2014-02-04 15:37:19

എലിസബത്തു രാജ്ഞിയുമായി പാപ്പായുടെ കൂടിക്കാഴ്ച്ച ഏപ്രിൽ 3ന്


04 ഫെബ്രുവരി 2014, വത്തിക്കാൻ
ഫ്രാൻസിസ് മാർപാപ്പ എലിസബത്ത് രാജ്ഞിയുമായി ഏപ്രില്‍ 3ന് കൂടിക്കാഴ്ച്ച നടത്തും. ബക്കിംഹാം പാലസ് പുറത്തുവിട്ട ഈ വാർത്ത വത്തിക്കാന്‍റെ വാർത്താ കാര്യാലയം സ്ഥിരീകരിച്ചു. ഇറ്റാലിയൻ പ്രസിഡന്‍റ് ജ്യോർജ്യോ നാപ്പോളിത്താനോയുടെ ക്ഷണം സ്വീകരിച്ച് ഇറ്റലി സന്ദർശിക്കുന്ന എലിസബത്ത് രാജ്ഞിയും ഭർത്താവ് ഫിലിപ്പ് രാജകുമാരനും ഏപ്രിൽ മൂന്നാം തിയതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് വത്തിക്കാനിലെത്തി മാർപാപ്പയെ സന്ദർശിക്കുക. ഫ്രാൻസിസ് മാർപാപ്പയും എലിസബത്ത് രാജ്ഞിയുമായുള്ള പ്രഥമ കൂടിക്കാഴ്ച്ചയാണിത്. ഫ്രാൻസിസ് പാപ്പായുടെ മുൻഗാമിമാരായ വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ, ജോൺപോൾ രണ്ടാമൻ പാപ്പ, ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്നിവർ എലിസബത്തു രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്.
മുൻപാപ്പ ബെനഡിക്ട് പതിനാറാമന്‍ 2010 സെപ്തംബറില്‍ ബ്രിട്ടൺ സന്ദർശിച്ചപ്പോഴാണ് എലിസബത്തു രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. 2000 ഒക്ടോബർ 17ന് ജോൺ പോൾ രണ്ടാമൻ പാപ്പ എലിസബത്ത് രാജ്ഞിയെ വത്തിക്കാനില്‍ സ്വീകരിച്ചു. ജോൺ ഇരുപത്തിമൂന്നാമൻ പാപ്പായും 1961ല്‍ വത്തിക്കാനില്‍ വച്ചാണ് രാജ്ഞിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.

Reported: Vatican Radio, TG








All the contents on this site are copyrighted ©.