2014-02-06 08:42:35

പാപ്പായുടെ നോമ്പുകാല സന്ദേശം ദാരിദ്ര്യത്തിന്‍റെ വ്യത്യസ്ത രൂപങ്ങളെക്കുറിച്ച്


05 ഫെബ്രുവരി 2014, വത്തിക്കാൻ
മാർപാപ്പയുടെ നോമ്പുകാല സന്ദേശം ദാരിദ്ര്യത്തിന്‍റെ നാനാർത്ഥങ്ങളെക്കുറിച്ച് ഒരു ക്രൈസ്തവന് വ്യക്തമായ ഉൾക്കാഴ്ച്ച നൽകുന്നുവെന്ന്, കോർ ഊനും പൊന്തിഫിക്കൽ കൗൺസിലിന്‍റെ അധ്യക്ഷൻ കർദിനാൾ റോബർട്ട് സറാ. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് വത്തിക്കാനിലെ വാർത്താകാര്യാലയത്തില്‍ നടന്ന മാർപാപ്പയുടെ നോമ്പുകാല സന്ദേശ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ദരിദ്രരോടൊപ്പം ദരിദ്രയായിരിക്കുന്ന സഭ’ എന്ന ആശയം വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന അനിതരസാധാരണമായ ഒരു സന്ദേശമാണ് നോമ്പുകാല വിചിന്തനത്തിനായി പാപ്പ നൽകിയിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദാരിദ്ര്യത്തെ അപലപിക്കുന്നതോ ദാരിദ്ര്യത്തിനു കാരണമാകുന്ന വ്യവസ്ഥകളെ വിമർശിക്കുന്നതോ അല്ല, ദരിദ്രരുടെ അവസ്ഥ മനസിലാക്കി, അവരിൽ ക്രിസ്തു സാന്നിദ്ധ്യം തൊട്ടറിഞ്ഞുകൊണ്ട് ശുശ്രൂഷിക്കുകയാണ് ക്രൈസ്തവരുടെ കടമയെന്ന് പാപ്പ ഉത്ബോധിപ്പിക്കുന്നു. ദാരിദ്ര്യം ഭൗതികം മാത്രമാണെന്ന ചിന്തയ്ക്കു വിപരീതമായി ധാർമ്മികവും ആത്മീയവുമായ ദാരിദ്ര്യത്തെക്കുറിച്ചും പാപ്പ സന്ദേശത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഭൗതികമായ ദാരിദ്ര്യത്തിനെതിരേ എന്നപോലെ ധാർമ്മികവും ആത്മീയവുമായ ദാരിദ്ര്യത്തിനെതിരേയും പടപൊരുതാൻ ക്രൈസ്തവരെ പാപ്പ ക്ഷണിക്കുകയാണെന്ന് കർദിനാൾ സറ അഭിപ്രായപ്പെട്ടു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.