2014-02-06 08:42:46

ഇടവവൈദികരുടെ മിഷനറി ചൈതന്യത്തെക്കുറിച്ച് കർദിനാൾ ഫിലോണി


05 ഫെബ്രുവരി 2014, വത്തിക്കാൻ
ഇടവക വൈദികരും മിഷനറി ചൈതന്യത്തോടെ ശുശ്രൂഷചെയ്യേണ്ടവരാണെന്ന് ജനതകളുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ അധ്യക്ഷൻ കർദിനാൾ ഫെർണാണ്ടോ ഫിലോണി. ബ്രസീലിയൻ മെത്രാൻമാരുടെ ഒരു പഠന ശിബിരത്തില്‍ നടത്തിയ പ്രബന്ധാവതരണത്തിലാണ് കർദിനാൾ ഫിലോണി ഇപ്രകാരം പ്രസ്താവിച്ചത്.

ജനതകളുടെ സുവിശേഷവത്കരണത്തെ സംബന്ധിച്ച രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പ്രമാണ രേഖ, ആദ് ജെന്തെസ് (Ad gentes) ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രബന്ധാവതരണം. സഭാംഗങ്ങളില്‍ മിഷനറി ചൈതന്യം വളർത്തിക്കൊണ്ട് പ്രേഷിത മേഖലകളിലേക്ക് പുതിയ മിഷനറിമാരെ അയക്കാൻ പ്രോത്സാഹനമേകണമെന്ന് ബ്രസീലിയൻ മെത്രാൻമാരോട് അഭ്യർത്ഥിച്ച കർദിനാൾ ഫിലോണി, ഒരിക്കൽ ബ്രസീലിലേക്ക് മിഷനറിമാരെ അയച്ചിരുന്ന രാജ്യങ്ങളിലേക്ക് ബ്രസീലിയൻ മിഷനറിമാരെ അയക്കാനുള്ള സമയമായിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. യൂറോപ്പിൽ ദൈവവിളികൾ കുറഞ്ഞു വരുന്നതിലുള്ള ഉത്കണഠയും കർദിനാൾ മറച്ചുവച്ചില്ല. ഇടവക വൈദികരും മിഷനറി ചൈതന്യമുള്ളവരായിരിക്കണമെന്ന് ഉത്ബോധിപ്പിച്ച കർദിനാൾ, ക്രിസ്തു സന്ദേശവുമായി അന്യരാജ്യങ്ങളിലേക്കു പോകുന്നില്ലെങ്കിലും മാതൃരാജ്യത്തില്‍ പ്രേഷിത തീക്ഷണതയോടെ ശുശ്രൂഷ ചെയ്യേണ്ടവരാണ് അവരെന്ന് പ്രസ്താവിച്ചു. ബ്രസീലിലെ ആമസോണിയ മേഖലയുടെ സുവിശേഷവത്കരണത്തിന് പ്രത്യേക പ്രാധാന്യം നൽകണം. ഈ മേഖലയിലെ ജനസമൂഹങ്ങൾക്ക് കൂദാശകൾ നൽകാനും അവരെ ക്രിസ്ത്വാനുഭവത്തിലേക്കു നയിക്കാനും പ്രേഷിത തീക്ഷണതയുള്ള വൈദികരുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കർദിനാൾ പറഞ്ഞു.

1990ലാണ് ബ്രസീലിയൻ മെത്രാൻമാർ തുടർപരിശീലനത്തിന്‍റെ ഭാഗമായി വാർഷിക പഠന ശിബിരങ്ങൾ ആരംഭിച്ചത്. കർദിനാൾ ജോസഫ് റാറ്റ്സിംഗർ അടക്കമുള്ള വത്തിക്കാൻ പ്രതിനിധികളാണ് ആദ്യവർഷം മുതൽ പഠന ശിബിരത്തിനു നേതൃത്വം നൽകുന്നത്. ജനതകളുടെ സുവിശേഷവത്കരണത്തിനുവേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ അധ്യക്ഷൻ കർദിനാൾ ഫിലോണി, സന്ന്യസ്തർക്കും സമർപ്പിത ജീവിതം നയിക്കുന്നവർക്കും വേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ അധ്യക്ഷൻ കർദിനാൾ ജ്യാവോ ബ്രാസ് ദെ ആവിസ് എന്നിവരാണ് ഇക്കൊല്ലത്തെ പഠന ശിബിരത്തിനു ചുക്കാൻ പിടിക്കുന്നത്. രണ്ടാം വത്തിക്കാൻ സൂന്നഹദോസിന്‍റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് സൂന്നഹദോസ് പ്രമാണ രേഖകളാണ് ബ്രസീലിയൻ മെത്രാൻമാർ ഇക്കൊല്ലം പഠന ശിബിരത്തിന് വിഷയമാക്കിയിരിക്കുന്നത്. ഫെബ്രുവരി 3ന് (തിങ്കളാഴ്ച) ആരംഭിച്ച പഠന ശിബിരം 7ാം തിയതി വെള്ളിയാഴ്ച സമാപിക്കും.

Reported: Vatican Radio, TG







All the contents on this site are copyrighted ©.