2014-02-04 15:37:45

സാമോവൻ രാഷ്ട്രപതിയുമായി പാപ്പായുടെ കൂടിക്കാഴ്ച്ച


04 ഫെബ്രുവരി 2014, വത്തിക്കാൻ
ദക്ഷിണ ശാന്ത സമുദ്രത്തിലെ ദ്വീപ് രാജ്യമായ സമോവയുടെ രാഷ്ട്രപതി ടുയി അട്വ ടുപുവ ടമാസെസെ എഫിയുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച്ച നടത്തി. തിങ്കളാഴ്ച്ച രാവിലെ വത്തിക്കാനില്‍ നടന്ന സൗഹൃദ കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രത്തിന്‍റെ സാമൂഹ്യ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചും സമോവൻ സമൂഹത്തിന്‍റെ അഭിവൃദ്ധിക്ക് കത്തോലിക്കാ സഭ നൽകുന്ന സംഭാവനകളെക്കുറിച്ചും ചർച്ചചെയ്യപ്പെട്ടുവെന്ന് വത്തിക്കാന്‍റെ വാർത്താക്കുറിപ്പ് അറിയിച്ചു. ചില അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. പ്രാദേശിക സഹകരണം, ശാന്തസമുദ്ര രാഷ്ട്രങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചാവിധേയമായെന്നും വാർത്താക്കുറിപ്പ് വെളിപ്പെടുത്തി.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും നിയുക്ത കർദിനാളുമായ പിയത്രോ പരോളിൻ വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആർച്ചുബിഷപ്പ് ഡൊമനിക് മെംമ്പേർത്തി എന്നിവരുമായും രാഷ്ട്രപതി ടമാസെസെ എഫിയും സംഘവും കൂടിക്കാഴ്ച്ച നടത്തി.

Reported: Vatican Radio, TG







All the contents on this site are copyrighted ©.