2014-02-04 15:28:03

സമർപ്പണ തിരുന്നാളും സമർപ്പിതർക്കുവേണ്ടിയുള്ള ദിനവും


(കർത്താവിന്‍റെ സമർപ്പണ തിരുന്നാൾ ദിനത്തില്‍ (ഫെബ്രുവരി 2, ഞായറാഴ്ച) മാർപാപ്പ നൽകിയ ത്രികാല പ്രാർത്ഥനാ സന്ദേശം)


സമർപ്പണ തിരുന്നാളും സമർപ്പിതർക്കുവേണ്ടിയുള്ള ദിനവും

കർത്താവിന്‍റെ സമർപ്പണ തിരുന്നാൾ ദിനത്തോടൊപ്പം സമർപ്പിതർക്കുവേണ്ടിയുള്ള ദിനവും നാം ആചരിക്കുന്നു. വ്രതവാഗ്ദാനം വഴിയായി യേശുവിനെ കൂടുതലടുത്ത് അനുഗമിക്കാനുള്ള വിളി സ്വീകരിച്ചവരുടെ ശുശ്രൂഷ സഭയില്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ധ്യാനിക്കാൻ നമ്മെ ക്ഷണിക്കുന്ന ദിനമാണിത്. യഹൂദ നിയമപ്രകാരം യേശുവിന്‍റെ ജനനത്തിന്‍റെ നാല്‍പതാംനാൾ പ.മറിയവും വി.യൗസേപ്പും ഉണ്ണിയേശുവിനെ ദേവാലയത്തില്‍ കൊണ്ടുപോയി കാഴ്ച്ചവയ്ക്കുകയും ദൈവത്തിനു സമർപ്പിക്കുകയും ചെയ്തുവെന്ന് തിരുന്നാൾ ദിവ്യബലിയില്‍ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗത്ത് നാം ശ്രവിച്ചു. ദൈവ വിളിയെന്ന ദാനം സ്വീകരിച്ച് ക്രിസ്തുവിനെപ്പോലെ ദാരിദ്ര്യവും, ബ്രഹ്മചര്യവും, അനുസരണവും സ്വയംവരിക്കുന്ന സമർപ്പിതരുടെ ചിത്രവും ഈ സുവിശേഷഭാഗത്തു ദൃശ്യമാണ്.

എല്ലാക്രൈസ്തവരും ദൈവത്തിനായി ആത്മാർപ്പണം ചെയ്യേണ്ടവർ

എല്ലാ ക്രൈസ്തവരും ദൈവത്തിനായി ആത്മസമർപ്പണം നടത്തേണ്ടവരാണ്. കാരണം ജ്ഞാനസ്നാനത്തിലൂടെ നാമെല്ലാവരും ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നു. കുടുംബത്തിലും, ജോലിസ്ഥലത്തും, സഭാ ശുശ്രൂഷയിലും, കാരുണ്യപ്രവർത്തികളിലും ഉദാരതയോടെ സ്വജീവിതം അർപ്പിച്ചുകൊണ്ട് ക്രിസ്തുവിനോടൊപ്പം, ക്രിസ്തുവിനെപ്പോലെ പിതാവിന് സ്വയം സമർപ്പിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാമെല്ലാവരും. എന്നിരുന്നാലും പ്രത്യേകമാം വിധത്തില്‍ ഈ സമർപ്പണം സാക്ഷാത്ക്കരിക്കുന്നവരാണ് വ്രതവാഗ്ദാനത്തിലൂടെ സമ്പൂർണ്ണ സമർപ്പണം നടത്തി ദൈവത്തിനുവേണ്ടി മാത്രം ജീവിക്കുന്ന സമർപ്പിതരും സന്ന്യസ്തരും അൽമായ സമർപ്പിതരും. ദൈവത്തോടൊത്തുള്ള ഈ ജീവിതം സത്യസന്ധമായി നയിക്കുന്നവർക്ക് ദൈവരാജ്യത്തിന്‍റെ സുവിശേഷത്തിന് പ്രത്യേകമാം വിധത്തില്‍ സാക്ഷ്യം നൽകാനാകും. കാരണം ദൈവത്തിനുവേണ്ടി പരിപൂർണ്ണ സമർപ്പണം നടത്തിയ അവർ ഏതു കൂരിരുളിലും ക്രിസ്തുവിന്‍റെ പ്രകാശമെത്തിക്കാനും, തകർന്ന ഹൃദയങ്ങൾക്ക് പ്രത്യാശ പകരുവാനുമായി അന്യർക്കുവേണ്ടി പൂർണ്ണമായും സമർപ്പിക്കപ്പെട്ടിരിക്കുന്നവരാണ്.

