2014-02-07 16:13:34

നസ്രത്തിലെ സിനഗോഗ് സംഭവം
ക്രിസ്തുവിന്‍റെ നയപ്രഖ്യാപനം


വി. ലൂക്കാ 4, 14-22 ദനഹായ്ക്കുശേഷം രണ്ടാംവാരം
യേശു ദൗത്യമാരംഭിക്കുന്നു

ആത്മാവിന്‍റെ ശക്തിയോടുകൂടെ യേശു ഗലീലിയിലേയ്ക്കു മടങ്ങിപ്പോയി. അവിടുത്തെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു. അവിടുന്ന് അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി. പിന്നെ യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം അവിടുന്ന് അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകം അവിടുത്തേയ്ക്കു നല്കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവിടുന്നു കണ്ടു. കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയരിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്പിച്ചതിനുശേഷം അവിടുന്ന് ഇരുന്നു. സാനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരം അവിടുത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവിടുന്ന് അവരോടു പറയാന്‍ തുടങ്ങി. നിങ്ങള‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. എല്ലാവരും അവിടുത്തെ പ്രശംസിച്ചു പറയുകയും അവന്‍റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്സുകേട്ട് അത്ഭുതപ്പെടുകയും ചെയ്തു.

യേശുവിന്‍റെ പരസ്യജീവിതത്തിലെ ആരംഭസംഭവമാണ് വിശുദ്ധ ലൂക്കാ വിവരിക്കുന്ന നസ്രത്തിലെ സിനഗോഗു സന്ദര്‍ശനം. തന്‍റെ ജീവിതത്തിന്‍റെ നയപ്രഖ്യാപനമാണ് അവിടെ നടത്തിയത്. ക്രിസ്തുവിന്‍റെ ആദ്യ പ്രവര്‍ത്തന രംഗമായി ലൂക്കാ അവതരിപ്പിക്കുന്നത് ഗലീലിയാണ്. ഗലീലി മുതല്‍ ജരൂസലേംവരെയുള്ള ക്രിസ്തുവിന്‍റെ ജീവിതത്തിലെ രക്ഷാകരമായ വഴിയെക്കുറിച്ചാണു ലൂക്കാ തന്‍റെ സുവിശേഷത്തില്‍ ആകമാനം പ്രതിപാദിക്കുന്നത്. മരുഭൂമിയില്‍നിന്നു ഗലീലിയിലേയ്ക്കു മടങ്ങുന്ന ക്രിസ്തുവിന്‍റെ കീര്‍ത്തി നാടെങ്ങും വ്യാപിക്കുന്നു.

അവിടുത്തെ എല്ലാ പ്രവര്‍ത്തനങ്ങളെയും കാണേണ്ടത് യോര്‍ദ്ദാനിലെ മാമ്മോദീസായുടെ പശ്ചാത്തലത്തിലാണ്. ദൈവാരൂപി അവിടുന്നില്‍ ആവസിക്കുന്നു, വസിക്കുന്നു. “യോര്‍ദ്ദാനില്‍ ജ്ഞാനസ്നാനം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗംതുറക്കപ്പെട്ടു. പരിശുദ്ധാത്മാവ് മാടപ്രാവിന്‍റെ രൂപത്തില്‍ അവിടുത്തെമേല്‍ ഇറങ്ങിവന്നു....” ലൂക്കാ 3, 21. പരിശുദ്ധാത്മാവ് അവിടുത്തെ നയിക്കുന്നു. “യേശു പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായി ജോര്‍ദ്ദാനില്‍നിന്നും മടങ്ങി.” ലൂക്കാ 4, 1. ലൂക്കായുടെ ക്രിസ്തുവിജ്ഞാനീയത്തിന്‍റെ പ്രത്യേകതയാണ്, പരിശുദ്ധാത്മാവിലൂടെയുള്ള ക്രിസ്തുവിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും. അവിടുത്തെ പ്രബോധനങ്ങളും രോഗശാന്തികളും ഭൂതോച്ചാടനങ്ങളുമെല്ലാം പരിശുദ്ധാത്മാവിന്‍റെ ശക്തിയാലുള്ളതാണ്. ക്രിസ്തുവിന്‍റെ രക്ഷാകര ജോലികളെല്ലാംതന്നെ ഒരു ദേശാടകനായ ഗുരുവിന്‍റെ പ്രവര്‍ത്തനങ്ങള്‍ പോലെയാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. “മനുഷ്യപുത്രനു തലചായ്ക്കാന്‍ ഭൂമിയില്‍ ഇടമില്ല” (ലൂക്കാ 9, 58) എന്ന പ്രസ്താവംതന്നെ ഇത് അന്വര്‍ത്ഥമാക്കുന്നു.
“എന്താണ് ജനങ്ങള്‍ ഗുരുവില്‍നിന്ന് പ്രതീക്ഷിക്കുന്നത്?”
ആനന്ദങ്ങളുടെ ഗുരുവെന്നും ജീവനകലയുടെ ആചാര്യനെന്നും ജനങ്ങള്‍ വിളിക്കുന്ന
ശ്രീ ശ്രീ രവിശങ്കറിനോട് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമായിരുന്നു ഇത്. “ജ്ഞാനവും മാര്‍ഗ്ഗിര്‍ദ്ദേശവും പകര്‍ന്നു നല്കുക,” സ്വാമികള്‍ പറഞ്ഞു. “പിന്നെ പ്രത്യാശ പകര്‍ന്നുകൊടുക്കുവാനും പ്രോത്സാഹിപ്പിക്കുവാനും ഗുരുവിന് കഴിയണം. കാരണം, സത്യത്തിലേയ്ക്കുള്ള പാതയില്‍ എവരുടെയും സഹയാത്രികനുമാണ് ഗുരുനാഥന്‍.”

