2014-02-07 16:48:03

ദിവ്യകുഞ്ഞാടായ ക്രിസ്തു
ദൈവത്തിന്‍റെ നിരുപമസ്നേഹം


RealAudioMP3
സീറോ മലബാര്‍ റീത്ത് - പ്രത്യാക്ഷീകരണം മൂന്നാംവാരം
വിശുദ്ധ യോഹന്നാന്‍ 1, 29-34 ദൈവത്തിന്‍റെ കുഞ്ഞാട്

അടുത്ത ദിവസം യേശു തന്‍റെ അടുത്തേയ്ക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു. ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കു മുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്. ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്‍റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാല്‍ സാക്ഷൃപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ ജലംകൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു. ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മവിനെക്കൊണ്ടു സ്നാനം നല്‍കുന്നവന്‍. ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷൃപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭത്തില്‍ യേശുവിന്‍റെകൂടെ ഒരു ദിവസം ആത്മീയതയില്‍ വസിച്ച് ആദ്യശിഷൃന്മാര്‍ പറഞ്ഞ വാക്കുകളാണ്, “ഞങ്ങള്‍ മിശിഹായെ കണ്ടു!” “ഞങ്ങള്‍ മിശിഹായെ കണ്ടു!”
ഒരു Come and see experience കഴിഞ്ഞവരുടെ ആഹ്ലാദപ്രകടനമാണിത്. ഇതൊരു കണ്ടെത്തലാണ് it is a discovery. ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍, എന്ന് യോര്‍ദ്ദാന്‍ നദിക്കരയില്‍ യോഹന്നാന്‍ ചൂണ്ടിക്കാണിച്ച ക്രിസ്തുവിനെ കണ്ടെത്തിയതായിരുന്നു ശിഷ്യരുടെ ആത്മീയാനുഭൂതി. അതാണ് അവരെ മുന്നോട്ടു നയിച്ചത്. ലോകത്തിന്‍റെ അതിര്‍ത്തികളോളം പിന്നെ അവരം സുവിശേഷവുമായി എത്തിച്ചത്.!

എന്‍റെ സുഹൃത്ത് സെബാസ്റ്റൃന്‍ പള്ളിത്തോടിന്‍റെ നോവലാണ് Agnus Dei.
പൗരോഹിത്യ ജീവിതത്തെ വിവരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വരികളാണ് പള്ളിത്തോടിന്‍റെ നോവല്‍. Agnus Dei എന്ന ലത്തീന്‍ വാക്കിന് ദൈവത്തിന്‍റെ കുഞ്ഞാട് എന്നാണ് അര്‍ത്ഥം. ‘ആഞ്ഞൂസ്’ എന്നാല്‍ ചെറിയ ആട്, കുഞ്ഞാട്...., ‘ദേവൂസ്’ എന്നാല്‍ ദൈവം എന്നുമാണ് മൂലാര്‍ത്ഥം. സ്നാപകയോഹന്നാന്‍ യേശുവിനെ വിളിച്ച, വിശേഷിപ്പിച്ച ‘ആഞ്ഞൂസ് ദേയി,’ ദൈവത്തിന്‍റെ കുഞ്ഞാട് എന്ന ശീര്‍ഷകത്തിന് അഞ്ച് അര്‍ത്ഥങ്ങളുണ്ടെന്ന് പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു. അവ ഇങ്ങനെയാണ്:

