ്യര്‍ക്ക് ഇരുന്നിടത്തുനിന്നും നീങ്ങാന്‍പോലും ഭയമായി. ഈ ശല്യങ്ങളൊന്നും ഇസ്രായേല്‍ക്കാര്‍ താമസിക്കുന്ന ഗോഷന്‍ പ്രദേശത്തെ ബാധിച്ചതേ ഇല്ല. ഇത് ദൈവത്തിന്‍റെ പദ്ധതിയായിരുന്നു. ഇങ്ങനെ ബാധകള്‍ എട്ടും പിന്നെ ഒന്‍പതുമായി. ഓരോ തവണയും മോശ പ്രാര്‍ത്ഥിക്കുമ്പോള്‍ ശല്യം നീങ്ങിയിരുന്നു. എന്നിട്ടും ഫറവോയുടെ മനസ്സുമാറിയില്ല. അയാള്‍ ഇസ്രായേല്യരെ സ്വതന്ത്രരാക്കിയില്ല. അതില്‍ ഏറ്റവും ഭയാനകമായ പത്താമത്തെ ബാധ അയയ്ക്കാന്‍ ദൈവം ഒടുവില്‍ തീരുമാനിച്ചു. അവിടുന്നിങ്ങനെ നിശ്ചയിച്ചുറച്ചു. “ഞാന്‍ എന്‍റെ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കും. ശക്തമായ കരത്താല്‍ ഞാന്‍ ഈജിപ്തിനെ പ്രഹരിക്കും. അപ്പോള്‍ ഫറവോ എന്‍റെ ജനത്തെ വിട്ടയയക്കും,”

Exodus II sl. 7 എന്‍ സൈന്യവും ജനവുമാം ഇസ്രായേലെ മോചിക്കാന്‍
ഞാന്‍ കര്‍ത്താവെന്ന് സകലലോകവും അറിയാന്‍
ഈജിപ്തില്‍നിന്നും മോചിക്കും ഈ ജനത്തെ, ഞാന്‍
ബന്ധനത്തില്‍നിന്നും വിമോചിക്കും.

അവസാനത്തേതും പത്താമത്തേതുമായ ബാധ ഉണ്ടാകുന്നതിനു മുന്‍പ് മോസസ് ഇസ്രായേലിലെ ഓരോ വംശത്തിന്‍റേയും നേതാക്കന്മാരെ വിളിച്ചുകൂട്ടി. കര്‍ത്താവിന്‍റെ ആജ്ഞപ്രകാരം പുറപ്പാടിന് ഒരുങ്ങേണ്ടത് എപ്രകാരമെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി. ജനം ഒരുങ്ങിനിന്നു. മാസത്തിന്‍റെ പത്താം ദിവസം ഓരോ കുടുംബവും ഓരോ ആട്ടിന്‍കുഞ്ഞിനെ തിരഞ്ഞെടുക്കണം. വൈകുന്നേരം അതിനെ ബലിയര്‍പ്പിക്കണം. അതിന്‍റെ ചോരയെടുത്ത് വീടിന്‍റെ മുന്‍വശത്തെ കട്ടിളപ്പടിയിന്മേല്‍ തളിക്കണം. ആടിനെ വേവിച്ച് പുളിക്കാത്ത അപ്പവും കൈപ്പിലയും ചേര്‍ത്തു ഭക്ഷിക്കണം. നിസ്സാന്‍ മാസത്തിന്‍റെ പതിനാലാം തിയതിവരെ അത് പാലിക്കണമെന്നും മോശ അവര്‍ക്കു നിര്‍ദ്ദേശം നല്കിയിരുന്നു. ജനം ഏതു നിമിഷവും പുറപ്പെടാന്‍ തയ്യാറായി നില‍ക്കേണ്ടതുകൊണ്ട് ഭവനങ്ങളില്‍ എല്ലാവരും ഒരുമിച്ച് മേശയുടെ അരികില്‍നിന്ന് തിടുക്കത്തില്‍വേണം
അതു ഭക്ഷിക്കാനെന്നും മോശ വ്യക്തമാക്കിയിരുന്നു.

Exodus II sl. 11 ജനമേ, നിങ്ങള്‍ കാക്കുവിന്‍ ഈ സ്മരണാദിനം
ആ നാള്‍ കടന്നുപോകും ഈജിപ്തു ദേശത്തിലൂടെ ഞാന്‍
അപ്പോള്‍ കാത്തിടും ഇസ്രായേല്‍ മക്കളെ ഞാന്‍
ഹനിച്ചിടും തിന്മതന്‍ ശക്തിയെ ഞാന്‍, ആ നാള്‍
ഹനിച്ചിടും തിന്മതന്‍ ശക്തിയെ ഞാന്‍