ജീവിതപാതയില്‍ ജ്ഞാനവും ദിശാബോധവും പ്രത്യാശയും പകര്‍ന്നു കൊടുക്കുന്ന യേശുവിനെയാണ് സുവിശേഷത്തില്‍ നാമിന്ന് കണ്ടുമുട്ടുന്നത്. അവിടുത്തെ പ്രബോധനങ്ങള്‍ എപ്പോഴും പഴയനിയമവുമായി ബന്ധപ്പെട്ടതാണ്. എല്ലാം അതിന്‍റെ പൂര്‍ത്തീകരണംപോലെയാണ്. അവിടുത്തെ വചനങ്ങള്‍ ജനങ്ങള്‍ക്കു സ്വീകാര്യമാകുവാന്‍ കാരണം, അത് ജനത്തെ രക്ഷയിലേയ്ക്കു നയിക്കുന്നതായിരുന്നു. അതുകൊണ്ടാണ് ജനം ക്രിസ്തുവിനെ സ്തുതിക്കുകയും അവിടുത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തത്. നാട്ടിലെ സിനഗോഗില്‍ പ്രവചനവാക്യങ്ങള്‍ വായിച്ചതിനുശേഷം അത് വ്യാഖ്യാനിക്കുന്ന പതവ് പണ്ടേ നിലനിന്നുരുന്നു.
“കര്‍ത്താവിന്‍റെ ആത്മാവ് തന്‍റെമേല്‍ ഉണ്ട്. ഇസ്രായേലിന്‍റെ സജീവനായ ദൈവം, തന്നെ രക്ഷകനായി അഭിഷേചിച്ചിരിക്കുന്നു. ദരിദ്രരോടു സുവിശേഷം പ്രസംഗിക്കുവാന്‍ താന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു. ആ സുവിശേഷം ബന്ധിതരുടെ മോചനം സംബന്ധിച്ചുള്ളതാണ്. അതുവഴി അന്ധര്‍ക്ക് കാഴ്ചയും മര്‍ദ്ദിതര്‍ക്ക് സ്വാതന്ത്ര്യവും ലഭിക്കും. അതോടെ കര്‍ത്താവിന് സ്വീകാര്യമായ പുതുവത്സരം പ്രഖ്യാപിക്കപ്പെടുന്നു. ശ്രോതാക്കളായ നിങ്ങളില്‍ ഇന്ന് ഈ തിരുലിഖിതങ്ങള്‍ നിറവേറിയിരിക്കുന്നു,” എന്നാണ് ക്രിസ്തു സിനഗോഗില്‍ വായിച്ചത്.