സമർപ്പിതരുടെ ശുശ്രൂഷാ മേഖലകൾ

വൈവിധ്യമാർന്ന ജീവിത മേഖലകളിലുള്ള ദൈവിക ദാനത്തിന്‍റെ അടയാളമാണ് സമർപ്പിതർ. നീതിയും സാഹോദര്യവും പുലരുന്ന ഒരു സമൂഹ നിർമ്മിതിക്കുവേണ്ടിയുള്ള പ്രേരകശക്തിയും, എളിയവരോടും ദരിദ്രരോടുമുള്ള പങ്കുവയ്പ്പിന്‍റെ പ്രവാചക ശബ്ദവുമാണവർ. ഈ ബോധ്യവും ജീവിതവുമാണ് യഥാർത്ഥത്തിലുള്ള സമർപ്പിത ജീവിതം. ദൈവികമായ ഒരു ദാനമാണത്. സഭയ്ക്കും തന്‍റെ ജനത്തിനും വേണ്ടി ദൈവം നൽകിയ ദാനം. ഓരോ സമർപ്പിതരും നമുക്കുവേണ്ടി നൽകപ്പെട്ടിരിക്കുന്ന ദാനമാണ്. ഈലോക യാത്രയിലായിരിക്കുന്ന ദൈവജനത്തിന് നൽകപ്പെട്ടിരിക്കുന്ന ദാനം. സുവിശേഷ വത്കരണത്തിന് കരുത്തും പ്രോത്സാഹനവുമേകുകയും, ക്രൈസ്തവ വിദ്യാഭ്യാസ ആതുര സേവന രംഗങ്ങളില്‍ ശുശ്രൂഷ ചെയ്യുകയും, ധ്യാനാത്മക പ്രാർത്ഥനയിലൂടെ ഏകാന്ത ജീവിതം നയിക്കുകയും, യുവജനങ്ങൾക്കും കുടുംബങ്ങള്‍ക്കും ആത്മീയ പരിശീലനം നൽകുകയും, മാനവ കുടുംബത്തില്‍ നീതിയും സമാധാനവും പുലരാൻ വേണ്ടി പരിശ്രമിക്കുകയും ചെയ്യുന്ന സമർപ്പിതരുടെ ഈ സാന്നിദ്ധ്യം നമുക്ക് അത്യാവശമാണ്. ഈ ശുശ്രൂഷകളൊക്കെ ചെയ്യുന്ന സമർപ്പിതരോ കന്യാസ്ത്രികളോ ഇല്ലായിരുന്നുവെങ്കില്‍ സഭ എങ്ങനെയിരിക്കുമെന്ന് ഒന്നു ചിന്തിച്ചു നോക്കൂ. ആശുപത്രികളിൽ ശുശ്രൂഷചെയ്യാൻ കന്യാസ്ത്രികളില്ലായിരുന്നെങ്കില്‍, മിഷൻ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും അവരുടെ സാന്നിദ്ധ്യമില്ലായിരുന്നെങ്കില്‍, കന്യാസ്ത്രികളില്ലാത്ത സഭയെക്കുറിച്ച് ചിന്തിക്കാനാവുമോ? ഇല്ല! പുളിമാവുപോലെ ദൈവജനത്തിന്‍റെ ചാലകശക്തിയായി ശുശ്രൂഷചെയ്യുന്ന അവർ ദൈവ ജനത്തെ മുന്നോട്ടു നയിക്കുന്ന ദൈവിക ദാനമാണ്. സ്വജീവിതം ദൈവത്തിനുവേണ്ടി പരിപൂർണ്ണമായി സമർപ്പിച്ചിരിക്കുന്ന ശ്രേഷ്ഠ വ്യക്തികളാണ് ക്രിസ്തു സന്ദേശകരായ ഈ സ്ത്രീകൾ.

സമർപ്പിതർക്കുവേണ്ടി പ്രാർത്ഥിക്കാം

ദൈവിക സ്നേഹത്തിനും കാരുണ്യത്തിനും അവർ നൽകുന്ന സാക്ഷ്യം സഭയ്ക്കും സമൂഹത്തിനും ആവശ്യമുണ്ട്. ദൈവം നല്ലവനും കാരുണ്യവാനുമാണെന്നതിന്‍റെ നേർസാക്ഷ്യമാണ് സമർപ്പിതരും, സന്ന്യാസീ സന്ന്യാസിനികളും. അതിനാൽ നാം സമർപ്പിത ജീവിതം ആദരവോടും കൃതജ്ഞതയോടും കൂടി വീക്ഷിക്കുകയും വിവിധങ്ങളായ സിദ്ധികളെക്കുറിച്ചും ആത്മീയ ജീവിത ശൈലികളെക്കുറിച്ചും അറിവുനേടുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം അനേകം യുവജനങ്ങൾ ക്രിസ്തുവിന്‍റെ വിളി സ്വീകരിച്ച് നിസ്വാർത്ഥ ശുശ്രൂഷയ്ക്കുവേണ്ടി ആത്മസമർപ്പണം ചെയ്യാൻ സന്നദ്ധരാകുന്നതിനു വേണ്ടിയും നാം പ്രാർത്ഥിക്കണം. ദൈവത്തേയും മനുഷ്യരേയും ശുശ്രൂഷിക്കാൻ വേണ്ടിയുള്ളതാണ് സമർപ്പിത ജീവിതം.

ഇക്കാരണങ്ങൾ മുൻനിറുത്തി, 2015ാം ആണ്ട് സമർപ്പിതർക്കുവേണ്ടിയുള്ള വർഷമായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതാണല്ലോ. മാതാപിതാക്കളെന്ന നിലയില്‍ യേശു ആദ്യമായി സമർപ്പിക്കപ്പെട്ട, യേശുവിന്‍റെ പ്രഥമ സമർപ്പിതരായ പരിശുദ്ധ കന്യകാ മറിയത്തിന്‍റേയും വി.യൗസേപ്പിതാവിന്‍റേയും മാധ്യസ്ഥത്തില്‍ സമർപ്പിത വർഷാചരണം നമുക്കു സമർപ്പിക്കാം.

VR/TG







All the contents on this site are copyrighted ©.