2014-02-07 17:44:06

പ്രണയ ദിനം പാപ്പായ്ക്കൊപ്പം ആഘോഷിക്കാനെത്തുന്ന ആയിരങ്ങൾ


07 ഫെബ്രുവരി 2014, വത്തിക്കാൻ
വിശുദ്ധ വലെന്‍റീന്‍റെ തിരുന്നാള്‍ ദിനമായ ഫെബ്രുവരി 14ന് വത്തിക്കാനില്‍ മാർപാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന സംഗമത്തില്‍ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് പ്രണയ ജോഡികൾ പങ്കെടുക്കും. ഈ വര്‍ഷത്തെ പ്രണയദിനം പാപ്പായോടൊപ്പം ആഘോഷിക്കാൻ പതിനേഴായിരത്തിലേറെ യുവജനങ്ങൾ പേരു നൽകി കഴിഞ്ഞെന്ന് സംഗമത്തിന് നേതൃത്വം നൽകുന്ന കുടുംബങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസില്‍ ഫെബ്രുവരി 6ന് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. പ്രതീക്ഷിച്ചതിലേറെ പേർ പരിപാടിയില്‍ പങ്കെടുക്കാൻ പേരു നൽകിയതിനാൽ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി വി.പത്രോസിന്‍റെ ചത്വരത്തിലാണ് സംഗമം നടത്തുന്നതെന്ന് കൗൺസില്‍ അറിയിച്ചു.
വിവാഹം നിശ്ചയിച്ചവര്‍ക്കും, വിവാഹിതരാകാന്‍ തയാറെടുക്കുന്ന പ്രണയ ജോടികള്‍ക്കും വേണ്ടി “സമ്മതത്തിന്‍റെ ആനന്ദം എന്നെന്നും” (The Joy of ‘Yes’ forever) എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനം പോൾ ആറാമൻ ഹാളിലാണ് ആദ്യം നിശ്ചയിച്ചിരുന്നത്. കൂടുതൽ പേർക്ക് സംഗമത്തില്‍ പങ്കെടുക്കാൻ സാധിക്കുന്നതിനുവേണ്ടി പാപ്പായുടെ നിർദേശപ്രകാരം സംഗമ വേദി വി.പത്രോസിന്‍റെ ചത്വരത്തിലേക്ക് മാറ്റുകയായിരുന്നു.
ഫെബ്രുവരി 14ന് രാവിലെ 9 മണിക്ക് പരിപാടികൾ ആരംഭിക്കും. പ്രാർത്ഥനയ്ക്കും, ധ്യാനത്തിനും പുറമേ, വിവാഹാർത്ഥികളുടെ സാക്ഷ്യവും മുഖ്യ പരിപാടികളില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് മാർപാപ്പ വേദിയിലെത്തുക. ഏകദേശം 45 മിനിറ്റു നേരം പാപ്പ വിവാഹാർത്ഥികൾക്കൊപ്പം ചിലവഴിക്കുമെന്ന് കുടുംബങ്ങൾക്കുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്‍റെ വാർത്താക്കുറിപ്പ് വെളിപ്പെടുത്തി.
Reported: Vatican Radio, TG







All the contents on this site are copyrighted ©.