ഇത്രയും ക്രിസ്തുവിന്‍റെ പരസ്യജീവിതാരംഭത്തിലുള്ള നയപ്രഖ്യാപനം തന്നെയാണ്. തിരുവെഴുത്തുകളില്‍ ഏശയ്യാ പ്രവാചകന്‍ പറഞ്ഞ കാര്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് താന്‍ മിശിഹായാണെന്ന് ക്രിസ്തു സമര്‍ത്ഥിക്കുന്നത്.
ഗലീലിയാ മുതല്‍ ജരൂസലേംവരെ നീണ്ടുകിടക്കുന്ന അവിടുത്തെ ജീവിത വഴിയെക്കുറിച്ചാണ് ലൂക്കാ സുവിശേഷകന്‍ പ്രതിപാദിക്കുന്നതും. എന്നാല്‍ നസ്രത്തിലെ മരപ്പണിക്കാരനായ ജോസഫിന്‍റെ മകന്‍, യേശുവിനെ മിശിഹാ, രക്ഷകനായി കാണുവാന്‍ ജനങ്ങള്‍ക്ക് കഴിയുന്നില്ല. അത്ഭുതംചെയ്ത് താന്‍ ദൈവപുത്രനാണെന്ന് തെളിയിക്കാനും ക്രിസ്തു ആഗ്രഹിക്കുന്നില്ല.
ദൈവത്തെയും അവിടുത്തെ പ്രവാചകന്മാരെയും സ്വന്തംജനം തിരസ്കരിക്കുമ്പോള്‍ വിജാതീയരെ തിരഞ്ഞെടുക്കപ്പെട്ട ജനമായി ദൈവം ഉയര്‍ത്തുന്നു. അതുപോലെ ക്രിസ്തു സ്വന്തം ജനത്താല്‍ തിരസ്കരിക്കപ്പെട്ടപ്പോള്‍ വിജാതീയരുടെ ഗ്രാമങ്ങളിലേയ്ക്ക് അവിടുന്ന് ഇറങ്ങിപ്പോയി. അവരുടെ ഇടയില്‍ ദൈവരാജ്യത്തിന്‍റെ വിത്തുകള്‍ അവിടുന്നു വിതറി, അവരുടെ വിശ്വാസത്തിന്‍റെ ഫലമായി അവിടുന്ന് അവരുടെ ഇടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.

പാപംചെയ്ത മനുഷ്യനെ ദൈവം പറുദീസായില്‍നിന്നു പുറത്താക്കി, എന്ന് ഉല്പത്തി പുസ്തകത്തില്‍ വായിക്കുന്നു. ഏദന്‍ തോട്ടത്തിന്‍റെ വാതിലുകള്‍ പൂട്ടി കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മനുഷ്യനെ ദൈവം എന്നന്നേയ്ക്കുമായി ശപിച്ച് ഉപേക്ഷിച്ച പ്രതീതിയാണ് ഇതു നല്കുന്നത്. പക്ഷേ, അതു ദൈവത്തിന്‍റെ ക്രോധത്തിന്‍റെ വിവരണം മാത്രമല്ല, ദുഃഖത്തിന്‍റെയും ചരിത്രമാണത്. ആ ദുഃഖത്തില്‍ ഒളിഞ്ഞിരിക്കുന്നത് അവിടുത്തെ അവാച്യമായ സ്നേഹമാണ്, അതിരുകളില്ലാത്ത, കലവറയില്ലാത്ത ദൈവസ്നേഹമാണ്, അസ്തമിക്കാത്ത സ്നേഹമാണ്. ആ സ്നേഹത്തിന്‍റെ ആഴമാണ് ധൂര്‍ത്തപുത്രന്‍റെ കഥയില്‍ ക്രിസ്തു പിന്നീട് വരച്ചുകാട്ടുന്നത്. ഈ രണ്ടു വിവരണങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍, ഭവനത്തിന്‍റെ വാതിലുകള്‍ പാതിചേര്‍ത്തുവച്ച് നാള്‍വഴികളോളം ദൃഷ്ടിയണച്ച് ആരെയോ കാത്തിരിക്കുന്ന, സ്നേഹമുള്ള, ക്ഷമിക്കുന്ന സ്നേഹമുള്ള പിതാവിന്‍റെ ചിത്രം തെളിഞ്ഞുവരുന്നു. അതേ, പാപം ചെയ്തവനെ എന്നന്നേയ്ക്കുമായി തള്ളിക്കളഞ്ഞു കൈകഴുകി ശുദ്ധമാക്കുന്ന ദൈവത്തെയല്ല, ബൈബിള്‍ അവതരിപ്പിക്കുന്നത്. മനുഷ്യനെക്കുറിച്ചു വിചാരപ്പെടുകയും വഴിതെറ്റിപ്പോയവനെ അന്വേഷിച്ചിറങ്ങുകയും, തിരികെ കൊണ്ടുവന്നു മാറോടു ചേര്‍ത്തണയ്ക്കാന്‍ അഭിലഷിക്കുകയും, അതിനായി തത്രപ്പെടുകയും ചെയ്യുന്ന പിതാവായ ദൈവമാണു വിശുദ്ധ ഗ്രന്ഥത്തിന്‍റെ പ്രമേയം. മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്‍റെ വിചാരപ്പെടലാണു മനുഷ്യാവതാരത്തില്‍ ക്രിസ്തു-രക്ഷകന്‍ രുപപ്പെടുന്നത്. സ്നേഹമാണു ഈ പ്രപഞ്ചത്തെ ആകമാനം സൃഷ്ടിച്ചതെങ്കില്‍ ആ സ്നേഹം വീണ്ടെടുപ്പോളം ത്രസിച്ചു നില്ക്കുകതന്നെ ചെയ്യും.