ആ രാത്രിയില്‍ ദൈവം ഈജിപ്തിലൂടെ കടന്നുപോയി. രക്തം പുരളാത്ത ഓരോ വാതിക്കല്‍ക്കൂടെയും ശിക്ഷയുടെ ദൂതന്‍ കടന്നുചെന്നു. ഈജിപ്തിന്‍റെ രാജകൊട്ടാരം മുതല്‍, അങ്ങേ അറ്റംവരെയുള്ള ഓരോ കുടുംബത്തിലേയും കടിഞ്ഞൂല്‍ പുത്രന്മാര്‍ മരിച്ചുവീണു. മൃഗങ്ങളുടെ കടിഞ്ഞൂല്‍ ഫലങ്ങളും ചത്തുവീണു. നാടുമുഴുന്‍ കൂട്ടനിലവിളിയായി. മോശയെയും അഹറോനെയും വിളിച്ചുവരുത്തുവാന്‍ ഫറവോ ആളെ വിട്ടു. ഇസ്രായേല്‍ ജനത്തെയുംകൊണ്ട് അതിവേഗം ഈജിപ്തു വിട്ടുപോകാന്‍ ഫറവോ ഗത്യന്തരമില്ലാതെ കല്പനയിട്ടു.
നാട്ടിലാകെ തിക്കും തിരക്കുമായി. ഇസ്രായേല്‍ക്കാര്‍ അത്യധികം ബദ്ധപ്പാടോടെ എല്ലാം കെട്ടിപ്പെറുക്കാന്‍ തുടങ്ങി. പേടിച്ചരണ്ട ഈജിപ്തുകാര്‍ ഇസ്രായേല്‍ ജനങ്ങള്‍ക്കുവേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്തിട്ട് അവരെ അതിവേഗത്തില്‍ നാട്ടില്‍നിന്നും യാത്രയാക്കി. അന്നോളം അവരോടു ചെയ്ത ദ്രോഹങ്ങള്‍ക്കു പരിഹാരമെന്നോണം ഇസ്രായേല്‍ക്കാര്‍ക്ക് അന്ന് അവര്‍ വിലപ്പെട്ട പലേ സാധനങ്ങളും സമ്മാനമായി കൊടുത്തു. പൊന്ന്, വെള്ളി, വസ്ത്രങ്ങള്‍, ഇങ്ങനെ പലതും.

Exodus II sl. 9 ആ രാത്ര മഹനീയരാത്രി
കര്‍ത്താവു നല്കും പെസഹാരാത്രി
കുഞ്ഞാടിന്‍ മാംസവും പുളിപ്പില്ലാത്തപ്പവും ഭക്ഷിക്കണം,
പിന്നെ തളിക്കണം കുഞ്ഞാടിന്‍ രക്തം
രക്ഷതന്‍ അടയാളമായ്.

അങ്ങനെ ഇസ്രായേല്‍ക്കാര്‍ ഒരു സ്വതന്ത്രജതനയായി ഈജിപ്തില്‍നിന്നു പുറത്തു കടന്നു. അവര്‍ രക്ഷപ്പെട്ടു.
പക്ഷെ തങ്ങള്‍ക്ക് വാഗ്ദാനംചെയ്യപ്പെട്ട നാടിനും ഈ പുറപ്പാടിനും ഇടയ്ക്ക് വലിയൊരു മരുഭൂമിയാണു കിടക്കുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. കര്‍ത്താവായിരുന്നു എക്കാലത്തും അവരുടെ വഴികാട്ടി. പകല്‍ ഒരു മേഘസ്തംഭമായും – രാത്രിയില്‍ ഒരു തീത്തൂണായും ദൈവം തന്‍റെ ജനത്തെ നയിച്ചു. ദൈവം അവരുടെ വഴികാട്ടിയായി എപ്പോഴും മുന്‍പേ ഉണ്ടായിരുന്നു. ജനക്കൂട്ടം തെക്കോട്ടാണ് നീങ്ങിയത്. അങ്ങനെ അവര്‍ ഈജിപ്തിന്‍റെ അതിര്‍ത്തി കടന്ന് ചെങ്കടല്‍ തീരത്തെത്തി.
Exodus II sl. 12 പകല്‍ മേഘസ്തംഭമായ് രാത്രിയില്‍ അഗ്നിശലാകയായ്
മരുഭൂവിലൂടവിടുന്നു നയിക്കുന്നു
ചെങ്കടല്‍ തന്നിലേയ്ക്കു തന്‍റെ ജനത്തെ തിരിക്കുന്നു
കര്‍ത്താവു തന്‍റെ ജനത്തെ നയിക്കുന്നു, കാക്കുന്നു.

