2014-02-08 15:14:24

വത്തിക്കാന്‍റെ സാമ്പത്തിക പ്രബോധം ലണ്ടൻ സ്‌ക്കൂൾ ഓഫ്‌ ഇക്കണോമിക്‌സില്‍


08 ഫെബ്രുവരി 2014, ലണ്ടൻ
എല്ലാവരേയും ഉൾക്കൊള്ളുന്ന സാമ്പത്തിക സംവിധാനമാണ് പരിശുദ്ധസിംഹാസനം പിന്തുണയ്ക്കുന്നതെന്ന് നീതി സമാധാന കാര്യങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ പീറ്റർ കെ.ടർക്സൺ ലണ്ടൻ സ്‌ക്കൂൾ ഓഫ്‌ ഇക്കണോമിക്‌സില്‍ (The London School of Economics and Political Science, LSE)പ്രസ്താവിച്ചു. എൽ.എസ്.ഇ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര പഠന ശിബിരത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു കർദിനാൾ ടർക്സൺ. അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടേയും നാണ്യ വിപണിയുടേയും പുനർക്രമീകരണം എന്ന വിഷയം ആസ്പദമാക്കി നടന്ന പഠനശിബിരത്തില്‍ സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ നിലപാടുളെക്കുറിച്ച് കർദിനാൾ വിശദീകരിച്ചു. സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും സാമ്പത്തിക വ്യവസ്ഥയുടെ പുനർക്രമീകരണത്തെക്കുറിച്ചുമുള്ള ചർച്ചകളും പഠനങ്ങളും തികച്ചും സാങ്കേതികമായി മാത്രം ചുരുക്കരുതെന്നും, സാമ്പത്തിക രംഗത്തെ ധാർമ്മിക മൂല്യച്യുതിയും വിശകലനം ചെയ്യേണ്ടിയിരിക്കുന്നുവെന്നും കർദിനാൾ ആവശ്യപ്പെട്ടു. വീഴ്ച്ചകൾ നമ്മെ പഠിപ്പിച്ചതെന്താണെന്ന് ആത്മവിചിന്തനം നടത്താൻ നാം തയ്യാറാകണം.
മനുഷ്യ കേന്ദ്രീകൃതമായ സാമ്പത്തിക വ്യവസ്ഥയും, ആരേയും അവഗണിച്ചും പാർശ്വവത്കരിച്ചും മാറ്റിനിറുത്താതെ, എല്ലാവരേയും ഉൾച്ചേർക്കുന്ന വികസന പദ്ധതികളുമാണ് സഭ പിന്തുണയ്ക്കുന്നത്. ദാരിദ്ര്യത്തിനും വിവേചനത്തിനും പാർശ്വവൽക്കരണത്തിനുമെതിരേ പടപൊരുതുകയും, പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്ന വികസനത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പ ലോകത്തെ ഉത്ബോധിപ്പിക്കുന്നു. ‘വലിച്ചെറിയൽ സംസ്ക്കാരത്തിന്’ ഇടമേകാതെ സാഹോദര്യവും സഹകരണവും വളർത്തുന്ന സംവിധാനങ്ങൾക്കുവേണ്ടിയാണ് ഫ്രാൻസിസ് പാപ്പ നിരന്തരം അഭ്യർത്ഥിക്കുന്നതെന്നും കർദിനാൾ വ്യക്തമാക്കി.
Reported: Vatican Radio, TG







All the contents on this site are copyrighted ©.