ദൈവസ്നേഹത്തിന്‍റെ ആഘോഷമാണ് ക്രിസ്തുവില്‍ നമുക്കായി വെളിപ്പെടുത്തപ്പെട്ടത്. മനുഷ്യനെ വീണ്ടെടുക്കാന്‍ ദൈവം എങ്ങനെയെല്ലാം ഉദ്യമിച്ചുകൊണ്ടിരുന്നു എന്നു പടിപടിയായി വിവരിക്കുന്നതാണ് രക്ഷാകര ചരിത്രം. അനേകം ദൈവദാസന്മാരുടെ താക്കീതുകളിലൂടെ, പ്രവാചകന്മാരുടെ ശാസനകളിലൂടെ, നീതിശാസ്ത്ര വ്യാഖ്യാനങ്ങളിലൂടെ, പലതരം ശിക്ഷാനടപടികളിലൂടെ ആ അന്വേഷണം മനുഷ്യചരിത്രത്തില്‍ നീളുകയാണ്. ഒടുവില്‍ ദൈവത്തിന്‍റെ സ്നേഹം മാംസംധരിച്ച് മനുഷ്യനായി പിറന്ന്, മനുഷ്യര്‍ക്കുവേണ്ടി ജീവിച്ചു, മരിച്ചു. തീര്‍ന്നില്ല, ക്രിസ്തുവിന്‍റെ ഉത്ഥാനം തുടര്‍ന്നും വീണ്ടെടുപ്പിന്‍റെ മഹാപ്രസ്ഥാനത്തിലൂടെ മനുഷ്യര്‍ക്ക് പ്രത്യാശ പകരുന്നു. എവിടെയാണ് മനുഷ്യന്‍ വീണുപോയത്, എങ്ങനെ ജീവിച്ചാലാണ് ആ വീഴ്ചയില്‍നിന്ന് കരകേറാന്‍ കഴിയുന്നത്, എന്നു നീളെ നീളെ ഉദാഹരിക്കുകയും, ജീവിതത്തെ സ്നേഹത്തിന്‍റെ നിലാവൊളിയില്‍ സ്നാനപ്പെടുത്തുകയും, ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തിട്ടാണ്
ആ ഇതിഹാസം സമാപിക്കുന്നത്.

നാം ആഘോഷിച്ച ക്രിസ്മസ്സ് മനുഷ്യരാശിയുടെ വിമോചനത്തിന്‍റെ ഉത്സവമായി മാറുന്നത് അങ്ങിനെയാണ്. ക്രിസ്തു മനുഷ്യരുടെ വിമോചകനും. ജീവനിലേയ്ക്കുള്ള വഴിയുമാണ്. ഈ കാല്‍ച്ചുവടുകള്‍ നോക്കി നടന്നുകൊള്ളൂ എന്നാണു ക്രിസ്തു പറയുന്നത്, അവിടുത്തെ പരസ്യജീവിത സംഭവങ്ങള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടു ക്രിസ്മസ്സ് ആഘോഷിച്ചശേഷം, ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ ഓരോ സംഭവങ്ങള്‍ ധ്യാനിച്ചുകൊണ്ട്, ഈ ആരാധനക്രമ കാലഘട്ടത്തിലൂടെ സ്നേഹത്തിന്‍റെയും ആത്മദാനത്തിന്‍റെയും വഴിയെ ഇനിയും മുന്നോട്ടു ചരിക്കാം. അങ്ങനെ ഇരുളേറുന്ന ജീവിത വഴികളില്‍ ക്രിസ്തു നാഥനായി നമ്മെ നയിക്കട്ടെ! അവിടുന്ന് നമ്മില്‍ വസിക്കട്ടെ!!
______________________________
Prepared by Nellikal, Vatican Radion







All the contents on this site are copyrighted ©.