2014-02-07 16:26:37

ഇസ്രായേലിന്‍റെ ജീവിതത്തിലെ
ദൈവാവിഷ്ക്കാരം (71)


RealAudioMP3
പുറപ്പാടു ഗ്രന്ഥത്തിന്‍റെ അവസാനഭാഗത്തേയ്ക്കു കടക്കുകയാണ്. ഗ്രന്ഥത്തിന്‍റെ 40 അദ്ധ്യായങ്ങളിലൂടെ നാം കടന്നുപോന്നു. ദൈവം തന്‍റെ ജനമായി തിരഞ്ഞെടുത്ത ഇസ്രായേലിന്‍റെ വളര്‍ച്ചയും രൂപീകരണവുമാണ് അതിന്‍റെ വ്യാഖ്യാനങ്ങളിലൂടെ മനസ്സിലാക്കുവാന്‍ ശ്രമിച്ചത്. മോശയെന്ന നായകന്‍റെ രംഗപ്രവേശം ചിത്രീകരിക്കുന്നതാണ് ആദ്യഭാഗം. ഫറവോയുടെ പീഡനത്തില്‍നിന്നുമുള്ള വിമോചനത്തിന്‍റെ വിവരണം രണ്ടാം ഭാഗവും. പിന്നെ, നിയമാനുഷ്ഠാനപരവും കര്‍മ്മാനുഷ്ഠാന പരവുമായ നീണ്ട വിവരണമാണ് ഗ്രന്ഥത്തിന്‍റെ അധികഭാഗവും. ഇസ്രായേലിന്‍റെ നിയമങ്ങളും ആരാധനക്രമ കാര്യങ്ങളും പുറപ്പാടിന്‍റെ കേന്ദ്രസംഭവങ്ങളെയും നായകനായ മോശയെയും കേന്ദ്രീകരിച്ചാണ് മെനഞ്ഞെടുത്തിരിക്കുന്നത്. ഒരു ജനത്തിന്‍റെ ജീവല്‍ബന്ധിയായ സംഭവങ്ങള്‍ ദൈവാനുഭവമായി കൂട്ടിയിണക്കി, കഥകളും കവിതകളുമായി അവതരിപ്പിച്ചിരിക്കുന്നതാണ് പുറപ്പാടു ഗ്രന്ഥമെന്ന് നാം കണ്ടു കഴിഞ്ഞു. എന്നാല്‍ ചരിത്രകാലമൊക്കെയും നീണ്ടുനില്ക്കേണ്ട മാനവകുലത്തിന്‍റെ പുറപ്പാടുപോലെ വിശുദ്ധ ഗ്രന്ഥത്തിലെ രണ്ടാമത്തെ പുസ്തകം അവസാനിക്കുന്നത് ഇന്നു നമുക്കു പഠിക്കാം.

പുറപ്പാടിന്‍റെ നാല്പതാം അദ്ധ്യായത്തില്‍, അവസാന അദ്ധ്യായത്തില്‍ കര്‍ത്താവിന്‍റെ സാന്നിദ്ധ്യം ഏറ്റുപറഞ്ഞുകൊണ്ടാണ് ഗ്രന്ഥം അവസാനിക്കുന്നത്. ഇസ്രായേല്‍ ജനം പുറപ്പാട് തുടരുകയാണെങ്കിലും, അവര്‍ കര്‍ത്താവിനായി കൂടാരമൊരുക്കുന്നു. വളരെ വിപുലമായി നടന്ന കൂടാരവും കൂടാര നിര്‍മ്മിതിയും അതിലെ വിശദാംശങ്ങളും നാം കണ്ടാതാണ്. എന്നാല്‍ ഇതെല്ലാം അവസാനിക്കുന്നത് ജനത്തിന്‍റെ മദ്ധ്യേയുള്ള ദൈവികസാന്നിദ്ധ്യം ഏറ്റുപറഞ്ഞു കൊണ്ടാണ്. തീര്‍ച്ചയായും ഈജിപ്തില്‍നിന്നും ജനം പുറപ്പെട്ട നാള്‍മുതല്‍ മാനുഷികമായി വിവരിക്കുവാനോ വ്യാഖ്യാനിക്കുവാനോ സാധിക്കാത്ത വിധത്തില്‍ ദൈവം തന്‍റെ ജനത്തിന്‍റെ ജീവിതത്തില്‍ ഇടപെടുകയായിരുന്നു. ഫറവോന്‍റെ ബന്ധനത്തില്‍നിന്നുള്ള മോചനം തുടക്കം മാത്രമായിരുന്നു.
പുറപ്പാടു സംഭവത്തിലെ ശ്രദ്ധേയമായ അനുഭവമാണ് ഇസ്രായേലിന്‍റെ ചെങ്കടല്‍ കടക്കല്‍. അടിമത്വത്തില്‍നിന്നുള്ള പൂര്‍ണ്ണ വിമോചനത്തിന്‍റെ പ്രതീകാത്മകമായ സംഭവമാണത്. തീര്‍ന്നില്ല. യാത്രാമദ്ധ്യേ മരൂഭൂമിയില്‍ ജനം വിശന്നു വലഞ്ഞപ്പോള്‍ ഇല്ലായ്മയില്‍നിന്ന് മന്നയും, ദാഹിച്ചപ്പോള്‍ പാറയില്‍നിന്നും അത്ഭുകരമായി ജലവും ദൈവം അവര്‍ക്ക് നല്കി. വഴിയില്‍ ജനം സൂര്യതാപമേറ്റു വാടിത്തളരാതിരിക്കാന്‍ മേഘാ വരണമായും, രാത്രിയില്‍ വഴികാട്ടുവാന്‍ അഗ്നിസ്തംഭമായും കര്‍ത്താവ് അവര്‍ക്ക് സമീപസ്ഥനായി, സജീവസാന്നിദ്ധ്യമായി ദൈവം തന്‍റെ ജനത്തിന്‍റെ കൂടെ നടന്നു. ജീവിതത്തിന്‍റെ സാരോപദേശങ്ങളായി അവിടുന്ന് അവര്‍ക്ക് കല്പനകള്‍ നല്കി. അങ്ങനെ വളരെ വ്യക്തമായി തന്‍റെ ജനത്തെ ദൈവം രൂപപ്പെടുത്തുന്നതാണ് പുറപ്പാടിന്‍റെ ഏടുകളില്‍ നാം കണ്ടത്.