ഇസ്രായേല്‍ പുറപ്പെട്ട് ചെങ്കടല്‍ തീരത്തെത്തിയെങ്കിലും, ഫറവോ വീണ്ടും കഠിനചിത്തനായി. ഇതാ, അയാള്‍ സൈന്യവുമായി പുറപ്പെട്ടു വരുന്നത് ഇസ്രായേല്‍ ജനം കണ്ടു. അടിമകളായിരുന്നവരെ തിരിച്ചുകൊണ്ടുവരുവാന്‍ വേണ്ടിയാണ് പട്ടാളവുമായി ഫറവോ അവരെ അനുഗമിച്ചത്. ഇസ്രായേല്‍ക്കാര്‍ നോക്കിയപ്പോള്‍ ഫറവോയുടെ സൈന്യം അവരെ പിന്‍തുടരുന്നു! പിറകില്‍ സൈന്യം, മുന്‍ഭാഗത്ത് കടല്‍!! ചെകുത്താനും കടലിനും മദ്ധ്യേ എന്നനുഭവം.... ജനം പരിഭ്രാന്തരായി. അവര്‍ മോശയെ കുറ്റംപറയാന്‍ തുടങ്ങി. പക്ഷെ മോശ ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചു. സഹായത്തിനായി ദൈവത്തില്‍ ശരണപ്പെട്ടു. തന്‍റെ ഇടയവടി കടലിനുമീതെ നീട്ടാന്‍ ദൈവം മോശയോടു കലിപ്ച്ചു. മോശ വടി നീട്ടിയതും, കടല്‍ രണ്ടായി വിഭജിക്കപ്പെട്ടു. കടല്‍ജലം രണ്ടു വശത്തേയ്ക്കും ഒഴിഞ്ഞുമാറി. ഇരുവശവും മതില്‍പോലെ ജലം അത്ഭുതകരമായി ഉയര്‍ന്നുനിന്നു. ഉണങ്ങിയ നടുവഴിയിലൂടെ ഇസ്രായേല്‍ ജനം നടന്നുനീങ്ങി. അവര്‍ മറുകരയെത്തി.

Exodus II sl. 12, 13 കഠിനചിത്തനായ് ഫറവോ പുറപ്പെട്ടു വീണ്ടും
ഇസ്രായേല്യരെ വധിക്കുവാന്‍, ബന്ധികളാക്കാന്‍, എന്നാല്‍
നോക്കൂ ചെങ്കടല്‍ മാറുന്നു പിറകിലേയ്ക്ക്
കാറ്റു വീശുന്നു കടല്‍ വറ്റി വഴിയാകുന്നു
ദൈവം തന്‍റെ ജനത്തെ നയിക്കുന്നു ചിരമായ്.

ഇതാ, ഈജിപ്ഷ്യന്‍ സൈന്യം ഇസ്രായേല്യരുടെ പിറകേ പാഞ്ഞെത്തി. തെളിഞ്ഞു കണ്ട കടല്‍ വഴിയിലൂടെ സൈന്യവും മുന്നേറി. ശത്രുസൈന്യം നടുക്കടില്‍ എത്തി. ദൈവം മോശയോടു വീണ്ടും വെള്ളത്തിനുമീതെ ഇടയവടി ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യപ്പെട്ടു. മോശ അപ്രകാരം ചെയ്തു. ഇരുപുറമായി പകുത്തുനിന്ന വെള്ളം വീണ്ടും വഴിക്കുമീതെ ഉരുണ്ടുകൂടി. ഫറവോയുടെ സൈന്യം - രഥങ്ങളും, കുതിരകളും കുതിരക്കാരും എല്ലാം അങ്ങനെ കടലില്‍ മുങ്ങിച്ചത്തു.

Exodus II sl. 14 വിഴുങ്ങീ കടല്‍ ഫറവോയിന്‍ സൈന്യത്തെ
വഴങ്ങീ അതു ദൈവഹിതത്തിനായ്
കര്‍ത്താവുയര്‍ത്തിയ കരുത്തുറ്റ കരമത്
തന്‍റെ ജനത്തെ നയിക്കും മോശയില്‍ കരമത്.


മോശയും ഇസ്രായേല്‍ ജനം മുഴുവനും ദൈവത്തിനു സ്ത്രോത്രഗീതം പാടി. അഹറോനും സഹോദരി മറിയവും, മറ്റു സ്ത്രീകളും ജനങ്ങള്‍ക്കൊപ്പം പാടിയും ആടിയും ദൈവത്തെ സ്തുതിച്ചു. അടിമത്വത്തില്‍നിന്നും തങ്ങളെ രക്ഷിച്ച ദൈവത്തിന് ഒരു ജനമായി അവര്‍ നന്ദിയര്‍പ്പിച്ചു.

Exodus II sl. 15 കര്‍ത്താവെന്നും രാജാവായ് ഭരിക്കും
തന്‍റെ ജനത്തെ അനുസ്യൂതം
ശക്തിയും രക്ഷയും, ജയവും മഹത്വവും
എന്നും അവിടുത്തേതാകുന്നു
ദൈവമേ, അവിടുത്തേതാകുന്നു.

ദൈവം എന്നും തന്‍റെ വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്നും. വിളിച്ചവരെ അവിടുന്ന് കാത്തുപാലിക്കുമെന്നും, നയിക്കുമെന്നും പുറപ്പാടിന്‍റെ തുടര്‍സംഭവങ്ങള്‍ വ്യക്തമാക്കുന്നു.
_______________________________
Prepared by Nellikal, Vatican Radio







All the contents on this site are copyrighted ©.