2014-01-22 15:50:34

സുരക്ഷാ ഉദ്യോഗസ്ഥരുമായി ഫ്രാൻസിസ് പാപ്പായുടെ കൂടിക്കാഴ്ച്ച


21 ജനുവരി 2014, വത്തിക്കാൻ
വത്തിക്കാന്‍റെ സുരക്ഷാചുമതലയുള്ള ഇറ്റാലിയൻ സുരക്ഷാഉദ്യോഗസ്ഥരുമായി ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച്ച നടത്തി. ഓരോ വർഷാരംഭത്തിലും മാർപാപ്പ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുന്ന പതിവ് തുടർന്നുകൊണ്ടാണ് തിങ്കളാഴ്ച രാവിലെ ഫ്രാൻസിസ് പാപ്പ അവരുമായി കൂടിക്കാഴ്ച്ച നടത്തിയതെങ്കിലും പതിവിൽ നിന്നും വ്യത്യസ്തമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കും ഇത്തവണ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.
വത്തിക്കാൻ ചത്വരത്തിലും പരിസരത്തും ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ സേവനത്തിന് പാപ്പ കൃതജ്ഞത പ്രകടിപ്പിച്ചു. വത്തിക്കാനിലെത്തുന്ന തീർത്ഥാടകർക്കും സന്ദർശകർക്കും പ്രശാന്തമായ അന്തരീക്ഷം ആസ്വദിച്ച് സ്വച്ഛന്ദമായി വിഹരിക്കാൻ കഴിയുന്നതിനു പിന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനമുണ്ടെന്ന് പാപ്പ പറഞ്ഞു. വിശിഷ്ടമായ ഈ സ്ഥലത്തിന്‍റെ പാവനതയും സാർവ്വത്രികതയും കാത്തുപാലിക്കാൻ നിരന്തരമായ ശ്രദ്ധ ആവശ്യമാണെന്ന് എല്ലാവർക്കുമറിയാം. സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗരൂതകയും സാങ്കേതിക വൈദഗ്ദ്യവും മാന്യമായ പെരുമാറ്റവും സഹായമനസ്കതയുമാണ് കുറ്റമറ്റ ക്രമസമാധാന പാലനം സാധ്യമാക്കുന്നതെന്ന് പാപ്പ അഭിപ്രായപ്പെട്ടു.
വത്തിക്കാന്‍റെ സുരക്ഷാചുമതല, വിശ്വാസത്തില്‍ വളരാനുള്ള ഒരവസരം കൂടിയാണെന്നും പാപ്പ അവരെ ഓർമ്മിപ്പിച്ചു. ജോലിസ്ഥലമടക്കം, അനുദിന ജീവിതത്തിലെ എല്ലാ മേഖലയിലും ദൈവസ്നേഹത്തിന് ധീരസാക്ഷ്യമേകുവാനും പാപ്പ അവരെ ആഹ്വാനം ചെയ്തു.

Reported: Vatican Radio, TG







All the contents on this site are copyrighted ©.