മോശയുടെ നേതൃത്വത്തില്‍ ജനം മരുഭൂമിയില്‍ അലഞ്ഞെങ്കിലും അവര്‍ ഒരു ജനമാണെന്നും, ദൈവമാണ് തങ്ങളെ വിളിച്ചതും നയിച്ചതും എന്ന ബോധ്യം അവര്‍ക്കു ലഭിച്ചു. അതിന്‍റെ ഫലമാണ് അവര്‍ ദൈവത്തിന്‍റെ കല്പനകള്‍ സ്വീകരിക്കുന്നതും, മോശയെ അനുസരിക്കുന്നതും. ദൈവകല്പനകള്‍ അവരുടെ ജീവിതനന്മയുടെ അടിത്തറയായിത്തീരുന്നു. മാര്‍ഗ്ഗമദ്ധ്യേ അവര്‍ക്ക് വഴിതെറ്റിയെങ്കിലും ഇസ്രായേല്‍ വീണ്ടും ദൈവത്തിലേയ്ക്കു തിരിഞ്ഞു. ജനത്തെ നയിക്കുവാനും ഉയര്‍ത്തുവാനും, അവരുടെ അനുദിനജീവിതത്തില്‍ ഇടപെട്ട ദൈവികസാന്നിദ്ധ്യത്തെ അംഗീകരിക്കുന്നതിന്‍റെ ഭാഗമാണ് ഇസ്രായേലില്‍ വളര്‍ന്ന പൗരോഹിത്യപാരമ്പര്യം. അവര്‍ കല്പനകളുടെ കല്‍ഫലകം സൂക്ഷിക്കുകയും അത് ദൈവിക സാന്നിദ്ധ്യത്തിന്‍റെ അടയാളമാക്കുകയും ചെയ്തു. ദൈവികനിയമങ്ങള്‍ സൂക്ഷിക്കുവാന്‍ അവര്‍ പേടകം നിര്‍മ്മിച്ചു. പിന്നെ പേടകം സംരക്ഷിക്കാന്‍ കൂടാരവും ഉണ്ടാക്കി. ദൈവിക പരിപാലനയുടെ പ്രതീകമായ മന്ന അവര്‍ ദിവ്യസാന്നിദ്ധ്യത്തിന്‍റെ അപ്പമായി സൂക്ഷിക്കുവാന്‍ തുടങ്ങി. അതിനായി സാക്ഷൃപേടകം നിര്‍മ്മിച്ചു. എന്നിട്ടത് കൂടാരത്തില്‍ സൂക്ഷിച്ചു.

