2014-01-23 16:30:53

ചെമ്മരിയാടിൻ കുഞ്ഞുങ്ങളെ പാപ്പായ്ക്ക് സമർപ്പിച്ചു


22 ജനുവരി 2014, വത്തിക്കാൻ
റോമിലെ രക്തസാക്ഷിണിയായ വിശുദ്ധ ആഗ്നസിന്‍റെ തിരുനാളില്‍ വിശുദ്ധയുടെ രക്ഷസാക്ഷിത്വ സ്ഥാനമായ ബസിലിക്കയില്‍നിന്നും വെളുത്ത ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങളെ പാപ്പായ്ക്ക് സമർപ്പിച്ചു. ഈ ചെമ്മരിയാടിൻകുട്ടികളെ വളർത്തി അവയില്‍ നിന്നും കത്രിച്ചെടുക്കുന്ന രോമംകൊണ്ടാണ് ഔദ്യോഗിക വേദികളില്‍ മെത്രാപ്പോലീത്താമാര്‍ ധരിക്കുന്ന പാലിയം ഉത്തരീയം നെയ്തുണ്ടാക്കുന്നത്.

ലോകരക്ഷയ്ക്കായി ജീവന്‍ സമര്‍പ്പിച്ച ദിവ്യകുഞ്ഞാടായ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുവാന്‍, വെളുത്ത ആട്ടിന്‍ രോമംകൊണ്ട് നെയ്തുണ്ടാക്കിയതും, അവിടുത്തെ പഞ്ചക്ഷതങ്ങളെ അനുസ്മരിപ്പിക്കുമാറ്, അഞ്ച് ചുവന്ന കുരിശുകൾ ആലേഖനം ചെയ്തിരിക്കുന്നതുമായ ഉത്തരീയമാണ് പാലിയം. മാർപാപ്പാ അണിയുന്ന പാലിയത്തില്‍ ചുവന്നനിറമുള്ള കുരിശുകളും മെത്രാപ്പോലീത്താമാർ അണിയുന്ന പാലിയത്തില്‍ കറുത്ത നിറത്തിലുള്ള കുരിശുകളാണ് ഉള്ളത്.

അപ്പസ്തോല കൂട്ടായ്മയുടെയും പാപ്പായ്ക്കൊപ്പം സഭാദൗത്യത്തിലുള്ള മെത്രാപ്പോലീത്താമാരുടെ പങ്കാളത്തത്തിന്‍റെയും പ്രതീകമായി മാർപാപ്പ സഭയിലെ പുതിയ മെത്രാപ്പോലീത്താമാർക്ക് പാലിയം ഉത്തരീയം നല്കുന്നത് വിശുദ്ധ പത്രോസിന്‍റേയും പൗലോസിന്‍റേയും തിരുന്നാൾ ദിനമായ ജൂൺ 29നാണ്.

Reported: Vatican Radio, TG







All the contents on this site are copyrighted ©.