2014-01-29 10:23:50

ആഫ്രിക്കൻ റേഡിയോ സംഗമം


28 ജനുവരി 2014, വത്തിക്കാൻ
കായിക രംഗം സമാധാനത്തിനുള്ള ഉപകരണമായിരിക്കണമെന്ന് വത്തിക്കാൻ റേഡിയോയുടെ ഡയറക്ടർ ജനറൽ ആഫ്രിക്കൻ റേഡിയോ പ്രക്ഷേപകരുടെ (Union Africaine de Radiodiffusion: UAR) സംഗമത്തിനയച്ച സന്ദേശത്തില്‍ പ്രസ്താവിച്ചു. ആഫ്രിക്കൻ റേഡിയോ പ്രക്ഷേപണ ഐക്യവേദിയുടെ ഏഴാമത് പൊതുയോഗം ജനുവരി 27, 28 തിയതികളില്‍ കാമറൂണിലെ യാവുന്തേയിലാണ് നടന്നത്. ആഫ്രിക്കൻ ഭാഷകളില്‍ പ്രക്ഷേപണം നടത്തുന്ന വത്തിക്കാൻ റേഡിയോയും ആഫ്രിക്കൻ റേഡിയോ പ്രക്ഷേപണ ഐക്യവേദിയില്‍ അംഗമാണ്. വത്തിക്കാൻ റേഡിയോയെ പ്രതിനിധീകരിച്ച് യു.എ.ആർ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന ഫാ.ജോസഫ് ബല്ലോങ്ങ് വത്തിക്കാൻ വക്താവും വത്തിക്കാൻ റേഡിയോയുടേയും വത്തിക്കാൻ വാർത്താ കാര്യാലയത്തിന്‍റേയും ഡയറക്ടർ ജനറലുമായ ഫാ.ഫെദറിക്കോ ലൊംബാർദിയുടെ സന്ദേശം യോഗത്തില്‍ വായിച്ചു.

കായിക മത്സരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നൽകുന്ന ആഫ്രിക്കൻ രാഷ്ട്രങ്ങളില്‍ കായിക രംഗം സമാധാനത്തിനുള്ള ഉപകരണമായി വിനിയോഗിക്കാൻ റേഡിയോ പ്രക്ഷേപകരെ ക്ഷണിച്ച ഫാ.ലൊംബാർദി, മത – സാംസ്ക്കാരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹനിർമ്മിതിയില്‍ മാധ്യമങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും തന്‍റെ സന്ദേശത്തില്‍ പ്രതിപാദിച്ചു. ഫ്രാൻസിസ് പാപ്പായുടെ മാധ്യമദിന സന്ദേശത്തെ ആസ്പദമാക്കി സമാധാന സംസ്ഥാപനത്തില്‍ മാധ്യമങ്ങൾക്കുള്ള നിർണ്ണായ സ്ഥാനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.