ജനത്തിന്‍റെ മദ്ധ്യേയുള്ള ദൈവികസാന്നിദ്ധ്യം ഏറ്റുപറയുന്ന കൂടാരവും, കൂടാരത്തെ ആവരണംചെയ്ത ദൈവാവിഷ്ക്കാരമായ (theophany) മേഘപാളിയെയും കുറിച്ചുള്ള വിവരണത്തോടെയാണ് പുറപ്പാടുഗ്രന്ഥം സമാപിക്കുന്നത്. ആ വരികള്‍ നമുക്കു ശ്രദ്ധിക്കാം: അപ്പോള്‍ ഒരു മേഘം സമാഗമകൂടാരത്തെ ആവരണംചെയ്തു. കര്‍ത്താവിന്‍റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മോശയ്ക്കു സമാഗമകൂടാരത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല, കാരണം, മേഘം അതിനെ ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്‍റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നു. മേഘം കൂടാരത്തില്‍നിന്ന് ഉയരുമ്പോഴാണ് ഇസ്രായേല്‍ജനം യാത്രപുറപ്പെട്ടിരുന്നത്. മേഘം ഉയര്‍ന്നില്ലെങ്കില്‍, അതുയരുന്ന ദിവസംവരെ അവര്‍ പുറപ്പെട്ടിരുന്നില്ല.
കര്‍ത്താവിന്‍റെ മേഘം പകല്‍സമയത്ത് കൂടാരത്തിനു മുകളില്‍ നിലകൊണ്ടിരുന്നു. രാത്രി സമയത്ത് മേഘത്തില്‍ അഗ്നിജ്വലിച്ചിരുന്നു. ഇസ്രായേല്‍ജനം യാത്രയുടെ ഓരോ ഘട്ടത്തിലും കര്‍ത്താവിന്‍റെ അഗ്നിശലാക അവര്‍ ദര്‍ശിച്ചു.

ദൈവം ഒരു മഹാരഹസ്യം, എന്ന സത്യമാണ് ഈ കൂടാരസാന്നിദ്ധ്യം സൂചിപ്പിക്കുന്നത്. ദൈവത്തെ യഥാതഥം ദര്‍ശിക്കുവാന്‍ ആഗ്രഹിച്ച മോശയ്ക്കു പോലും അതു സാധിച്ചില്ല. ഭാഗികമായൊരു ദര്‍ശനമാണ് മോശയ്ക്കു ദൈവം നല്കിയത്. ദൈവത്തിന്‍റെ മഹത്വം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ മനുഷ്യന് അസാധ്യമാണെന്നുള്ളതിന്‍റെ സൂചനയാണിത്.

എല്ലാം പരിപൂര്‍ണ്ണമായും ശുഭമായും പര്യവസാനിക്കുന്നു എന്നുള്ളതിന്‍റെ സൂചനയാണ് മെല്ലെ ഇറങ്ങി വന്ന മേഘാവരണം. സീനായ് മലയില്‍ ദൈവം തന്‍റെ ഉടമ്പടി ഉറപ്പിച്ച അവസരത്തിലുണ്ടായ ദൈവാവിഷ്ക്കാരത്തിന്‍റെ അനുഭവും അല്ലെങ്കില്‍ ദേവപ്രത്യക്ഷാഭവംപോലെയാണ് ഇവിടെയും അത് സംഭവിച്ചത്.

പുറപ്പാട് ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഇസ്രായേലിന്‍റെ പുറപ്പാടു തുടരുകായാണ്. ദൈവം വാഗ്ദാനംചെയ്ത ഭൂമിയാണ് അവരുടെ ലക്ഷൃം. ക്രിസ്തുവിന് 1200 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ജനത്തിന്‍റെ ചരിത്രം മനസ്സിലാക്കുമ്പോള്‍ നാം ഏറ്റുപറയുന്നത് മാനവകുലത്തിന്‍റെ ഇന്നും തുടരുന്ന പുറപ്പാടാണ്. ദൈവം ഇന്നും നമുക്ക് കല്പനകള്‍ തരുന്നു, കല്‍ഫലകങ്ങളിലല്ല, നമ്മുടെ മനോഫലകങ്ങളില്‍ അവിടുന്നു അവ കൊത്തിവയ്ക്കുന്നു. അവ പാലിച്ച് സൂക്ഷിച്ച്, അതനുസാരം ജീവിക്കുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ജീവിത പുറപ്പാട് നമുക്കു തുടരാം. ദൈവത്തെ പ്രാപിക്കുവരെ അതില്‍ പങ്കുചേരാം.

ദൈവം കാണിച്ചുതരുന്ന വാഗ്ദത്ത ഭൂമയില്‍ എത്തിച്ചേരുംവരെ വിശ്വസ്തമായി ജീവിക്കുവാന്‍ നിങ്ങള്‍ക്കും എനിക്കുമുള്ള ക്ഷണമാണ് ഈ പുറപ്പാട്....
______________________________
Prepared by Nellikal, Vatican Radio








All the contents on this site are copyrighted ©.