1. സഹനത്തിന്‍റെ കുഞ്ഞാടാണ് ആദ്യത്തേത്.
എശയ്യ പ്രവാചകന്‍ (53, 6-7) സഹനദാസനെ കുഞ്ഞാടായി അവതരിപ്പിച്ചിരിക്കുന്നു.
“വഴിതെറ്റിപ്പോയ ആടുകളെപ്പോലെയാണു നാം. ഓരോരുത്തരും സ്വന്തം വഴിക്ക് ഇറങ്ങിപ്പോകുന്നു. നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് സ്വയം ഏറ്റെടുത്തു, തന്‍റെമേല്‍ ചുമത്തി. അവിടുന്ന് മര്‍ദ്ദിതനായി, പീഡിതനായി. എങ്കിലും ഉരിയാടിയില്ല, കൊല്ലാന്‍ കൊണ്ടുപോകുന്ന കൂഞ്ഞാടിനെപ്പോലെയും, രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവിടുന്ന് മൗനം പാലിച്ചു.”
ഇത് സഹനദാസനും ദൈവത്തിന്‍റെ കുഞ്ഞാടുമായ ക്രിസ്തുവിന്‍റെ മാതൃകയാണ്, prototype-ആണ്, ക്രിസ്തു തന്നെയാണ്. ഹെബ്രായ ഭാഷയിലെ താലെ thaleh എന്ന പദത്തിന് കുഞ്ഞാടെന്നും ദാസനെന്നും അര്‍ത്ഥമുണ്ട്. (ഏശ 53, 11).

2 രണ്ടാമത്തെ അര്‍ത്ഥം, ബലിയാട് sacrificial lamb എന്നാണ്. ഉല്പത്തി പുസ്തകത്തില്‍ 22, 10-13-ല്‍ ഇസഹാക്കിനു പകരം ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാടിനെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. “ഹൊറേബു മലിയിലെത്തിയപ്പോള്‍, അബ്രാഹം മകനെ ബലികഴിക്കാന്‍‍ കത്തി കൈയ്യിലെടുത്തു. തത്ക്ഷണം കര്‍ത്താവിന്‍റെ ദൂതന്‍ ആകാശത്തുനിന്ന്, ‘അബ്രാഹം, അബ്രാഹം,’ എന്നു വിളിച്ചു. ‘ഇതാ ഞാന്‍,’ അബ്രാഹം വിളികേട്ടു. ‘കുട്ടിയുടെമേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് ഉറപ്പായി. നിന്‍റെ ഏകപുത്രനെ സമര്‍പ്പിക്കാന്‍പോലും നീ മടി കാണിച്ചില്ല.’ അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്‍റെ പിന്നില്‍ മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന മുട്ടാടിനെ കണ്ടു. മകന്‍ ഇസഹാക്കിനു പകരം അബ്രാഹം അതിനെ ദൈവത്തിന് ബലിയര്‍പ്പിച്ചു.”

3. മൂന്നാമത്തെ അര്‍ത്ഥം പെസഹാക്കുഞ്ഞാട്, എന്നാണ്.
മൂന്നു പെസഹാത്തിരുനാളുകളെപ്പറ്റി സുവിശേഷകന്‍ യോഹന്നാന്‍ പ്രതിപാദിക്കുന്നുണ്ട്. ജരൂസലേം ദേവാലയത്തിലെ പെസഹാ, ക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതം സൂചിപ്പിക്കുന്ന അപ്പത്തിന്‍റെ പെസഹാ, പിന്നെ ക്രിസ്തുവിന്‍റെ കടന്നുപോകലിന്‍റെ പെസഹാ.... സുവിശേഷകനായ യോഹന്നാന്‍ പരാമര്‍ശിക്കുന്ന ദേവാലയത്തിലെ പെസഹയെ passover of the temple എന്നു വിളിക്കുന്നു. “യഹൂദരുടെ പെസഹാത്തിരുനാളില്‍ പങ്കെടുക്കാന്‍ യേശു ജരൂസലേമിലേയ്ക്കു പോയി” യോഹന്നാന്‍ 2, 3. എന്ന് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതു ഇസ്രായേലിന്‍റെ പുറപ്പാടിന്‍റെയും വിമോചനത്തിന്‍റെയും അനുസ്മരണമാണ്.
സുവിശേഷകന്‍ പിന്നെയും വിവരിക്കുന്ന തിബേരിയസ് തീരത്തുവച്ച് പെസഹാതിരുനാളിനോട് അനുബന്ധിച്ചു ക്രിസ്തു പ്രവര്‍ത്തിച്ച അപ്പം വര്‍ദ്ധിപ്പിക്കല്‍ സംഭവത്തെ passover of the bread അപ്പത്തിന്‍റെ പെസഹാ എന്നു വിശേഷിപ്പിക്കാം (യോഹന്നാന്‍ 6, 1-15). ഒരു ബാലന്‍റെ കൈവശമുണ്ടായിരുന്ന അഞ്ചു ബാര്‍ളി അപ്പവും
രണ്ടും ചെറുമീനുകൊണ്ടാണ് ക്രിസ്തു അയ്യായിരംപേരെ പോറ്റിയ സംഭവം ദൃക്സാക്ഷിയായ യോഹന്നാന്‍ സുവിശേഷത്തില്‍ സാക്ഷൃപ്പെടുത്തുന്നത്.

