2014-02-06 08:43:03

പുരസ്ക്കാരങ്ങൾ ഉത്തരവാദിത്വബോധം വർദ്ധിപ്പിക്കുന്നു: ഫാ.ലൊംബാർദി


05 ഫെബ്രുവരി 2014, മാഡ്രിഡ്
പുരസ്ക്കാരങ്ങളും ബഹുമതികളും ഉത്തരവാദിത്വബോധം വർദ്ധിപ്പിക്കേണ്ടതാണെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി. മനുഷ്യാന്തസിനും മനുഷ്യാവകാശങ്ങൾക്കും സുവിശേഷ മൂല്യങ്ങൾക്കും വേണ്ടി നിസ്തുല സേവനം ചെയ്യുന്നവരെ ആദരിക്കാൻ സ്പാനിഷ് മെത്രാൻ സമിതി ഏർപ്പെടുത്തിയിരിക്കുന്ന ‘ബ്രാവോ’(BRAVO) പുരസ്ക്കാരത്തിനർഹനായ ഫാ.ലൊംബാർദി പുരസ്ക്കാര സ്വീകരണ ചടങ്ങില്‍ നടത്തിയ മറുപടി പ്രസംഗത്തിലാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഫെബ്രുവരി 5ാം തിയതി ബുധനാഴ്ച ഉച്ചയ്ക്ക് മാഡ്രിഡിലായിരുന്നു പുരസ്ക്കാരദാന ചടങ്ങ്.
ലൗകിക നേട്ടങ്ങളോടും, ബഹുമതികളോടുമുള്ള ആഗ്രഹത്തിനെതിരേ ഫ്രാൻസിസ് മാർപാപ്പ നൽകുന്ന മുന്നറിയിപ്പുകളെ കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഫാ.ലൊംബാർദി, സ്വാർത്ഥ ലാഭത്തിനുവേണ്ടിയും, പരസ്പരം പുകഴ്ത്താനും, സ്വന്തം നേട്ടം ലക്ഷ്യമാക്കിയും പുരസ്ക്കാരങ്ങളും ബഹുമതികളും നൽകുന്ന പ്രവണത പലയിടങ്ങളിലും ദൃശ്യമാണെന്ന് ചൂണ്ടിക്കാട്ടി. അത്തരത്തിലുള്ള ബഹുമതികളില്‍ നിന്ന് വ്യത്യസ്തമാണ് മനുഷ്യാന്തസിനും മനുഷ്യാവകാശങ്ങൾക്കും സുവിശേഷ മൂല്യങ്ങൾക്കും വേണ്ടി ശുശ്രൂഷചെയ്യുന്നവർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ബ്രാവോ പുരസ്ക്കാരമെന്ന് ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു. സ്വന്തം ശുശ്രൂഷയുടെ മഹത്വം മനസിലാക്കി, കൂടുതല്‍ ശുഷ്കാന്തിയോടെ കർത്തവ്യനിർവ്വഹണം നടത്താനുള്ള പ്രചോദനമായിരിക്കണം പുരസ്ക്കാരങ്ങളും ബഹുമതിപത്രങ്ങളും. പ്രശസ്തിയുടെ മായാവലയത്തില്‍ മതിമറന്നിരിക്കാതെ ഒരു വ്യക്തിയെന്ന നിലയിലും കത്തോലിക്കാ സഭാംഗമെന്ന നിലയിലും താൻ സ്വീകരിച്ചിരിക്കുന്ന വിളിയെക്കുറിച്ചുള്ള ശക്തമായ അവബോധമാണ് ഈ പുരസ്ക്കാരം നൽകുന്നതെന്നും ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.