2014-01-29 11:23:45

കണ്ണീരിൻ താഴ്വരയിലെ സംഗീതനിശ


28 ജനുവരി 2014, വത്തിക്കാൻ
യഹൂദകൂട്ടക്കൊല ഇനിയൊരിക്കലും ആവർത്തിച്ചു കൂടാത്ത ഭീകരചരിത്രമെന്ന് ഫ്രാൻസിസ് മാർപാപ്പ. മാനവകുലത്തെ സംബന്ധിച്ച് ലജ്ജാകരമായ സംഭവമാണ് യഹൂദകൂട്ടക്കൊലയെന്നും ബ്യൂനസ് എയിരെസിലെ തന്‍റെ സുഹൃത്തായ യഹൂദ റബ്ബി അബ്രഹാം സ്കോർക്കയ്ക്കയച്ച കത്തില്‍ മാർപാപ്പ പ്രസ്താവിച്ചു. സ്പാനിഷ് ഭാഷയില്‍ പാപ്പ എഴുതിയ കത്ത്, തിങ്കളാഴ്ച വൈകീട്ട് റോമില്‍ നടന്ന യഹൂദക്കൂട്ടക്കൊല അനുസ്മരണ സംഗീത വിരുന്നില്‍ വായിക്കപ്പെട്ടു. റോമിലെ മ്യൂസിക്കൽ പാർക്കിൽ സംഘടിപ്പിക്കപ്പെട്ട “പ്രത്യാശയുടെ സംഗീതം” (Violins of Hope) എന്ന സംഗീത പരിപാടിയില്‍ ഉപയോഗിച്ച പന്ത്രണ്ട് സംഗീതോപകരണങ്ങൾ നാസി പീഢനകാലത്ത് കൂട്ടക്കൊല ചെയ്യപ്പെട്ടവരുടേതായിരുന്നു. ഔസ്ഷ്വിറ്റ്സിലെ ഗ്യാസ് ചേബറില്‍ നിന്നാണ് ഒരു വയലിൻ കണ്ടെത്തിയത്. മറ്റൊന്ന് പീഢനകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ തടവുകാരിലൊരാൾ ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞതായിരുന്നു. ഇസ്രയേലി വയലിന്‍ നിർമ്മാതാവായ ആമ്നോൺ വെയിൻസ്റ്റെയിനാണ് കൂട്ടക്കൊലയുടെ ചരിത്രം പറയുന്ന ഈ വയലിനുകൾ കേടുപാടുകൾ തീർത്ത് ഉപയോഗക്ഷമമാക്കിയത്.
പീഡന ചരിത്രത്തിന്‍റെ പാടുകൾ പേറുന്ന പന്ത്രണ്ട് സംഗീതോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സംഗീതവിരുന്ന് ആദ്യമായാണ് റോമിലെ മ്യൂസിക്കൽ പാർക്കില്‍ അരങ്ങേറുന്നത്.

വിശ്വപ്രസിദ്ധ സംഗീതജ്ഞരായ ബീഥോവൻ, ബാർബർ, വിവാൾദി എന്നിവരുടെ സംഗീത ശിൽപങ്ങളാണ് ഈ സംഗീത വിരുന്നില്‍ തയ്യാറാക്കിയിരിക്കുന്നതെങ്കിലും, കണ്ണീർമുത്തുകളുടെ നിശബ്ദഗീതമാണ് ആസ്വാദക മനസില്‍ പെയ്തിറങ്ങുകയെന്ന് മാർപാപ്പ തന്‍റെ സന്ദേശത്തില്‍ കുറിച്ചിട്ടു.


Reported: Vatican Radio, TG







All the contents on this site are copyrighted ©.