യോഹന്നാന്‍ വീണ്ടും ക്രിസ്തുവിനെ ‘കടന്നുപോകലിന്‍റെ കുഞ്ഞാടാ’യും ചിത്രീകരിക്കുന്നുണ്ട് The lamb of the Passover. അന്ത്യത്താഴ വിരുന്നില്‍ തന്‍റെ ശിഷ്യരുടെ പാദങ്ങള്‍ കഴുകുകയും, മരണത്തിനു മുന്‍പ് അവര്‍ക്ക് സ്നേഹത്തിന്‍റെ ഉടമ്പടി നല്കുകയും ചെയ്ത ദൈവത്തിന്‍റെ കുഞ്ഞാടായ ക്രിസ്തുവിന്‍റെ കടുന്നുപോകല്‍ the passover of the lamb-നെ വെളിപ്പെടുത്തുന്നു. (യോഹന്നാന്‍ 13: 1, 11, 55, 12:1). ഈ കടന്നു പോകലാണ് ലോകത്തിന് രക്ഷ പ്രദാനംചെയ്യുന്നത്. അതു ദിവ്യകുഞ്ഞാടായ ക്രിസ്തുവിന്‍റെ കുരിശുയാഗം തന്നെയാണ്. ക്രിസ്തു സമഗ്രവിമോചകനാണ്.

4 വെളിപാടിന്‍റെ കുഞ്ഞാട്, നാലാമത്തെ അര്‍ത്ഥമാണ്. എശയ്യായുടെ വാക്കുകളില്‍ കുഞ്ഞാട് നിഷ്ക്കളങ്കതയുടെ പര്യായമാണ്. വെളിപാടിന്‍റെ കുഞ്ഞാട്, യേശുവിന്‍റെ നഷ്ക്കളങ്കതയെ സൂചിപ്പിക്കുന്നു. ഏശയ്യ പ്രവചിക്കുന്നു, “അന്നാളുകളില്‍ ചെന്നായും ആട്ടിന്‍കുട്ടിയും ഒരുമിച്ചു വസിക്കും.” (ഏശയ്യ 11, 6). പുതിയ നിയമത്തില്‍, ക്രിസ്തു പത്രോസിനു നല്കുന്ന പരാമാധികാരം, “പത്രോസേ, എന്‍റെ ആടുകളെ മേയിക്കുക,” എന്നാണ് (യോഹ. 21, 15). ലൂക്കാ സുവിശേഷകന്‍ കുഞ്ഞിടിന്‍റെ രൂപം മറ്റൊരു വിധത്തിലും ചിത്രീകരിക്കുന്നു, “പോകുവിന്‍, ഇതാ, ചെന്നായ്ക്കളുടെ ഇടയിലേയ്ക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു” (ലൂക്കാ 10, 3).

യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുവിന്‍റേതായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ചോദ്യം, നിങ്ങള്‍ എന്തന്വേഷിക്കുന്നു? മനുഷ്യന്‍റെ അന്വേഷണ ലക്ഷൃം എന്താണെന്ന അടിസ്ഥാന ചോദ്യം തന്നെയാണ് ക്രിസ്തു മറ്റൊരുവിധത്തില്‍ ഉന്നയിക്കുന്നത്. ലക്ഷൃബോധമില്ലെങ്കില്‍ ഏതന്വേഷണവും അര്‍ത്ഥശൂന്യമാണല്ലോ. ഞാന്‍ ആരെയാണ് ഈ ജീവിതത്തില്‍ അന്വേഷിക്കുന്നത്? ജീവിതയാത്ര അടിസ്ഥാനപരമായും സഹോദരങ്ങള്‍ക്കൊപ്പമുള്ള ഒരീശ്വരാന്വേഷണമായി മാറണം. അത് സഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും വഴികള്‍ ഈ ഭൂമിയില്‍ തുറക്കും. അതുകൊണ്ടാണ് വിശ്വസമാധാന സന്ദേശത്തില്‍ ഇക്കറു പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രഖ്യാപിച്ചത്, സമാധാനത്തിന്‍റെ അടിത്തറ സാഹോദര്യമാണ്, എന്ന്.

നാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണല്ലോ. സ്വാതന്ത്ര്യത്തിന്‍റെയും ഐക്യത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും പ്രഖ്യാപനമാണിത്. ഭാരതീയ ആത്മീയതയുടെയും ജീവിതാന്തസ്സിന്‍റെയും ഭാഗമായി തീരണം നാം റിപ്പബ്ളിക്ക് ദിനമാചരിക്കുന്ന ജനാധിപത്യ മതേതര രാഷ്ട്രം. ജാതി മത വര്‍ണ്ണ വംശ ഭേദമില്ലാതം നീതിയും സമാധാനവും സാഹോദര്യവും സമത്വവുമുള്ള രാഷ്ട്രമാണ് നാം സ്പ്നംകാണേണ്ടത്. നാം ആചരിക്കുന്ന രാഷ്ട്രദിനം ഇനിയും യഥാര്‍ത്ഥമാകണമെങ്കില്‍ ഇനിയും നമ്മുടെ ജീവിതങ്ങലില്‍ നീതിയും സാഹോദര്യവും വളരണം, നാം അനുരഞ്ജിതരാവണം. നാം എല്ലാവരും ഓരേ പിതാവിന്‍റെ മക്കളാണ്. ദൈവത്തിന്‍റെ പൊതുപൃത്വമാണ് രാഷ്ട്രത്തില്‍ സാഹോദര്യത്തിന് അടിത്തറയാകേണ്ടത്. ക്രിസ്തുവില്‍ അനുരഞ്ജിതരായവര്‍ ദൈവത്തെ പിതാവായി കാണുകയും, തല്‍ഫലമായി സാഹോദര്യത്തില്‍ ജീവിക്കുകയുംചെയ്യുന്നു. അവര്‍ അപരനെ ഒരിക്കലും പ്രതിയോഗിയോ ശത്രുവോ ആയിട്ടല്ല, ദൈവപുത്രനും പുത്രിയുമായി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ജീവിതങ്ങള്‍ അലക്ഷൃമായി ‘വലിച്ചെറിയാവുന്നതല്ല’, എന്തെന്നാല്‍ വിശ്വവേദിയായ കുടുംബത്തില്‍ ഏവരും ദൈവപിതാവിന്‍റെ മക്കളാണ്. നാം ക്രിസ്തുവില്‍ ഒന്നായിരിക്കുന്നു. സകലരും ക്രിസ്തുവില്‍ അതുല്യവും പവിത്രവുമായ അന്തസ്സ് ആസ്വദിക്കുന്നു. ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. അവിടുന്ന് നിരുപമസ്നേഹമാണ്. ആ സ്നേഹത്തില്‍ അനുദിനം ജീവിക്കാനും വളരാനും നമുക്കു സാധിക്കട്ടെ.
_____________________________
Prepared by Nellikal, Vatican Radio









All the contents on this site are copyrighted ©.